360 ഡിഗ്രി ദൃശ്യങ്ങളെയാണ് പനോരമിക് ദൃശ്യങ്ങളെന്ന് വിളിക്കുന്നത്. പല ആംഗിളിലുള്ള ചിത്രങ്ങള്‍ സോഫ്റ്റ്‌വേറുപയോഗിച്ച് തുന്നിച്ചേര്‍ത്താണ് സാധാരണഗതിയില്‍ പനോരമിക് ഇമേജുകള്‍ സൃഷ്ടിക്കുന്നത്. ഭൂമിയും ആകാശവുമെല്ലാം ഒരൊറ്റ ഫ്രെയിമിലാക്കാവുന്ന 360 ഡിഗ്രി പനോരമിക് ക്യാമറകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ലക്ഷങ്ങള്‍ വിലവരുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് അത് അപ്രാപ്യമായിരുന്നു.
ഇപ്പോഴിതാ താങ്ങാവുന്ന വിലയ്‌ക്കൊരു പനോരമിക് ക്യാമറ രൂപപ്പെടുത്തുന്നതില്‍ ഫ്രഞ്ച് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജിറോപ്റ്റിക് ( Giroptic ) വിജയിച്ചിരിക്കുന്നു. 360 ക്യാം എന്ന പേരില്‍ ജിറോപ്റ്റിക് പുറത്തിറക്കിയിരിക്കുന്ന പനോരമിക് ക്യാമറയ്ക്ക് 499 ഡോളറാണ് (29,157 രൂപ) വില.
തുണിക്കടകളിലും എ.ടി.എം.കേന്ദ്രത്തിലുമൊക്കെ കാണുന്ന നിരീക്ഷണ ക്യാമറയുടെ രുപമാണ് 360 ക്യാമിനും. പക്ഷേ ഇത് ഒപ്പിയെടുക്കുക പനോരമിക് ദൃശ്യങ്ങളായിരിക്കുമെന്ന് മാത്രം. ഹൈഡെഫനിഷന്‍ വീഡിയോയും ഫോട്ടോകളുമെല്ലാം എടുക്കാന്‍ കഴിയുന്ന 360 ക്യാമിനുള്ളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഒന്നിലധികം ക്യാമറകളുണ്ട്. വാട്ടര്‍പ്രൂഫായതിനാല്‍ വെള്ളത്തിനടിയിലും ചിത്രങ്ങളെടുക്കാനാകും
ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ആപ്ലിക്കേഷനുകളോടെയാണ് 360 ക്യാമിന്റെ വരവ്. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ ആ മൊബൈല്‍ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ലൈവായി നമ്മുടെ സ്മാര്‍ട്‌ഫോണില്‍ കാണാനാകും. വൈഫൈ വഴിയും ക്യാമറയെ സ്മാര്‍ട്‌ഫോണുമായി ബന്ധിപ്പിക്കാം.
ദൃശ്യങ്ങള്‍ക്കൊപ്പം മികച്ച രീതിയില്‍ ശബ്ദവും റെക്കോഡ് ചെയ്യാനായി മൂന്ന് വ്യത്യസ്ത മൈക്രോഫോണുകളും ഇതിനുള്ളിലുണ്ട്. മൈക്രോ യു.എസ്.ബി. ചാര്‍ജിങ് പോര്‍ട്ട്, എസ്.ഡി. കാര്‍ഡ് സ്‌ലോട്ട് എന്നിവയും ക്യാമറയിലുണ്ട്.
തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വീഡിയോ റെക്കോഡ് ചെയ്യാവുന്ന റീചാര്‍ജബിള്‍ ലിത്തിയം അയണ്‍ ബാറ്ററിയാണ് ക്യാമറയ്ക്ക് ഊര്‍ജ്ജം പകരുന്നത്. ഏത് മോഡിലാണ് ക്യാമറ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന എല്‍.ഇ.ഡി. സ്‌ക്രീനും 360 ക്യാമിന് പുറത്തുണ്ട്.
എട്ട് മെഗാപിക്‌സല്‍ വലിപ്പമുള്ള ഇമേജുകളും 2048 X 1024 റിസൊല്യൂഷനുള്ള വീഡിയോയുമാണ് ഈ ക്യാമറ പകര്‍ത്തുക.
സാധാരണ ബള്‍ബുകളിടുന്ന സോക്കറ്റില്‍ പിടിപ്പിച്ചും 360 ക്യാം പ്രവര്‍ത്തിപ്പിക്കാനാവും. അതുകൊണ്ടുതന്നെ നിരീക്ഷണ ക്യാമറയുടെ പ്രയോജനവും ഇതുകൊണ്ട് ലഭിക്കും. വലിയൊരു പ്രദേശത്തിന്റെ 360 ഡിഗ്രി ദൃശ്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഒന്നിലേറെ സര്‍വെയ്‌ലന്‍സ് ക്യാമറയുടെ പണി 360 ക്യാം ഒറ്റയ്ക്ക് ചെയ്യുമെന്നര്‍ഥം.
ആഗസ്ത് മാസത്തോടെ 360 ക്യാമിന്റെ നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് ജിറോപ്റ്റിക് കരുതുന്നത്. അങ്ങനെയെങ്കില്‍ നവംബര്‍ മുതല്‍ ഈ ഗാഡ്ജറ്റ് വിപണിയിലെത്തും.
No comments:
Post a Comment