Wednesday, 11 June 2014

കാട്ടാല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ മോഷണം; 50 പവന്‍ കവര്‍ന്നു.

കാട്ടാക്കട: കാട്ടാക്കട ജങ്ഷനിലെ കാട്ടാല്‍ ഭദ്രകാളി ദേവീക്ഷേത്രത്തിന്റെ ശ്രീകോവില്‍ കുത്തിതുറന്ന് 50 ലേറെ പവന്‍ കവര്‍ന്നു. ചൊവ്വാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയവരാണ് വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് മോഷണ വിവരം പുറത്തറിയിച്ചത്.

മുടിപ്പുരയുടെ കിഴക്കേ നടയിലെ വാതില്‍ പൊളിച്ച് അകത്തു കടന്ന ശേഷം ശ്രീകോവിലിന്റെ പൂട്ടും തകര്‍ത്താണ് മോഷണം നടത്തിയത്. ദേവിയുടെ മുടിയില്‍ പതിച്ചിരുന്ന സ്വര്‍ണ കുമിളകളും, ചന്ദ്രക്കലകളുമാണ് ഇളക്കിയെടുത്തിട്ടുള്ളത്. ഇവ 50 ലേറെ പവന്‍ തൂക്കം വരുന്നതാണെന്ന് ക്ഷേത്ര ട്രസ്റ്റ് പറയുന്നു. ചില കുമിളകള്‍ക്ക് പത്തു പവനോളം തൂക്കമുണ്ട്.

ഇങ്ങനെയുള്ള 44 എണ്ണമാണ് ഇളക്കിയെടുത്തിട്ടുള്ളത്. എന്നാല്‍ മുടി പ്രതിഷ്ഠിച്ചിരുന്ന പീഠത്തിനു സമീപത്ത് ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിച്ചിരുന്ന ടിന്നുകളില്‍ ഉണ്ടായിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല.

മതില്‍ക്കെട്ടും ഗേറ്റും ഉള്ളതാണ് ക്ഷേത്രം. അതിനുള്ളില്‍ തടി അഴികൊണ്ടു തീര്‍ത്തതാണ് മുടിപ്പുര. വാതിലുകളും തടിയില്‍ ഉള്ളതാണ്. ഇതിലൊരു വാതില്‍ കമ്പിപ്പാര പോലുള്ള ആയുധം കൊണ്ട് വിജാഗിരി ഇളക്കാന്‍ ശ്രമിക്കവെ വാതില്‍പ്പാളി പൊളിഞ്ഞു നീങ്ങിയ സ്ഥിതിയിലാണ്. ശ്രീകോവിലിന്റെ ബലമുള്ള വാതിലിന്റെ പൂട്ട് കുത്തി തുറക്കുകയും ചെയ്തിട്ടുണ്ട്.

അന്‍പതു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ക്ഷേത്രത്തില്‍ മോഷണം നടക്കുന്നതെന്ന് പറയുന്നു. ഒരിക്കല്‍ മോഷണശ്രമവും നടന്നു.
റൂറല്‍ എസ്.പി. രാജ്പാല്‍മീണ, ഡിവൈ.എസ്.പി. വൈ.ആര്‍.റസ്റ്റം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസും ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.

No comments:

Post a Comment

Contact Form

Name

Email *

Message *