Monday, 30 June 2014

പെട്രോള്‍ വില 1.69 രൂപ കൂട്ടി.

ന്യൂഡല്‍ഹി: പെട്രോള്‍വില ലിറ്ററിന് 1.69 രൂപയും ഡീസല്‍വില 50 പൈസയും വര്‍ധിപ്പിച്ചു. സംസ്ഥാനങ്ങള്‍ ചുമത്തുന്ന തീരുവകള്‍ ഇതിനുപുറമെയാണ്. വര്‍ധന അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു.

ഇറാഖ് പ്രതിസന്ധി അടക്കമുള്ള സംഭവവികാസങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വിലവര്‍ധനയ്ക്ക് കാരണമെന്ന് എണ്ണക്കമ്പനികളുടെ പത്രക്കുറിപ്പില്‍ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് നാല് ഡോളര്‍ വര്‍ധിച്ചിരുന്നു.

നാലുമാസം കൊണ്ട് റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കും.

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ പുതുക്കുമ്പോള്‍ ഇനി ആധാര്‍, ബാങ്ക്, മൊബൈല്‍, കെ.എസ്.ഇ.ബിയുടെ കണ്‍സ്യൂമര്‍ നമ്പരുകള്‍ എന്നിവ നല്‍കണം. ഇല്ലെങ്കില്‍ കാര്‍ഡ് പുതുക്കി നല്‍കില്ല. പൊതുവിതരണ മേഖല സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായിട്ടുള്ള സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് റേഷന്‍കാര്‍ഡ് പുതുക്കുന്നതിനൊപ്പം പുതിയ വിവരങ്ങള്‍ കൂടി ശേഖരിക്കുന്നത്. സംസ്ഥാനത്തെ 83 ലക്ഷത്തോളം വരുന്ന കാര്‍ഡുകള്‍ നാലു മാസം കൊണ്ട് പുതുക്കി നല്‍കും. കാര്‍ഡ് പുതുക്കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്നവരെ കണ്ടെത്താനുള്ള ചോദ്യാവലിക്ക് ഉത്തരവും നല്‍കണം.

ടവറുകളിലെ ബാറ്ററികള്‍ പ്രവര്‍ത്തന രഹിതം; ബി.എസ്.എന്‍.എല്‍. ഫോണുകളിലെ നെറ്റ് വര്‍ക്ക് തകരാറില്‍.

ആലപ്പുഴ: ബി.എസ്.എന്‍.എല്‍. ടവറുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബാറ്ററികള്‍ ഭൂരിഭാഗവും തകരാറില്‍. നെറ്റ് വര്‍ക്ക് തകരാര്‍ രൂക്ഷമായതോടെ ബി.എസ്.എന്‍.എല്‍. മൊബൈല്‍ ഉപഭോക്താക്കള്‍ വെട്ടിലായിരിക്കുകയാണ്.

ബാറ്ററികള്‍ പ്രവര്‍ത്തന രഹിതമായതു മൂലം വൈദ്യുതി തടസ്സമുണ്ടാവുമ്പോള്‍ ടവറുകളുടെ പ്രവര്‍ത്തനവും നിലയ്ക്കും. ചില ടവറുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും സമീപത്തുള്ള പ്രവര്‍ത്തനക്ഷമമായ ടവറിന് അമിത ഭാരം വരികയും ചെയ്യുമ്പോഴാണ് പലര്‍ക്കും നെറ്റ് വര്‍ക്ക് ലഭിക്കാതെ വരുന്നത്.

വൈദ്യുതി എത്തിക്കാന്‍ ലൈനില്ല: വീണ്ടും പ്രതിസന്ധിയിലേക്ക്‌ .


തിരുവനന്തപുരം: പുറത്തുനിന്ന് വൈദ്യുതി എത്തിക്കാന്‍ ലൈന്‍ അനുവദിക്കാനാവില്ലെന്ന് ദേശീയ ലോഡ് ഡെസ്​പാച്ച് സെന്ററിന്റെ തീരുമാനം കേരളത്തിന് തിരിച്ചടിയാവുന്നു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴാണ് ലൈന്‍ കിട്ടാതെ വന്നത്.

