Thursday, 24 July 2014

ഗാസയിലെ അഭയാര്‍ഥികേന്ദ്രത്തില്‍ ഇസ്രായേല്‍ ആക്രമണം; 15 മരണം.

ജെറുസലേം: ഗാസയിലെ യു.എന്‍. അഭയാര്‍ഥികേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷാവസ്ഥയ്ക്ക് അറുതിവരുത്താന്‍ ഐക്യരാഷ്ട്രസഭയും അമേരിക്കയും നടത്തുന്ന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലാതിരിക്കെയാണ് അഭയാര്‍ഥികേന്ദ്രം ആക്രമിക്കപ്പെട്ടത്. വടക്കന്‍ ഗാസയിലെ സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. ഇസ്രായേല്‍ ആക്രമണം പതിനേഴ് ദിവസം പിന്നിടുമ്പോള്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 770 ആയി. ഹമാസിന്റെ പ്രത്യാക്രമണങ്ങളില്‍ 35 ഇസ്രായേലികള്‍ മരിച്ചു.


യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഈജിപ്ത് തലസ്ഥാനമായ കയ്‌റോയില്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനത്തിലെത്താനായിട്ടില്ല. തുര്‍ക്കി, ഖത്തര്‍ വിദേശകാര്യ മന്ത്രിമാരുമായി കെറി ഫോണില്‍ വിഷയം ചര്‍ച്ചചെയ്തു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമ്മണ്ടും ചര്‍ച്ചകള്‍ക്കായി കയ്‌റോയിലേക്കു തിരിച്ചു.

ഇസ്രായേല്‍ ആക്രമണത്തില്‍ വ്യാഴാഴ്ച മാത്രം എഴുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. ഇതിലേറെയും തെക്കന്‍ ഗാസയിലാണ്. ഇതുവരെ ആക്രമണങ്ങളില്‍ ഗാസയില്‍ 475 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 2644 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 46 സ്‌കൂളുകള്‍, 56 പള്ളികള്‍, ഏഴ് ആസ്പത്രികള്‍ എന്നിവയും തകര്‍ന്നവയില്‍ ഉള്‍പ്പെടുന്നു.

ഗാസ വിഷയത്തില്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞദിവസം ചേര്‍ന്ന യു.എന്‍. മനുഷ്യാവകാശ സമിതി ഉത്തരവിട്ടിരുന്നു. ഇതു സംബന്ധിച്ച പ്രമേയത്തെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമിതിയോഗത്തില്‍ അനുകൂലിച്ച് വോട്ടുചെയ്തിരുന്നു. അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. അന്വേഷണ തീരുമാനത്തിനെതിരെ ഇസ്രായേല്‍ ശക്തമായി രംഗത്തെത്തി. ഭീകരവാദികളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സമിതിയാണ് യു.എന്നിന്റേതെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം യു.എസ്. വിമാനങ്ങള്‍ക്ക് ഇസ്രായേലില്‍ ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്ക വ്യാഴാഴ്ച നീക്കി. ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓസ്ട്രിയയില്‍വെച്ച് ഇസ്രായേല്‍ ഫുട്‌ബോള്‍ ടീമിനെ ഒരു സംഘം ആക്രമിച്ചു. ഓസ്ട്രിയയുമായി സൗഹൃദമത്സരം നടക്കവെയാണ് ആക്രമണം. സംഭവത്തെത്തുടര്‍ന്ന് അവസാനിക്കാന്‍ അഞ്ചു മിനിറ്റ് അവശേഷിക്കേ മത്സരം നിര്‍ത്തിവെച്ചു.
ഗാസയ്ക്ക് സാമ്പത്തികസഹായമായി ഒരു കോടിയിലേറെ യൂറോ(ഏകദേശം 89 കോടി രൂപ) നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് പ്രഖ്യാപിച്ചു.

No comments:

Post a Comment

Contact Form

Name

Email *

Message *