Saturday, 12 July 2014

നെയ്യാറ്റിൻകരയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ അനക്കോണ്ടയെ കാണിക്കാനായി കൊണ്ടുവന്ന് സമരത്തിനിരുത്തി.

തിരുവനന്തപുരം, നെയ്യാറ്റിൻകര : മൃഗശാലയില്‍ അനക്കോണ്ടയെ കാണിക്കാനായി തലസ്ഥാനത്തെത്തിച്ച നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ പന്തലില്‍ ഇരുത്തി.
അനക്കോണ്ടയ്ക്ക് പകരം സെക്രട്ടേറിയറ്റിലെ സമരപ്പന്തലും മാധ്യമപ്പടയെയും കണ്ടതോടെ കുട്ടികള്‍ കരയാന്‍ തുടങ്ങി. രംഗം വഷളാകുന്നത് കണ്ട പോലീസുകാര്‍ കുട്ടികളോട് കാര്യം തിരക്കി. അപ്പോഴാണ് ധര്‍ണയ്ക്ക് ആളെയൊപ്പിച്ച സംഘടനാ നേതാവിന്റെ പുത്തന്‍ സമരതന്ത്രം പുറത്തറിയുന്നത്. ഒടുവില്‍ കുട്ടികളെ കന്റോണ്‍മെന്റ് വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം മൃഗശാല കാണാനായി അധികൃതര്‍ക്കൊപ്പം വിട്ടു.

അനക്കോണ്ടയെ കാണിപ്പിക്കാമെന്ന് പറഞ്ഞുകൊണ്ട് വന്ന നെയ്യാറ്റിന്‍കര ഭാരത് ഇന്‍സ്റ്റിറ്റിയൂട്ടിലെ 24 വിദ്യാര്‍ത്ഥിനികളെയാണ് പ്രൈവറ്റ് പാരാമെഡിക്കല്‍ അസോസിയേഷന്റെ സമരപ്പന്തലില്‍ ഇരുത്തിയത്. രണ്ട് അധ്യാപികമാര്‍ക്കൊപ്പമാണ് കുട്ടികളെ കൊണ്ടുവന്നത്.
രാവിലെ പത്തരയോടെ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയപ്പോള്‍ ഭാരത് ഇന്‍സ്റ്റിറ്റിയൂട്ട് ഉടമ എല്‍.എസ്.പ്രസാദും സുഹൃത്ത് മാമ്പഴക്കര സോമനും ഇനി കുറച്ചു സമയം നമുക്കിവിടെ വിശ്രമിച്ചിട്ടു പോകാം എന്ന് കുട്ടികളോട് പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കൈയിലേക്ക് ഒരു ബാനര്‍ നല്‍കി. ചെറുകിട ക്ലൂനിക് ലാബുകളെ ഇല്ലായ്മ ചെയ്യുന്ന ആരോഗ്യവകുപ്പ് നടപടിക്കെതിരെ പ്രൈവറ്റ് പാരാമെഡിക്കല്‍ അസോസിയേഷന്റെ കൂട്ടധര്‍ണ എന്നെഴുതിയ ബാനറാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഈ സമയം ധര്‍ണ പകര്‍ത്താന്‍ ഫോേട്ടാഗ്രാഫര്‍മാരും എത്തി. ക്യാമറകള്‍ കണ്ടതോടെ കുട്ടികള്‍ കരയാന്‍ തുടങ്ങി. അപ്പോഴാണ് മാധ്യമപ്രവര്‍ത്തകരും പുതിയ സമരതന്ത്രം അറിഞ്ഞത്.

ഒടുവില്‍ പോലീസെത്തി കാര്യങ്ങള്‍ തിരക്കി. തങ്ങളെ മൃഗശാലയില്‍ അനക്കോണ്ടയെ കാണിപ്പിക്കാനാണ് കൊണ്ടുവന്നത്. രക്ഷാകര്‍ത്താക്കളുടെ അനുമതിയോടെയാണ് അധ്യാപകര്‍ക്കൊപ്പം വന്നത്. സമരത്തില്‍ പങ്കെടുക്കുന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ല. കുട്ടികള്‍ കരഞ്ഞുപറഞ്ഞതോടെ അധ്യാപകരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. പലതരം സമരമുറകള്‍ കണ്ട സെക്രട്ടേറിയറ്റ്‌നട ഒടുവില്‍ കുട്ടികളുടെ കണ്ണീരിനും സാക്ഷിയായി. വനിതാ പോലീസുകാരെത്തി കുട്ടികളെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തിച്ചു.

പോലീസ് പ്രസാദിനേയും സോമനേയും കന്‍േറാണ്‍മെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തങ്ങള്‍ക്ക് മൃഗശാലയില്‍ പോയാല്‍ മതിയെന്നും പരാതിയില്ലെന്നും കുട്ടികള്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് അധ്യാപകര്‍ക്കൊപ്പം കുട്ടികളെ മൃഗശാലയില്‍ പോകാനായി അനുവദിക്കുകയായിരുന്നു. പ്രൈവറ്റ് പാരാമെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹിയാണ് എല്‍.എസ്. പ്രസാദ്. 

No comments:

Post a Comment

Contact Form

Name

Email *

Message *