Wednesday, 11 June 2014

108 ആംബുലന്‍സ് അഴിമതി: പ്രമുഖര്‍ക്കെതിരെ കേസെടുത്തു.

ജയ്പുര്‍ : 108 ആംബുലന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ രാജസ്ഥാന്‍ പോലീസ് കേസെടുത്തു.

രാജസ്ഥാന്‍ മുന്‍ ആരോഗ്യമന്ത്രി എ എ ഖാന്‍ , മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഉപദേഷ്ടാവ് ഷാഫി മേത്തര്‍ എന്നിവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ചുമതലമുള്ള സാവന്ത് സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ആംബുലന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഭരണകാലത്ത് 2 . 56 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. മുന്‍ ജയ്പുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ പങ്കജ് ജോഷി കഴിഞ്ഞവര്‍ഷം ജൂലായില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.

ആംബുലന്‍സ് സര്‍വീസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സികിറ്റ്‌സാ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തിന് വന്‍തുക അധികം നല്‍കിയെന്നായിരുന്നു പരാതി. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതി പ്രകാരം ആംബുലന്‍സ് സര്‍വീസ് നടത്താന്‍ ഈ കമ്പനിയ്ക്ക് അനുമതി നല്‍കിയ നടപടി സുതാര്യമല്ലെന്നും രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ അനുമതി നേടിയതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

അശോക് ഗെലോട്ട് അടക്കമുള്ള ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ അന്വേഷണ ചുമതല സി ബി സി ഐ ഡി വിഭാഗത്തിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിലാണ് പ്രമുഖര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

No comments:

Post a Comment

Contact Form

Name

Email *

Message *