Tuesday, 10 June 2014

ആദായനികുതി കേസ്: ജയലളിത 30-ന് ഹാജരാവണമെന്ന് കോടതി.

ചെന്നൈ: ആദായനികുതി കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും ഉറ്റതോഴി ശശികലയും ജൂണ്‍ 30-ന് നേരിട്ട് ഹാജരാവണമെന്ന് ചെന്നൈ എഗ്മൂറിലെ ചീഫ് മെട്രൊപ്പൊളീറ്റന്‍ കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച ഹാജരാവണമെന്ന് നേരത്തേ കോടതി പറഞ്ഞിരുന്നെങ്കിലും രണ്ടുപേരും ഹാജരായില്ല. ഔദ്യോഗിക കൃത്യ നിര്‍വഹണവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികള്‍ ഉള്ളതിനാലാണ് ഹാജരാവാന്‍ കഴിയാത്തതെന്ന് ജയലളിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജൂണ്‍ 26-നുശേഷം തന്റെ കക്ഷി നേരിട്ട് ഹാജരാവാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

ആരോഗ്യപരമായ കാരണങ്ങളാലാണ് നേരിട്ട് ഹാജരാവാന്‍ കഴിയാത്തതെന്ന് ശശികലയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജൂണ്‍ ആറിന് ശശികല ദന്തശസ്ത്രക്രിയയ്ക്ക് വിധേയയായതിന്റെ സാക്ഷ്യപത്രവും അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. കേസ് നീട്ടിവെക്കുന്നത് ആദായ നികുതി വകുപ്പിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു.

1991-92, 92-93 വര്‍ഷങ്ങളില്‍ ആദായനികുതി സംബന്ധിച്ചുള്ള രേഖകള്‍ സമര്‍പ്പിച്ചില്ലെന്ന കുറ്റത്തിന് 1996-ലും 97-ലുമാണ് ജയലളിതയ്ക്കും ശശികലയ്ക്കുമെതിരെ ആദായനികുതി വകുപ്പ് കേസെടുത്തത്. 1961-ലെ ആദായനികുതി വകുപ്പ് നിയമപ്രകാരം ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണിതെന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്. ഈ കേസില്‍ നാലുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഇക്കഴിഞ്ഞ ജനവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

No comments:

Post a Comment

Contact Form

Name

Email *

Message *