Monday, 28 July 2014

അപകടങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ പദ്ധതി.

തിരുവനന്തപുരം: അപകടങ്ങളില്‍പ്പെട്ട് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നു. മൂന്ന് ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കാണിതു ലഭിക്കുക. വാഹനാപകട മരണങ്ങളില്‍ കോടതി വഴി ലഭിക്കുന്ന നഷ്ടപരിഹാരത്തിന് പുറമെയാണ് സര്‍ക്കാറിന്റ ഈ ധനസഹായം.


വാഹനാപകടങ്ങള്‍ക്കു പുറമെ മറ്റ് അപകടങ്ങളില്‍പ്പെട്ട് മരിക്കുന്നവരുടെ ആശ്രിതരെയും നഷ്ടപരിഹാരത്തിനായി പരിഗണിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും ആദായ നികുതി നല്‍കുന്നവരുടെ കുടുംബങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പദ്ധതിക്കായി സര്‍ക്കാര്‍ പത്ത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വാഹനാപകട മരണം മാത്രമല്ല നഷ്ടപരിഹാരത്തിനായി പരിഗണിക്കുക. മുങ്ങി മരണം, പൊള്ളലേറ്റുള്ള മരണം, പ്രകൃതിക്ഷോഭം മൂലമുള്ള മരണം തുടങ്ങി ആത്മഹത്യ ഒഴിച്ചുള്ള എല്ലാ അപകടമരണങ്ങളിലും ആശ്രിതകുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങളെ കണ്ടെത്താനായി പ്രത്യേക പരിശോധന നടത്തും. നിലവില്‍ വാഹന അപകട മരണത്തിന് എം.എ.സി.ടി. വഴി നഷ്ടപരിഹാരം ലഭിക്കുന്നുണ്ട്. ഇത് ഇന്‍ഷുറന്‍സ് കമ്പനികളാണ് നല്‍കുന്നത്. എന്നാല്‍ പുതിയ പദ്ധതിയില്‍ നഷ്ടപരിഹാരം സര്‍ക്കാറാണ് നല്‍കുന്നത്.

അപകടമരണം സംഭവിച്ച വ്യക്തിയുടെ ആശ്രിതര്‍ക്ക് പദ്ധതിയുടെ സഹായം ലഭിക്കാനായി സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്ന ചിയാക്കിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം പോലീസ് കേസ് എഫ്.ഐ.ആര്.!, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, മരണ സര്‍ട്ടിഫിക്കറ്റ്, അവകാശികളെ സംബന്ധിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് നല്‍കണം. അപേക്ഷകള്‍ വില്ലേജ്, താലൂക്ക് ഓഫീസര്‍മാരുടെ സാക്ഷ്യപ്പെടുത്തലോടെയാണ് ചിയാക്കിന്റെ ഓഫീസില്‍ നല്‍കേണ്ടത്. ചിയാക്കില്‍ ലഭിക്കുന്ന അപേക്ഷകളില്‍ ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ പരിശോധന നടത്തും. മാത്രവുമല്ല ഇവര്‍ അപകടം സംബന്ധിച്ച് അപേക്ഷകരുടെ അയല്‍വാസികളായ രണ്ട് പേരെ സാക്ഷികളാക്കും.

നിലവില്‍ ചിയാക്ക് ആര്‍.എസ്.ബി.വൈ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ കാര്‍ഡ് ഉടമകളായവര്‍ അപകടങ്ങളില്‍പ്പെട്ട് മരിച്ചാല്‍, അവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ധന, തൊഴില്‍ വകുപ്പുകളുടെ നേതൃത്വത്തിലാണ് അപകട നഷ്ടപരിഹാര പദ്ധതി നടപ്പിലാക്കുക.

No comments:

Post a Comment

Contact Form

Name

Email *

Message *