ഇതോടെ വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായി. എന്നാല്‍ ജജ്ജാറില്‍നിന്ന് 100 മെഗാവാട്ട് കിട്ടി. ഇതും കായംകുളത്തുനിന്നുള്ള വില കൂടിയ വൈദ്യുതിയുംകൊണ്ട് പ്രതിസന്ധി തത്കാലം പരിഹരിച്ചു.

സ്ഥലം ലഭിച്ചയിടത്തും ദേശീയപാത വികസനം വൈകുന്നതെന്ത്? - ഹൈക്കോടതി.

കൊച്ചി: ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ സ്ഥലം ലഭിച്ചയിടത്തുപോലും വീതി കൂട്ടാതെ മിണ്ടാതിരിക്കുന്നതെന്തെന്ന് ഹൈക്കോടതി. കൊല്ലം-തിരുവനന്തപുരം, ആലപ്പുഴ-ഹരിപ്പാട് മേഖലകളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥലം ലഭിച്ചിട്ടുണ്ട്. എന്നിട്ടും അവിടെ റോഡ് വികസനം നടത്താത്തതെന്തെന്ന് സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുള്ളത്. ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

ചെന്നൈ കെട്ടിട ദുരന്തം: മരണസംഖ്യ 24 ആയി.

ചെന്നൈ: ചെന്നൈയില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെയെണ്ണം 24 ആയി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആന്ധ്രാപ്രദേശ് സ്വദേശിയായ ഒരു തൊഴിലാളിയെ ചൊവ്വാഴ്ച രാവിലെ ജീവനോടെ രക്ഷപെടുത്തി. ഇതോടെ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ജീവനോടെ രക്ഷപെടുത്താന്‍ കഴിഞ്ഞവരുടെയെണ്ണം 24 ആയി.

20 ഓളം പേര്‍ ഇനിയും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്. മൗലിവാക്കം പ്രദേശത്ത് നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം ശനിയാഴ്ചയാണ് തകര്‍ന്നുവീണത്.

കടല്‍ക്കൊല: ആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി.

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി. യു പി എ സര്‍ക്കാരിന്റെ കാലത്ത് കേസില്‍ ഇറ്റലിക്കുവേണ്ടി ഹാജരായ മുകുള്‍ റോത്ഗി അറ്റോര്‍ണി ജനറലായ സാഹചര്യത്തിലാണിത്. കേസിന്റെ ഭാവിയെക്കുറിച്ചുള്ള നിയമ മന്ത്രാലയത്തിന്റെ നിലപാടാണ് ആഭ്യന്തര മന്ത്രാലയം തേടിയിട്ടുള്ളത്. കേസില്‍ സുവ നിയമം ചുമത്തുന്നത് സംബന്ധിച്ച നിലപാടും ആരാഞ്ഞിട്ടുണ്ട്.

പച്ച ബോർഡ്: ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പിണറായി.


കണ്ണൂർ: സ്കൂളുകളിലെ ബോർഡുകളുടെ നിറം പച്ച ആക്കാനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വിദ്യാഭ്യാസ നിലവാരം ഉയർത്താനും ശ്രമിക്കുന്നതിനു പകരം ബ്ളാക്ക് ബോർഡുകൾക്ക് പച്ചയടിക്കാൻ നടക്കുന്ന സർക്കാർ നടപടി അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രഹസ്യ ഇടപാടുകളെപ്പറ്റി വിവരം കൈമാറാൻ സ്വിറ്റ്സർലന്റിനു ഇന്ത്യ കത്ത് നല്കി.

