Saturday, 12 July 2014

രജിസ്റ്റര്‍ ചെയ്യാത്ത ചിട്ടിസ്ഥാപനങ്ങള്‍ക്കെതിരെ നടപടി -മന്ത്രി ചെന്നിത്തല.

തിരുവനന്തപുരം: രജിസ്റ്റര്‍ ചെയ്യാതെ ചിട്ടികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചിട്ടിസ്ഥാപനങ്ങളുടെ മറവില്‍ പല സ്ഥലങ്ങളിലും ബ്ലേഡ് ഇടപാട് നടത്തുന്നുവെന്ന പരാതി വ്യാപകമാണെന്നും ചിട്ടി നടത്തിയശേഷം കമ്പനി പൊട്ടിച്ച് ജനങ്ങളെ കബളിപ്പിക്കുന്നത് കര്‍ശനമായി നേരിടുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.


രണ്ടുമാസമായി നടക്കുന്ന ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഇതുവരെ 12,223 റെയ്ഡുകള്‍ നടത്തി. 1967 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 946 പേരെ അറസ്റ്റ് ചെയ്തു. നാലരക്കോടി രൂപ പോലീസ് പിടിച്ചെടുത്തു. ഇതിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത ഡി.ജി.പി., എ.ഡി.ജി.പി.മാര്‍, ഐ.ജിമാര്‍ എന്നിവരുടെ യോഗത്തില്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളുടെ സത്യസന്ധതയും പരിശോധിക്കും. വ്യക്തിവിരോധം തീര്‍ക്കാന്‍ വ്യാജപരാതികള്‍ അയയ്ക്കുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണിത്. അതേസമയം ഓപ്പറേഷന്‍ കുബേരയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും. ഇതിന്റെ ഭാഗമായി ഇപ്പോള്‍ ജില്ലാപോലീസ് സൂപ്രണ്ട് തലങ്ങളില്‍ നടന്നുവരുന്ന അദാലത്തുകള്‍ പോലീസ് ഡിവിഷന്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചില പോലീസ് ഉദ്യോഗസ്ഥരും സ്വകാര്യ പണമിടപാട് നടത്തുന്നതായ പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഈ കാര്യം പരിശോധിച്ചു നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ബാങ്കിതര സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെ ലഭിക്കുന്ന പരാതിയും പോലീസ് പരിശോധിക്കുമെന്ന് റിസര്‍വ് ബാങ്കിനെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍-കോളേജ് പരിസരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ സിഗരറ്റിന്റെയും മറ്റു പുകയില ഉത്പന്നങ്ങളുടെയും വില്‍പന പാടില്ലെന്ന നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കും. ടൂറിസത്തിന്റെ മറവില്‍ വന്‍കിട ഹോട്ടലുകളില്‍ നടക്കുന്ന 'ഡ്രഗ് പാര്‍ട്ടി'കള്‍ക്കെതിരെയും കര്‍ശനനടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *