Tuesday, 10 June 2014

ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ഇനി ഇരട്ട മേല്‍വിലാസ രേഖകള്‍ വേണ്ട.....

മുംബൈ: ജന്മസ്ഥലത്തല്ലാതെ മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നവരെ സഹായിക്കാനായി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ലഘുവാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഉത്തരവിട്ടു.

പുതുതായി ബാങ്ക് അക്കൗണ്ട് തുറക്കുമ്പോള്‍ മേല്‍വിലാസത്തിന് തെളിവായി ഒന്നുകില്‍ സ്ഥിരം മേല്‍വിലാസത്തിന്റെയോ അല്ലെങ്കില്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ മേല്‍വിലാസത്തിന്റെയോ താമസരേഖയ്ക്ക് ആധാരമായ തെളിവു നല്‍കിയാല്‍ മതി. നേരത്തേ, സ്ഥിരം മേല്‍വിലാസത്തിന്റെയും ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ മേല്‍വിലാസത്തിന്റെയും നിജസ്ഥിതി സംബന്ധിച്ച രേഖകള്‍ ബാങ്കുകള്‍ നിര്‍ബന്ധമാക്കിയിരുന്നു.

തിങ്കളാഴ്ച റിസര്‍വ് ബാങ്ക് ഇറക്കിയ നിര്‍ദേശ പ്രകാരം സ്ഥിരം മേല്‍വിലാസം തെളിയിക്കുന്നതോ, താത്കാലിക മേല്‍വിലാസം തെളിയിക്കുന്നതോ ആയ ഏതെങ്കിലും ഒരു രേഖ ഹാജരാക്കിയാല്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇടയ്ക്കിടെ സ്ഥലം മാറ്റം സംഭവിക്കുന്ന ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഇനി പുതിയ സ്ഥലത്ത് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ തങ്ങളുടെ സ്ഥിരം മേല്‍വിലാസത്തിന്റെ തെളിവിന് ആധാരമായ രേഖകള്‍ ബാങ്കില്‍ ഹാജരാക്കിയാല്‍ മതി. നേരത്തേ സ്ഥിരം മേല്‍വിലാസവും താത്കാലിക മേല്‍വിലാസവും തെളിയിക്കുന്ന രേഖകള്‍ ബാങ്കില്‍ നല്‍കിയാലേ അക്കൗണ്ട് തുടങ്ങാന്‍ അനുവദിച്ചിരുന്നുള്ളൂ.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായും കള്ളപ്പണം വെളുപ്പിക്കുന്നതിനായും വ്യാജ അക്കൗണ്ടുകള്‍ തുറക്കുന്നത് തടയാനായി ഇടപാടുകാരെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നിലേറെ തലങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന സുരക്ഷാ നിര്‍ദേശം ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ഒട്ടേറെ പ്രതിബന്ധം സൃഷ്ടിച്ചിരുന്നു. തൊഴിലിനായി ഏറ്റവും താഴ്ന്ന തട്ടിലുള്ളവര്‍വരെ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് താമസം മാറ്റുന്നതിനാലാണ് ഇപ്പോള്‍ വ്യവസ്ഥകളില്‍ ഇളവു വരുത്തിയത്. താത്കാലികമായി താമസിക്കുന്ന പ്രാദേശിക മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കത്തയച്ചാല്‍ ഇടപാടുകാരന്‍ സ്വീകരിച്ച രേഖ ലഭിക്കണമെന്ന വ്യവസ്ഥയേ പുതിയ നിര്‍ദേശത്തില്‍ കൂടുതലായുള്ളൂ.

No comments:

Post a Comment

Contact Form

Name

Email *

Message *