ന്യൂ ഡൽഹി : സ്വിസ്  ബാങ്കുകളിൽ പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറണം എന്നാവശ്യപ്പെട്ടു കൊണ്ട്  ഇന്ത്യൻ ധനകാര്യ മന്ത്രാലയം   സ്വിസ്സ്  അധികാരികൾക്ക് കത്ത് നല്കി . അടുത്തിടെ ഒരു സ്വിസ് ഉദ്യോഗസ്ഥൻ ഇന്ത്യക്കാരുടെ ലിസ്റ്റ്,  ആവശ്യപ്പെടുന്ന മുറയ്ക്ക് കൈമാറാൻ സന്നദ്ധമാണെന്ന്  അറിയിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു .

ബാറുകളിലെ മദ്യവില്‍പ്പന വര്‍ധിച്ചുവെന്ന് എക്‌സൈസ് മന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിലെ മദ്യവില്‍പ്പന 84 ശതമാനം വര്‍ധിച്ചുവെന്ന് എക്‌സൈസ് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. 418 ബാറുകള്‍ അടച്ചശേഷമുള്ള കണക്കാണിത്. ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ എക്‌സൈസ് വകുപ്പിന് കഴിഞ്ഞിട്ടില്ല. നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ നിലവാരമില്ലാത്തവയും ഉണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.

തീഹാർ ജയിൽ സുരക്ഷ വിമാനത്താവളങ്ങളുടേതിന് തുല്യമാക്കുന്നു.


ന്യൂഡൽഹി: വി ഐ പി തടവുകാരുടെ ആധിക്യം കൊണ്ട്  (കു) പ്രശസ്തി നേടിയ തീഹാർ ജയിലിൽ കുറ്റമറ്റ സുരക്ഷ സംവിധാനം ഒരുങ്ങുന്നു . വിമാനതാവളത്തിലെതു പോലെയുള്ള ശരീര-ലഗേജ് സ്കാനറുകൾ , മെറ്റൽ ഡിറ്റക്റ്റർ  സംവിധാനങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഒരുക്കുക . ഇതിൽ സ്കാനറുകൾ വാങ്ങുന്നതിനായി മാത്രം 600 ലക്ഷത്തിൽപരം രൂപ ആവശ്യമായി വരും .

1972ലെ റിപ്പബ്ലിക് പരേഡ് സൈന്യം വേണ്ടെന്നു പറഞ്ഞിരുന്നു. മുൻ സൈനിക ഉദ്യോഗസ്ഥന്രെ വെളിപ്പെടുത്തൽ.

ന്യൂഡൽഹി: സൈന്യം വേണ്ടെന്നു പറഞ്ഞിട്ടും  1972 ലെ റിപ്പബ്ലിക് പരേഡ്  നടന്നത്   ഇന്ദിരഗാന്ധിയുടെ  നിർബന്ധത്താലായിരുന്നു എന്ന്   സേനയിൽ നിന്നും വിരമിച്ച ബ്രിഗേഡിയറുടെ വെളിപ്പെടുത്തൽ. "ഫീൽഡ് മാർഷൽ സാം മനേക്ഷാ :  ദി മാൻ ആൻഡ്‌ ഹിസ്‌ ടൈംസ്‌ " എന്ന പുസ്തകത്തിലൂടെ  ബഹറാം പന്താകി എന്ന ബ്രിഗേഡിയർ ആണ് ഈ വെളിപ്പെടുത്തൽ നല്കിയത് .

മൂക്കുന്നിമല ഖനനം: അധികൃതരുടെ പങ്കിനെക്കുറിച്ച് വിശദ അന്വേഷണം വേണമെന്ന് വിജിലന്‍സ്.

