Thursday, 3 July 2014

സുനന്ദയുടെ മരണം: സി ബി ഐ അന്വേഷണം പരിഗണനയില്‍.

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണത്തെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തുന്നകാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. ഡല്‍ഹി പോലീസ് നടത്തുന്ന അന്വേഷണത്തില്‍ അഞ്ചുമാസമായി കാര്യമായ പുരോഗതി ഉണ്ടാവാത്ത സാഹചര്യത്തിലാണിത്. സുനന്ദയുടെ അടുത്ത ബന്ധു അശോക് കുമാര്‍ ഭട്ടും ബി ജെ പിയും കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.


ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബാസി ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ സന്ദര്‍ശിച്ച് കേസിലെ അന്വേഷണ പുരോഗതി വിവരിച്ചു. സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദമുണ്ടായെന്ന എയിംസിലെ മുതിര്‍ന്ന ഡോക്ടറുടെ വെളിപ്പെടുത്തലിന് പിന്നാലെ ആയിരുന്നു ഇത്. അന്വേഷണം വേഗത്തിലാക്കാന്‍ പോലീസ് കമ്മീഷണര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. രണ്ടാഴ്ചയ്ക്കകം അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ കേസ് സി ബി ഐയ്ക്ക് വിടും.

ബി ജെ പി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ സുബ്രഹ്മണ്യന്‍ സ്വാമി കേസില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുതാര്യവും സമഗ്രവുമായ അന്വേഷണം വേണമെന്നാണ് ശശി തരൂര്‍ എം പിയും ആവശ്യപ്പെട്ടിട്ടുള്ളത്. ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ വ്യക്തമായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ഡല്‍ഹി പോലീസ് ഇതുവരെ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിട്ടില്ല. ശശി തരൂരിനെ ചോദ്യം ചെയ്യാനും അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

No comments:

Post a Comment

Contact Form

Name

Email *

Message *