Monday, 28 July 2014

മുന്‍മന്ത്രിമാരെയും മുന്‍എം.പിമാരെയും ഒഴിപ്പിച്ചുതുടങ്ങി.

ന്യൂഡല്‍ഹി: സര്‍ക്കാര്‍വസതികളില്‍ കഴിയുന്ന മുന്‍മന്ത്രിമാരെയും മുന്‍ എം.പിമാരെയും കേന്ദ്രസര്‍ക്കാര്‍ ഒഴിപ്പിച്ചുതുടങ്ങി. 20 മുന്‍മന്ത്രിമാര്‍ക്കും 120 മുന്‍ എം.പിമാര്‍ക്കുമാണ് വീടൊഴിയാനുള്ള നോട്ടീസ് നല്‍കിത്തുടങ്ങിയത്.
നഗരവികസനമന്ത്രി വെങ്കയ്യനായിഡുവിന്റെ അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന് ഈ മാസം 25 മുതല്‍ നടപടിയാരംഭിച്ചതായി നഗരവികസനമന്ത്രാലയം അറിയിച്ചു.


എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ജൂണ്‍ 26 വരെ ഔദ്യോഗിക വസതികളില്‍ കഴിയാന്‍ മുന്‍മന്ത്രിമാരെയും മുന്‍ എം.പിമാരെയും അനുവദിച്ചിരുന്നു. ചില മുന്‍മന്ത്രിമാരും മുന്‍എം.പിമാരും ആവശ്യപ്പെട്ടതിനാല്‍ വീടൊഴിയാന്‍ ജൂലായ് 26 വരെ സമയം നീട്ടിനല്‍കി. സമയപരിധി ഇനിയും നീട്ടില്ലെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.
നോട്ടീസ് ലഭിച്ച് ഒരാഴ്ചയ്ക്കകം താമസിക്കുന്ന ബംഗ്ലാവുകളും ഫ്ലറ്റുകളും ഒഴിഞ്ഞില്ലെങ്കില്‍ ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സ് നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ തോറ്റ മുന്‍മന്ത്രിമാര്‍ക്കും മുന്‍ എം.പിമാര്‍ക്കും സര്‍ക്കാര്‍വസതികളില്‍ താമസിക്കാന്‍ അര്‍ഹതയില്ല. രാജ്യസംഭാംഗങ്ങളായ മുന്‍മന്ത്രിമാര്‍ ഇപ്പോഴത്തെ വസതികളില്‍നിന്ന് ഉചിതമായ മറ്റിടങ്ങളിലേക്ക് മാറണം.
മുന്‍മന്ത്രി ചിരഞ്ജീവി താമസിച്ചിരുന്ന വീട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനായി ഒഴിഞ്ഞുകൊടുത്തിട്ടുണ്ട്. രാജ്യസഭാംഗങ്ങളായ എ.കെ. ആന്റണിയും രാജീവ് ശുക്ലയും മന്ത്രിമാരായിരുന്നപ്പോള്‍ അനുവദിച്ചിരുന്ന ബംഗ്ലാവുകള്‍ വിട്ട് മറ്റിടങ്ങളിലേക്ക് മാറുകയാണ്. രാജ്യസഭാ സെക്രട്ടേറിയറ്റ് അനുവദിച്ച പുതിയ വീടുകളിലേക്കാണ് അവര്‍ മാറുന്നത്.

പല മന്ത്രിമാരും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാരും ല്യൂട്ടന്‍സ് മേഖലയില്‍ താമസം കിട്ടുന്നതും കാത്ത് ഇപ്പോഴും സംസ്ഥാനഭവനുകളിലും അശോക ഹോട്ടലിലും താമസിക്കുകയാണ്.

No comments:

Post a Comment

Contact Form

Name

Email *

Message *