തിരുവനന്തപുരം: മൂക്കുന്നിമലയില്‍ നടക്കുന്ന അനധികൃത പാറ ഖനനത്തില്‍ റവന്യൂ-പോലീസ്-പഞ്ചായത്ത് വകുപ്പ് അധികൃതര്‍ക്കുള്ള പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. അധികൃതരുടെ ഒത്താശയോടെയാണ് മൂക്കുന്നിമലയില്‍ അനധികൃത ഖനനം നടക്കുന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പാറ ക്വാറികളും ക്രഷര്‍ യൂണിറ്റുകളും അടക്കം 15 എണ്ണത്തിനാണു പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. എന്നാല്‍, അറുപതോളം പാറമടകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി പള്ളിച്ചല്‍ പഞ്ചായത്തില്‍നിന്ന് വിജിലന്‍സ് രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍നിന്ന് പാറമാഫിയയ്ക്ക് അധികൃതരുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന സഹായവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പാറഖനനം നടത്താന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റേയും പരിസ്ഥിതി അതോറിറ്റിയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കും പഞ്ചായത്ത് പാറഖനനത്തിന് അനുമതി നല്‍കി. സ്ഥലത്ത് പരിശോധന നടത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരെ പോലീസും പാറമാഫിയയും ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി. പ്രദേശത്തെ ജനങ്ങളുടെ സമാധാനജീവിതം തകര്‍ത്തുകൊണ്ട് ഗുണ്ടകള്‍ വിഹരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാറമാഫിയയ്ക്ക് ഒത്താശ നല്‍കുന്ന അധികൃതരെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്.

സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിനെ മാഫിയസംഘം പിന്തുടര്‍ന്നതും വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത്തരക്കാരെ ഗുണ്ടാനിയമത്തില്‍ പെടുത്തുമെന്ന് കളക്ടര്‍ ഭീഷണി മുഴക്കിയതിനുശേഷമാണ് മാഫിയസംഘം പിന്‍മാറിയത്.

തീവണ്ടി സമയങ്ങളില്‍ മാറ്റം.

തിരുവനന്തപുരം: ചൈന്നെ മെയില്‍, കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്​പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളുടെ സമയത്തില്‍ ദക്ഷിണറെയില്‍വേ മാറ്റംവരുത്തി. ജൂലായ് ഒന്നുമുതല്‍ സമയമാറ്റം പ്രാബല്യത്തില്‍ വരും.

മുല്ലപ്പെരിയാറിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ ഒരുഡാമിനും ഇല്ല - ജസ്റ്റിസ് കെ.ടി.തോമസ്‌.

കോട്ടയം: മുല്ലപ്പെരിയാറിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ ഒരുഡാമിനും ഇല്ലെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ് വിതരണത്തില്‍ ആശിര്‍വാദപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയവര്‍ കുറവാണ്. പരമോന്നതനീതിപീഠത്തിലിരുന്ന് പലപ്പോഴായി 11 ജഡ്ജിമാര്‍ വസ്തുതാന്വേഷണം നടത്തിയപ്പോഴും അവരില്‍ ഒരാളെപ്പോലും തങ്ങളുടെ നിലപാടാണു ശരിയെന്ന് ബോധ്യപ്പെടുത്താന്‍ കേരളത്തെ പ്രതിനിധീകരിച്ചവര്‍ക്കു കഴിഞ്ഞില്ല - അദ്ദേഹം പറഞ്ഞു.

അണക്കെട്ടുകള്‍ കേരളത്തിന്റേത് തന്നെയെന്ന് മുഖ്യമന്ത്രി.

കൊച്ചി: കേരളത്തിലെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ചെന്നൈ കെട്ടിട ദുരന്തം: മരണം 17 ആയി.

ചെന്നൈ: ചെന്നൈയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെയെണ്ണം 17 ആയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് തിങ്കളാഴ്ച രാവിലെ ഒരു സ്ത്രീയെ രക്ഷപെടുത്തി. 40 ഓളം മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ സ്ത്രീയെ ജീവനോടെ കണ്ടെത്തിയത്.

ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തി: പ്രധാനമന്ത്രി.

ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്): ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തിയാണെന്നും, വികസിത രാജ്യങ്ങളുടെ അഞ്ച് ഉപഗ്രഹങ്ങള്‍ പി എസ് എല്‍ വി 23 സി റോക്കറ്റിന് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യ കൈവരിച്ച മുന്നേറ്റത്തിന് തെളിവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു.

Thursday, 26 June 2014

ഇന്നുമുതല്‍ ലോഡ്‌ഷെഡ്ഡിങ് ഇല്ല.

