Wednesday, 11 June 2014

മന്ത്രിമാര്‍ ജൂലായ് അവസാനത്തോടെ സ്വത്തുവിവരം പ്രധാനമന്ത്രിയെ അറിയിക്കണം.

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിലെ എല്ലാ മന്ത്രിമാരും തങ്ങളുടെ ആസ്തികളുടെയും ബാധ്യതകളുടെയും കച്ചവട സംരംഭങ്ങളുടെയും വിവരങ്ങള്‍ രണ്ടു മാസത്തിനകം പ്രധാനമന്ത്രിക്ക് നല്‍കണം.

മന്ത്രിമാരായി ചുമതലയേല്‍ക്കും മുമ്പ് നടത്തിയിരുന്നതും ഉടമസ്ഥതയുണ്ടായിരുന്നതുമായ എല്ലാ കച്ചവടസംരംഭങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റശേഷം ആഭ്യന്തരമന്ത്രാലയം മന്ത്രിമാര്‍ക്ക് നല്‍കിയ പെരുമാറ്റച്ചട്ടത്തിലാണ് ഇക്കാര്യങ്ങളുള്ളത്. പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നത് പ്രധാനമന്ത്രിയാണ്.

സിവില്‍സര്‍വീസിന്റെ രാഷ്ട്രീയനിഷ്പക്ഷത നിലനിര്‍ത്തണമെന്നും സ്വന്തം ചുമതലകള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും വിഘാതമാകുംവിധം പ്രവര്‍ത്തിക്കാന്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടരുതെന്നും നിര്‍ദേശമുണ്ട്.

സര്‍ക്കാറിന് ചരക്കുകളും സേവനങ്ങളും വിതരണംചെയ്യുന്ന സംരംഭങ്ങള്‍ കുടുംബാംഗങ്ങള്‍ തുടങ്ങുന്നില്ലെന്നും അത്തരം സംരംഭങ്ങളില്‍ പങ്കാളികളാകുന്നില്ലെന്നും ഉറപ്പുവരുത്തണം. ഇവയില്‍ മന്ത്രിമാര്‍ പങ്കാളികളാകാന്‍ പാടില്ല. കുടുംബാംഗങ്ങളാരെങ്കിലും ഇത്തരം സംരംഭങ്ങള്‍ തുടങ്ങുകയോ അവയില്‍ പങ്കാളികളാവുകയോ ചെയ്താല്‍ അക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കണം. സര്‍ക്കാറില്‍ നിന്നുള്ള ലൈസന്‍സുകള്‍, പെര്‍മിറ്റുകള്‍, സംവരണം മുതലായവയില്‍ മന്ത്രിമാരുടെ ആശ്രിതര്‍ ഇടപെടരുത്. നയതന്ത്രകാര്യാലയത്തിലെ ജോലികളില്‍ നിന്ന് മന്ത്രിമാരുടെ ജീവിതപങ്കാളികളെയും ആശ്രിതരെയും പൂര്‍ണമായും ഒഴിവാക്കണം.

സ്ഥാവരസ്വത്തുക്കള്‍, ഓഹരികളുടെയും കടപ്പത്രങ്ങളുടെയും ഏതാണ്ട് പൂര്‍ണമായ വിവരങ്ങള്‍, സ്വന്തം ൈകയിലും കുടുംബാംഗങ്ങളുടെ പക്കലുമുള്ള പണത്തിന്റെയും ആഭരണങ്ങളുടെയും വിവരങ്ങള്‍ എന്നിവ ഓരോ മന്ത്രിമാരും വ്യക്തമാക്കണം. സാമ്പത്തികവര്‍ഷം അടിസ്ഥാനമാക്കിവേണം ആസ്തികളുടെയും ബാധ്യതകളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍.

മന്ത്രിയായി തുടരുവോളം എല്ലാവര്‍ഷവും ആഗസ്ത് 31-ഓടെ തൊട്ടുമുമ്പത്തെ സാമ്പത്തികവര്‍ഷം അടിസ്ഥാനമാക്കി ആസ്തി ബാധ്യതകള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് സത്യവാങ്മൂലം നല്‍കണം.

സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതല്ലാതെ, ഏതെങ്കിലും സ്ഥാവരസ്വത്ത് സര്‍ക്കാറില്‍ നിന്ന് വാങ്ങുന്നതിലും സര്‍ക്കാറിന് വില്‍ക്കുന്നതിലുംനിന്ന് മന്ത്രിമാര്‍ വിട്ടുനില്‍ക്കണം.

മന്ത്രിമാര്‍ സ്വന്തം നിലയ്‌ക്കോ ബന്ധുക്കള്‍ വഴിയോ ഒരുതരത്തിലുള്ള സംഭാവനകളും വാങ്ങാന്‍ പാടില്ല. രജിസ്റ്റര്‍ചെയ്ത ഏതെങ്കിലും സൊസൈറ്റിക്കോ ജീവകാരുണ്യ സംഘടനയ്‌ക്കോ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിനോ രാഷ്ട്രീയപാര്‍ട്ടിക്കോ ഉള്ള ചെക്കോ പണമോ മന്ത്രിയുടെ കൈയിലേല്‍പ്പിച്ചാല്‍ അതുടന്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറണം.

രജിസ്റ്റര്‍ ചെയ്ത സൊസൈറ്റി, ജീവകാരുണ്യ സംഘടന, സര്‍ക്കാര്‍ അംഗീകൃതസ്ഥാപനം, രാഷ്ട്രീയ പാര്‍ട്ടി എന്നിവയ്ക്കുവേണ്ടിയല്ലാതെയുള്ള ധനസമാഹരണപ്രവൃത്തികളുമായി മന്ത്രി ബന്ധപ്പെടാന്‍ പാടില്ല. അതേസമയം, ഇത്തരം സംഭാവനകള്‍ നിര്‍ദിഷ്ട സൊസൈറ്റികളുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് അയയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

No comments:

Post a Comment

Contact Form

Name

Email *

Message *