Wednesday, 23 July 2014

ജനങ്ങളുടെ വരുമാന - സമ്പാദ്യക്കണക്കെടുക്കുന്നു; പരീക്ഷണപദ്ധതിയില്‍ കേരളവും.

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ വരുമാനത്തിന്റേയും സമ്പാദ്യങ്ങളുടേയും കണക്കെടുപ്പ് നടത്താന്‍ കേന്ദ്രം തീരുമാനിച്ചു. ആദ്യമായാണ് ഇത്തരം കണക്കെടുപ്പ് നടത്തുന്നത്. ഇതിന്റെ പരീക്ഷണപദ്ധതി (പൈലറ്റ് പ്രോജക്ട്) കേരളം, യു.പി, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത ജനവരിയില്‍ ആരംഭിക്കും. മൂന്നുനാലു മാസംകൊണ്ട് പൂര്‍ത്തിയാക്കുന്ന പരീക്ഷണ പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും ദേശീയതലത്തില്‍ പദ്ധതി നടപ്പാക്കുക.


നിലവില്‍ മൊത്തം ദേശീയവരുമാനം കണക്കാക്കുമ്പോള്‍ കുടുംബവരുമാനമോ സമ്പാദ്യമോ പരിഗണിക്കാറില്ല. അതിനാല്‍, കുടുംബങ്ങളുടെയോ ചെറുകിട കുടുംബസ്ഥാപനങ്ങളുടെയോ സംഭാവന ദേശീയവരുമാനത്തില്‍ എത്രത്തോളമുണ്ടെന്നതിന്റെ വ്യക്തമായ കണക്ക് സര്‍ക്കാറിനില്ല. ഈ പശ്ചാത്തലത്തിലാണ് കണക്കെടുപ്പ്.

മുന്‍സര്‍ക്കാര്‍ രൂപവത്കരിച്ച 'വരുമാനം, സമ്പാദ്യം, നിക്ഷേപകാര്യങ്ങള്‍ക്കുള്ള ഉന്നതസമിതി'യുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നാഷണല്‍ സാമ്പിള്‍ സര്‍വെ ഓര്‍ഗനൈസേഷനാണ്(എന്‍.എസ്.എസ്.) സര്‍വെനടത്തിപ്പിന്റെ ചുമതല. ജനങ്ങളുടെ ചെലവിന്റെ കണക്കും വിവരങ്ങളും സംബന്ധിച്ച സര്‍വെ എന്‍.എസ്.എസ്.ഒ. സാധാരണ നടത്താറുണ്ട്. അതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ വലിയ പ്രയാസം ഉണ്ടാവാറില്ല. എന്നാല്‍ വരുമാനം, സമ്പാദ്യം എന്നിവയെക്കുറിച്ച് യഥാര്‍ഥവിവരങ്ങള്‍ ജനങ്ങള്‍ നല്‍കണമെന്നില്ല. അതിനാല്‍ വിവരശേഖരണം എത്രമാത്രം ഫലപ്രദമാകുമെന്നതില്‍ ആശങ്കയുണ്ട്.

ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഗ്രാമ, നഗര ബ്ലോക്കുകളില്‍ നിന്ന് മാത്രമായിരിക്കും കണക്കെടുക്കുക. 'ഫസ്റ്റ് സ്റ്റേജ് യൂണിറ്റ്' എന്ന ഈ വിഭാഗത്തില്‍ കേരളത്തില്‍ 160-ഓളം ബ്ലോക്കുകളാണുള്ളത്. ഒരു ബ്ലോക്കില്‍ 200 -ലധികം വീടുകളുണ്ടാവും. ഓരോ വീട്ടിലേയും സമ്പാദിക്കുന്ന മുതിര്‍ന്ന അംഗത്തില്‍നിന്നാണ് സര്‍വെയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചറിയുക. സര്‍വെയുടെ ആദ്യഘട്ടത്തില്‍ത്തന്നെ ഒരു കുടുംബം സമ്പന്നമാണോ അല്ലയോ എന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തും. ഇതിനായി ഗ്രാമീണമേഖലയിലേയും നഗരമേഖലയിലേയും വീടുകള്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങളുണ്ട്.

ഗ്രാമീണമേഖലയില്‍ മൂന്നു മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്ന് പാലിച്ചാല്‍ ആ കുടുംബം സമ്പന്നമാണെന്ന് വിലയിരുത്തപ്പെടും. മാനദണ്ഡങ്ങള്‍ ഇവയാണ്. 1. ട്രക്ക്, ട്രാക്റ്റര്‍, കാര്‍, മോട്ടോര്‍ സൈക്കിള്‍, കളര്‍ ടെലിവിഷന്‍ ഇവയില്‍ ഏതെങ്കിലും ഒന്നുള്ള കുടുംബം. 2. സ്വന്തമായി ചുരുങ്ങിയത് 1.1 ഹെക്ടര്‍ ഭൂമിയുള്ള കുടുംബം(അത് തരിശു ഭൂമിയായാലും മതി). 3. കുടുംബത്തിലെ ആളോഹരി പ്രതിമാസചെലവ് 1700 രൂപ. നഗരമേഖലയില്‍ കുടുംബത്തിലെ അംഗങ്ങളുടെ പ്രതിമാസ ആളോഹരി ചെലവാണ് സമ്പന്നതയ്ക്ക് അടിസ്ഥാനമാക്കുക. പ്രതിമാസ ആളോഹരിചെലവ് 3390 രൂപയ്ക്ക് മേലാണെങ്കില്‍ ആ കുടുംബത്തെ സമ്പന്നരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തും.

വരുമാനവും സമ്പാദ്യവുമായി ബന്ധപ്പെട്ട ഒരേതരത്തിലുള്ള വിവരങ്ങളാണ് എല്ലാവരില്‍നിന്നും ശേഖരിക്കുക. ബാങ്ക് നിക്ഷേപമുള്‍പ്പെടെ എല്ലാതരത്തിലുമുള്ള സമ്പാദ്യം, ആഭരണങ്ങള്‍, ഓഹരികള്‍, സര്‍ക്കാര്‍ ബോണ്ടുകളിലും മറ്റുമുള്ള നിക്ഷേപങ്ങള്‍ തുടങ്ങിയവ ഈ കൂട്ടത്തില്‍ ഉള്‍പ്പെടും. കുടുംബത്തിന്റെ മൊത്തം ചെലവിന്റെ വിവരങ്ങള്‍, കടബാധ്യതകളുടെ വിവരങ്ങള്‍ എന്നിവയും സര്‍വെ ഉദ്യോഗസ്ഥര്‍ ശേഖരിക്കും. രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ ജനങ്ങളുടെ ചെലവുമായി ബന്ധപ്പെട്ട കണക്കെടുപ്പ് എന്‍.എസ്.എസ്.ഒ നടത്താറുണ്ട്. പരീക്ഷണപദ്ധതി വിജയിക്കുകയാണെങ്കില്‍ വരുമാന സര്‍വെയും ഇതുപോലെ സ്ഥിരം ഏര്‍പ്പാടാകും.

No comments:

Post a Comment

Contact Form

Name

Email *

Message *