Tuesday, 10 June 2014

വിലത്തകര്‍ച്ചയില്‍ കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക ഫണ്ട് വേണമെന്ന് കേരളം.

ന്യൂഡല്‍ഹി: കാര്‍ഷികവിളകള്‍ക്ക് വിലത്തകര്‍ച്ച നേരിടുമ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രം പ്രത്യേക വിലസ്ഥിരതാഫണ്ട് വകയിരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. കേന്ദ്രബജറ്റിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിളിച്ച സംസ്ഥാനധനമന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റബറിന്റെ ഇറക്കുമതി നിര്‍ത്തണമെന്നും ഇറക്കുമതിചുങ്കം പരമാവധി വര്‍ധിപ്പിക്കണമെന്നും ധനമന്ത്രി കെ.എം. മാണി ആവശ്യപ്പെട്ടു.

വെളിച്ചെണ്ണ, കൊപ്ര എന്നിവയുടെ ഇറക്കുമതിയും നിയന്ത്രിക്കണം. വിലസ്ഥിരതാഫണ്ടില്‍ ചുരുങ്ങിയത് 1000 കോടിയെങ്കിലും വേണമെന്നും കെ.എം. മാണി ആവശ്യപ്പെട്ടു. ചരക്ക് സേവനനികുതിനിയമം ഉടന്‍ നടപ്പാക്കണം. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ചരക്കുസേവനനികുതി വരുന്നതോടെ വരുമാനം വര്‍ധിക്കും. കൃഷി, വ്യവസായം, അടിസ്ഥാനസൗകര്യവികസനം, ഊര്‍ജം തുടങ്ങിയ മേഖലകള്‍ക്കായി ഉത്തേജന പാക്കേജ് നടപ്പാക്കണം. റബര്‍ മാറ്റി നടുന്നതിനുള്ള ധനസഹായം ഹെക്ടറിന് 25,000-ല്‍ നിന്ന് 40,000 ആക്കണം.
റബറിന്റെ ആവശ്യത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ ഇറക്കുമതി. ഒരു വര്‍ഷത്തേക്കെങ്കിലും ഇറക്കുമതി നിര്‍ത്തിവെക്കണം. തീരുവ 25 ശതമാനമാക്കണം.

ഭവനനിര്‍മാണ വായ്പാപലിശനിരക്ക് കുറയ്ക്കണം. പല ഇനങ്ങളുടെയും സേവന നികുതി കുറയ്‌ക്കേണ്ടതുണ്ട്. വിവരസാങ്കേതിക വിദ്യയില്‍ കേന്ദ്രനിക്ഷേപം വര്‍ധിപ്പിക്കണം. കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് വേണം തുടങ്ങിയ ആവശ്യങ്ങളും കെ.എം. മാണി ഉന്നയിച്ചു. കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമനുമായും ധനമന്ത്രി കെ.എം. മാണി, എം.പി.മാരായ ജോസ് കെ.മാണി, ജോയ് എബ്രഹാം എന്നിവര്‍ കൂടിക്കാഴ്ച നടത്തി. റബറിന്റെ വിലത്തകര്‍ച്ച പരിഹരിക്കാന്‍ അടിയന്തരനടപടികള്‍ വേണമെന്ന് വാണിജ്യ മന്ത്രിയോടും ആവശ്യപ്പെട്ടു. അനുഭാവപൂര്‍ണമായ സമീപനമാണുണ്ടായത്. കസ്തൂരിരംഗന്‍ വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതിമന്ത്രിയെ ചൊവ്വാഴ്ച കാണുമെന്നും കെ.എം. മാണി അറിയിച്ചു.

No comments:

Post a Comment

Contact Form

Name

Email *

Message *