Wednesday, 11 June 2014

അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വൃത്തിഹീനവായ ക്യാമ്പുകള്‍ക്കെതിരെ നടപടി.

കഴക്കുട്ടം : ആരോഗ്യകരമായ ചുറ്റുപാടുകളിലല്ല അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതെന്ന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കഴക്കുട്ടത്ത് രണ്ട് സ്ഥലങ്ങളില്‍ ആരോഗ്യ , തൊഴില്‍, തദ്ദേശസ്വയംഭരണ, പോലീസ് വിഭാഗങ്ങളുടെ സംയുക്ത പരിശോധന ചൊവ്വാഴ്ച നടന്നു. ജില്ലയില്‍ 69 സംഘങ്ങള്‍ വിവിധസ്ഥലങ്ങളിലായി പരിശോധന നടത്തുന്നുണ്ട്. കഴക്കുട്ടത്ത് രണ്ട് ലേബര്‍ ക്യാമ്പുംകള്‍ സംഘം സന്ദര്‍ശിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി നടപ്പിലാക്കി വരുന്ന''സേഫ് തിരുവനന്തപുരം '' പദ്ധതിയുടെ ഭാഗമായാണ് പരിശോധന. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴക്കുട്ടം ടെക്‌നോപാര്‍ക്ക് സബ്‌സ്റ്റേഷന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഷീറ്റുകള്‍ കൊണ്ട് മറച്ച ഷെഡ്ഡുകളില്‍ 28 സ്ത്രീകളടക്കം 250 തൊഴിലാളികള്‍ താമസമുണ്ട്. ഇവര്‍ക്കായി 18 കക്കൂസുകള്‍ ഉള്ളതില്‍ 7എണ്ണം മാത്രമേ ഇപ്പോള്‍ ഉപയോഗയോഗ്യമായുള്ളു. ബാക്കിയുള്ളവ നിറഞ്ഞ് ദുര്‍ഗ്ഗന്ധം പരക്കുകയാണ്. പാചകം നടക്കുന്ന സ്ഥലത്ത് ചെളിവെള്ളം. ആഹാര അവശിഷ്ടങ്ങള്‍ വീപ്പകളില്‍ നിറച്ച് വച്ചിരിക്കുകയായിരുന്നു. ഷെഡ്ഡിന് സീപത്തെ ചെറിയ കുളങ്ങളില്‍ മാലിന്യം നിറഞ്ഞ് കൊതുകിന്റെയും ഈച്ചകളുടെയും താവളമായിട്ടുണ്ട്. മേല്‍ക്കൂര ചോര്‍ന്നൊലിക്കുകയാണ്. കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഒഴുക്കുന്നത് സമീപത്തുകൂടി ഒഴുകുന്ന തെറ്റിയാറിലാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തൊഴിലാളികള്‍ക്കും സമീപ വാസികള്‍ക്കും ഉണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
മറ്റോരു ലേബര്‍ ക്യാമ്പില്‍ ഷീറ്റുകള്‍ ഉറപ്പിക്കാത്ത മേല്‍ക്കൂരയ്ക്ക് കീഴില്‍ 150പേരെന്നാണ് കമ്പനി കണക്ക് .ഷെഡ്ഡിന് മുന്നില്‍ മാലിന്യക്കുഴികളില്‍ പുഴുവരിക്കുന്നുണ്ട്. വിരലിലെണ്ണാവുന്ന കക്കൂസുകള്‍ നിറഞ്ഞ് ദുര്‍ഗ്ഗന്ധമാണ്. ഇതിനൊന്നിനും വാതിലുകളുമില്ല. മേല്‍ക്കൂര ചോര്‍ന്ന് അകത്ത് വെള്ളക്കെട്ടാണ്. ദുര്‍ഗ്ഗന്ധം കാരണം ഭക്ഷണം പോലും കഴിക്കാന്‍ കഴിയുന്നില്ലെന്ന് സമീപവാസികള്‍ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. മണല്‍പ്രദേശം ആയതിനാല്‍ കിണറുകളില്‍ മാലിന്യമെത്തി കുടിവെള്ളം പോലും എടുക്കാന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍പ് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തത് വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ചൂണ്ടിക്കാട്ടി. സമീപകിണറുകളിലെ വെള്ളം പരിശോധിച്ച് നടപടിയെടുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എം. സിറാബുദ്ദീന്‍ ഉടന്‍ നിര്‍ദ്ദേശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ തൊഴിലാളികളെ ക്യാമ്പുകളില്‍ നിന്ന് മാറ്റി പാര്‍പ്പിക്കുവാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ ശേഷം പുനരധിവസിപ്പിക്കുവാനും ഇല്ലാത്തപക്ഷം പൂട്ടിക്കുമെന്നും കാണിച്ച് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി . സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയുള്ള ഫ്ലറ്റ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ സിന്ധു നിര്‍മ്മാണ കമ്പനിക്ക് നോട്ടീസ് നല്‍കി.
കഴക്കുട്ടം എസ്.ഐ യുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഉണ്ടായിരുന്നു. ആരോഗ്യ വകുപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി. ഉണ്ണിക്കൃഷ്ണന്‍, ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.കെ രാജു, ജില്ലാ ലേബര്‍ ഓഫീസര്‍ സിന്ധു, ഹെല്‍ത്ത് സുപ്പര്‍വൈസര്‍ രാമന്‍കുട്ടി എന്നിവരടങ്ങുന്നസംഘമാണ് പരിശോധന നടത്തിയത്.
ചിത്രം ; അന്യദേശ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപം പുഴുവരിക്കുന്ന മാലിന്യക്കുഴി.

No comments:

Post a Comment

Contact Form

Name

Email *

Message *