Saturday, 26 July 2014

നാടാര്‍ സംവരണം: ശുപാര്‍ശ നല്‍കാന്‍ ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷനെ നിയമിച്ചു.

തിരുവനന്തപുരം : നാടാര്‍ വിഭാഗത്തിന് സംവരണം നല്‍കുന്നത് സംബന്ധിച്ച് ശുപാര്‍ശ നല്‍കാന്‍ ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ അധ്യക്ഷനായി സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായത്. എന്നാല്‍ പിന്നാക്ക വിഭാഗത്തിന്റെ സംവരണം സംബന്ധിച്ച ശുപാര്‍ശ നല്‍കേണ്ടത് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനായിരിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള കേസിലാണ് ഈ വിധി.


വിധി നിലനില്‍ക്കെ മറ്റൊരു കമ്മീഷനെ നിയമിക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നയപരമായ കാര്യമായി കണ്ട് സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു. നാടാര്‍ വിഭാഗത്തില്‍ ഹിന്ദു, ലത്തീന്‍, എസ്.ഐ.യു. സി വിഭാഗങ്ങള്‍ക്കാണ് നിലവില്‍ സംവരണമുള്ളത്. ഈ വിഭാഗത്തില്‍ നിന്നുള്ളവര്‍ മലങ്കര കത്തോലിക്ക, റോമന്‍ കത്തോലിക്ക, മാര്‍ത്തോമ്മ, ലൂഥറന്‍ സഭകള്‍, പെന്തക്കോസ്ത് വിഭാഗങ്ങള്‍ തുടങ്ങി വിവിധ സഭകളില്‍ ചേര്‍ന്നിട്ടുണ്ട്. മതവിശ്വാസം നോക്കാതെ എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംസ്ഥാനത്ത് സംവരണം വേണമെന്നതാണ് സംവരണാനുകൂല്യമില്ലാത്തവര്‍ ആവശ്യപ്പെട്ടുവന്നത്. നിലവില്‍ സംവരണമുള്ള വിഭാഗങ്ങള്‍ക്ക് ഈ നിര്‍ദേശത്തോട് എതിര്‍പ്പാണ്. തങ്ങള്‍ക്കുള്ള സംവരണ ക്വാട്ടയിലേക്ക് ഈ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്താതെ പകരം പ്രത്യേക സംവരണം ഇവര്‍ക്ക് നല്‍കട്ടെയെന്നാണ് അവരുടെ നിലപാട്.

പ്രത്യേക സംവരണം നല്‍കുന്നതിന് സര്‍ക്കാരിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. ഏറെ നാളായി സംവരണമില്ലാത്ത നാടാര്‍ വിഭാഗങ്ങള്‍ സംവരണത്തിനായി മുറവിളി കൂട്ടുന്നു. സംവരണമില്ലാത്ത വിഭാഗങ്ങളില്‍ നിന്ന് അതുള്ള വിഭാഗത്തിലേക്ക് നാടാര്‍ വിഭാഗങ്ങള്‍ മാറിപ്പോകാറുമുണ്ട്. ഇതോടെ സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്നും ശക്തമായ സമ്മര്‍ദ്ദവും ഉണ്ടായി. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണം നല്‍കുന്നുണ്ട്. തമിഴ്‌നാട്ടിലും എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണമുണ്ട്. ഇതിന്റെ ചുവടുപിടിച്ച് എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണം വേണമെന്നാണ് അവരുടെ ആവശ്യം.

No comments:

Post a Comment

Contact Form

Name

Email *

Message *