Tuesday, 10 June 2014

ല്ലപ്പെരിയാര്‍ : രാഷ്ട്രപതി റഫര്‍ ചെയ്യണമെന്ന് നിയമസഭ.

തിരുവനന്തപുരം: ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് മുല്ലപ്പെരിയാര്‍ വിഷയം സുപ്രീം കോടതിക്ക് റഫര്‍ ചെയ്യണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടും. പുതിയ ഡാം നിര്‍മിക്കുന്നതിന് ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്നും നിയമസഭ ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നിയമസഭയില്‍ മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന പ്രത്യേക ചര്‍ച്ചക്കൊടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച പ്രമേയത്തെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നു.

ചട്ടം 130 അനുസരിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിക്ക് ശേഷമുള്ള ഗുരതരമായ പ്രശ്‌നം ചര്‍ച്ചചെയ്യണമെന്ന ഉപക്ഷേപം അവതരിപ്പിച്ചത്.
നിലവിലുള്ള വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്നുറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സഭ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ സമീപ പ്രദേശത്തെ വനത്തിന്റെയും വന്യജീവികളുടെയും അപൂര്വം സസ്യജാലങ്ങളുടെയും നാശത്തിന് കാരണമാകും. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും ലഭിക്കുന്നതിന് പുതിയ ഡാം നിര്‍മിക്കുകയെന്നതാണ് ആത്യന്തിക പരിഹാരം. 1979ല്‍ കേന്ദ്ര ജലക്കമ്മീഷന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പുതിയ ഡാമിനായി സ്ഥലം കണ്ടെത്തിയിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

119 കൊല്ലം പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷയിലുള്ള ആശങ്ക സഭ ഒറ്റക്കെട്ടായി പങ്കുവെച്ചു. അതേസമയം മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധി ജസ്റ്റിസ് കെ.ടി. തോമസിന്റെ നിലപാടിനെ ഭരണപ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങള്‍ വിമര്‍ശിച്ചു. അഡ്വക്കേറ്റ് ജനറലിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി ന്യായീകരിച്ചു. എ.ജി. സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും ദുരന്ത നിവാരണം എങ്ങനെയെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും അണക്കെട്ടിലെ അന്നത്തെ ജലനിരപ്പ് എത്രയെന്ന് ചോദ്യത്തിന് ഉത്തരമായി കോടതിയെ അറിയിക്കുകയുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഡ്വക്കേറ്റ് ജനറലിനെ സഭയില്‍ വിളിച്ചുവരുത്തണമെന്ന് എ.കെ. ബാലന്‍ ക്രമപ്രശ്‌നമുന്നയിച്ചെങ്കിലും മുന്‍കൂട്ടി അറിയിക്കാതെ എ.ജി യെ വിളിച്ചുവരുത്താനാവില്ലെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്​പീക്കര്‍ എന്‍ ശക്തന്റെ റൂളിങ്ങോടെ ആവശ്യം തള്ളുകയായിരുന്നു.
ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ഡല്‍ഹി ഐ.ഐ. ടി, റൂര്‍ക്കി ഐ.ഐ.ടി എന്നിവ നടത്തിയ പഠനങ്ങളൊന്നും പരിശോധിക്കാന്‍ പോലും സമിതി തയ്യാറായില്ലെന്ന് മന്ത്രി പി.ജെ. ജോസഫ് കുറ്റപ്പെടുത്തി. തമിഴ്‌നാടിന്റെ വാദം സമിതി അപ്പടി അംഗീകരിക്കുകയായിരുന്നു. ഇടുക്കി അണക്കെട്ട് 75 ടി.എം.സി വരെ വെള്ളം താങ്ങാന്‍ കെല്‍പുള്ളതാണെന്നും ഇതുവരെ 54 ടി.എം.സിക്ക് മുകളില്‍ വെള്ളമെത്തിയിട്ടില്ലെന്നും ജസ്റ്റിസ് കെ. ടി. തോമസ് റിപ്പോര്‍ട്ടില്‍ കുറിച്ചിട്ടുണ്ട്. 1981 ലും 92 ലും ഇടുക്കി ഡാം പൂര്‍ണ ജലനിരപ്പ് എത്തി തുറന്നുവിട്ട കാര്യം അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജോസഫ് വിമര്‍ശിച്ചു.

കാലപ്പഴക്കം ചെന്ന ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന വ്യവസ്ഥയോടെ ഡാം സേഫ്റ്റി നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കണമെന്നും മുല്ലപ്പെരിയാറിന്റെ സുരക്ഷാ പ്രശ്‌നം ലോകമനഃസാക്ഷിക്ക് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഉന്നതാധികാര സമിതിയംഗത്തിന് ചോറിങ്ങും കൂറങ്ങും ആയിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ജസ്റ്റിസ് കെ.ടി. തോമസിനെ പരോക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ വാദങ്ങള്‍ ശരിയായ രീതിയില്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പല വാദങ്ങളും സാമാന്യ യുക്തിക്ക് നിരക്കാത്തതായിരുന്നുവെന്നും വി.എസ്. പറഞ്ഞു. പെരിയാര്‍ അന്തസ്സംസ്ഥാന നദിയല്ലെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷിതത്വം പരിശോധിക്കാന്‍ അന്താരാഷ്ട്ര സമിതിയെ നിയോഗിക്കണമെന്നും കേസ് പൂര്‍ണ ഭരണഘടനാ ബഞ്ചിനെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

വിപുലീകൃതമായ ഭരണഘടനാ ബഞ്ചിനു മുന്നില്‍ പ്രശ്‌നം അവതരിപ്പിക്കണമെന്നും ഭരണഘടനാപരമായി രാഷ്ട്രപതിയെ പ്രശ്‌നത്തില്‍ ഇടപെടുത്തണമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment

Contact Form

Name

Email *

Message *