Wednesday, 11 June 2014

ചെങ്കോട്ടയിലെ കാവിക്കൊടി ലോക്‌സഭയെ സ്തംഭിപ്പിച്ചു.

ന്യൂഡല്‍ഹി : ചെങ്കോട്ടയില്‍ കാവിക്കൊടി പാറിക്കുമെന്ന പ്രസ്താവനയും മുല്ലപ്പെരിയാറിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ലോക്‌സഭയിലെ നന്ദിപ്രമേയചര്‍ച്ച പ്രക്ഷുബ്ധമാക്കി.
എ.ഐ.എ.ഡി.എം.കെ നേതാവ് തമ്പിദുരൈ സംസാരിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ പരാമര്‍ശിച്ചത് കേരളത്തില്‍നിന്നുള്ള അംഗങ്ങളെ പ്രകോപിതരാക്കി. ചെങ്കോട്ടയില്‍ കാവിക്കൊടി പാറിക്കുമെന്ന് ശിവസേനാ എം.പി. പ്രതാപ് റാവു ജാദവ് പ്രസ്താവിച്ചതിനെത്തുടര്‍ന്നുള്ള ബഹളത്തില്‍ സഭ കാല്‍മണിക്കൂര്‍ നിര്‍ത്തിവെക്കേണ്ടിയും വന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടു സംബന്ധിച്ച സുപ്രീംകോടതിവിധി ഉടന്‍ നടപ്പാക്കണമെന്നായിരുന്നു തമ്പി ദുരൈയുടെ ആവശ്യം. കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള കേരള എം.പിമാര്‍ എതിര്‍പ്പുമായി എഴുന്നേറ്റു. ജോസ് കെ.മാണി, ജോയ്‌സ് ജോര്‍ജ് എന്നിവരും ബഹളമുണ്ടാക്കി.
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്ന് തമ്പിദുരൈ ആവശ്യപ്പെട്ടത് കര്‍ണാടക എം.പിമാരെ ചൊടിപ്പിച്ചു. കാവേരി നദീജലത്തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അത് സഭയില്‍ ഉന്നയിക്കാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അനന്തകുമാര്‍ എഴുന്നേറ്റു.
നദീജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അന്തസ്സംസ്ഥാന നദീസംയോജനം അടിയന്തരമായി നടപ്പാക്കണമെന്നും തമ്പിദുരൈ ആവശ്യപ്പെട്ടു. നദികളിലെ മാലിന്യപ്രശ്‌നം തീര്‍ക്കാന്‍ സര്‍ക്കാര്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം. തിരഞ്ഞെടുപ്പിലുണ്ടായത് മോദി തരംഗമല്ല, യു.പി.എ സര്‍ക്കാറിന്റെ അഴിമതിക്കെതിരെയുള്ള തരംഗമാണെന്ന് ഭരണപക്ഷത്തെ ഓര്‍മിപ്പിക്കാനും തമ്പി ദുരൈ മറന്നില്ല.
ഒരിക്കല്‍ ചെങ്കോട്ടയില്‍ കാവിക്കൊടി പാറിക്കണമെന്നായിരുന്നു താക്കറെയുടെ സങ്കല്‍പ്പമെന്നും അത് സാധ്യമായിരിക്കുന്നുവെന്നുമായിരുന്നു ശിവസേനാ എം.പിയുടെ പ്രസ്താവന. ഉടന്‍ പ്രതിപക്ഷനിരയൊന്നാകെ എതിര്‍പ്പുമായി എഴുന്നേറ്റ് ബഹളംവെച്ചു. തുടര്‍ന്ന്, സഭ 15 മിനിറ്റു നേരത്തേക്ക് നിര്‍ത്തിവെച്ചു.
പ്രസ്താവന തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്ന് ശിവസേനാ നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് ഗീഥെ പിന്നീട് സഭയില്‍ വിശദീകരിച്ചു. ഭരണഘടനയെ ബഹുമാനിച്ചിരുന്ന നേതാവാണ് താക്കറെയെന്നും അദ്ദേഹം പറഞ്ഞു. സഭ നിയന്ത്രിച്ചിരുന്ന പ്രഹ്ലാദ് ജോഷി വിവാദപരാമര്‍ശം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ രേഖകളില്‍നിന്ന് പിന്‍വലിക്കുമെന്നും അറിയിച്ചു.
ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡിയുടെ പ്രസംഗത്തിനിടെ പലപ്പോഴും പ്രതിപക്ഷം ബഹളമുണ്ടാക്കി. ഇ.അഹമ്മദ് അടക്കമുള്ളവര്‍ റൂഡിയുടെ രാഷ്ട്രീയ പ്രസംഗത്തെ വിമര്‍ശിച്ചു. ഡല്‍ഹിയിലെ വൈദ്യുതിപ്രശ്‌നം വിവരിക്കവേ ആം ആദ്മി പാര്‍ട്ടിയെ തുമ്പില്ലാത്ത പാര്‍ട്ടിയെന്ന് റൂഡി വിശേഷിപ്പിച്ചത് എ.എ.പിയിലെ ഭഗവന്ത് മാനെ പ്രകോപിതനാക്കി. ബിഹാറിലെ പിന്നാക്കാവസ്ഥ വിവരിക്കുമ്പോള്‍ ലാലുവിനെയും റാബ്രി ദേവിയെയും റൂഡി വിമര്‍ശിച്ചതില്‍ പ്രതിഷേധവുമായി ആര്‍.ജെ.ഡി അംഗം നടുത്തളത്തിലിറങ്ങുകയും ചെയ്തു.

No comments:

Post a Comment

Contact Form

Name

Email *

Message *