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു. ഒരുമാസമായി സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. മൂഴിയാര്‍ വൈദ്യുതി നിലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതോടെ വൈദ്യുതി ലഭ്യത ഉയര്‍ന്നു. ഇതോടെയാണ് ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചത്.

പ്രഥമാധ്യാപികയുടെ സ്ഥലംമാറ്റം: ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്വീകരിച്ചു.

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളില്‍നിന്ന് സ്ഥലംമാറ്റിയ പ്രഥമാധ്യാപിക ഊര്‍മിളാ ദേവിയുടെ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ സ്ഥലംമാറ്റം ഉത്തരവ് സ്റ്റേ ചെയ്യാന്‍ ട്രൈബ്യൂണല്‍ വിസമ്മതിച്ചു. കേസില്‍ ജൂലായ് നാലിന് വാദം കേള്‍ക്കും.

സ്‌കൂളില്‍ പുതിയ പ്രഥമാധ്യാപിക ചുമതലയേറ്റതിനാലാണ് സ്ഥലമാറ്റ ഉത്തരവ് സ്റ്റേ ചെയ്യാത്തത്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഡി.പി.ഐയോട് ഫയല്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രം ഇനി അനുമതി-മുഖ്യമന്ത്രി.

തിരുവനന്തപുരം: പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമേ ഇനി അനുവദിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മദ്യാസക്തി കുറച്ചുകൊണ്ടുവരാതെ മദ്യം നിരോധിച്ചാല്‍ അതിന്റെ പ്രയോജനം സമൂഹത്തിനുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണവും ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സുഡാനില്‍ മതംമാറിയതിന് ശിക്ഷിക്കപ്പെട്ട യുവതിയെ വിട്ടയച്ചു.

ഖാര്‍തോം : സുഡാനില്‍ മതം മാറി ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി വീണ്ടും ജയില്‍ മോചിതയായി. ഡോക്ടര്‍ മറിയം യെഹ്യ ഇബ്രാഹിം ഇഷാഗും കുഞ്ഞും ഇപ്പോള്‍ യു.എസ് എമ്പസിയില്‍ അഭയം തേടിയിരിക്കുകയാണ്.

രാജ്യം വിട്ടുപോകരുതെന്ന നിബന്ധനയില്‍ കഴിഞ്ഞ ആഴ്ചയാണ് മറിയത്തെ ജയില്‍ മോചിതയാക്കിയത്. എന്നാല്‍ വ്യാജരേഖകളുമായി യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സുഡാന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ നിന്നും യുവതിയെ വീണ്ടും അറസ്റ്റുചെയ്യുകയായിരുന്നു. രാജ്യം വിട്ടുപോകില്ലെന്ന ഉറപ്പില്‍ ആള്‍ ജാമ്യത്തിലാണ് ഇവരെ വീണ്ടും മോചിപ്പിച്ചത്.

നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു.

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ മേന്ധാര്‍ സെക്ടറില്‍ നിയന്ത്രണരേഖയില്‍ പാക് സൈന്യം ഇന്ത്യന്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ത്തു ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു പാക് സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്തത്.
വെടിവെപ്പ് കനത്തതോടെ ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തി. വെടിവെപ്പ് ഒരുമണിക്കൂറോളം നീണ്ടതായി അധികൃതര്‍ അറിയിച്ചു.

വാതക പൈപ്പ് ലൈനില്‍ സ്‌ഫോടനം: ആന്ധ്രയില്‍ 14 മരണം.

ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) വാതക പൈപ്പ്‌ലൈനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 20 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ നഗരം പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ ആറിനാണ് സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് സൂചന.

തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ അടിപിടി: രോഗി മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ രോഗികള്‍ തമ്മിലുണ്ടായ അടിപിടിക്കിടെ തലയ്ക്ക് പരിക്കേറ്റ രോഗി മരിച്ചു. ഒന്‍പതാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന കൃഷ്ണനാണ് വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. സുദര്‍ശന്‍ എന്ന രോഗി ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്. മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്ന മണിയന്‍ എന്നയാളാണ് ബുധനാഴ്ച രാത്രി രോഗികളുമായി അടിപിടിയുണ്ടാക്കിയത്. പോലീസ് അന്വേഷണം തുടങ്ങി.

Wednesday, 25 June 2014

ബാറുകള്‍ക്കെതിരെ കുപ്പിശയനവും മദ്യം തളിക്കലും.

തിരുവനന്തപുരം: 418 ബാറുകള്‍ എന്നന്നേക്കുമായി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ കുപ്പിശയനവും മദ്യം തളിക്കലും സംഘടിപ്പിച്ചു.

കവയിത്രി സുഗതകുമാരി സമരം ഉദ്ഘാടനം ചെയ്തു. കെ.ആര്‍.എല്‍.സി യുവജന കമ്മീഷന്‍, മദ്യവിരുദ്ധ കമ്മീഷന്‍, ശാന്തിസമിതി തുടങ്ങിയ മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ സംയുക്തമായാണ് കുപ്പിശയനവും മദ്യം തളിക്കലും നടത്തിയത്. 

അധ്യാപികക്കെതിരായി നടപടി പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ ഗവ. ഹൈസ്‌കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ നടപടി പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നടപടി ഏകപക്ഷീയമല്ല. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. . അധ്യാപികയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ട്. അച്ചടക്ക നടപടിയാണ് അന്വേഷണത്തില്‍ ശുപാര്‍ശ ചെയ്തതെങ്കിലും അതില്‍ അയവ് വരുത്തിയാണിപ്പോള്‍ സ്ഥലംമാറ്റ നടപടിയെടുത്തിയെതന്നും മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

തത്കാല്‍ ടിക്കറ്റ് ഇനി കുറഞ്ഞത് 500 കി.മീ. യാത്രയ്ക്കുമാത്രം.

ന്യൂഡല്‍ഹി : റെയില്‍വേയാത്രാ ചരക്കുകൂലി വര്‍ധനയ്‌ക്കൊപ്പം തത്കാല്‍ റിസര്‍വേഷന്‍ നിരക്കിലും മാറ്റം വരുത്തി. ഒരു വിധത്തിലുമുള്ള മുന്നറിയിപ്പ് നല്‍കാതെ 'റിസര്‍വേഷന്‍ സിസ്റ്റ'ത്തിലാണ് ബുധനാഴ്ച മുതല്‍ പുതിയ നിരക്ക് ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ച് ചരുങ്ങിയത് 500 കി.മീ. യാത്രയ്ക്കു മാത്രമേ തത്കാല്‍ ടിക്കറ്റ് നല്‍കൂ. നേരത്തേ 200 കി.മീ. ദൂരത്തേക്കും തത്കാല്‍റിസര്‍വേഷന്‍ നല്‍കിയിരുന്നു. ഇനി 200 കി.മീ. യാത്രയ്ക്ക് 500 കി.മി. ദൂരത്തിന്റെ തത്കാല്‍ നിരക്ക് ഈടാക്കും.

ഹജ്ജ്: ഇന്ത്യയില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് മദീനയിലെ ഭക്ഷണം ഹജ്ജ് മിഷന്‍ നല്‍കും.

കൊണ്ടോട്ടി: ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മദീനയില്‍ സൗദിയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഭക്ഷണം നല്‍കും. തീര്‍ത്ഥാടകര്‍ മദീനയില്‍ കഴിയുന്ന എട്ട് ദിവസവും ഹജ്ജ് മിഷന്‍ ഭക്ഷണം വിതരണംചെയ്യും.

പ്രധാനാധ്യാപികയുടെ സ്ഥലംമാറ്റം റദ്ദുചെയ്യണം -വി.എസ്.

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ഊര്‍മിളാദേവിയെ പ്രതികാരബുദ്ധിയോടെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്നും അവരെ കോട്ടണ്‍ഹില്‍ സ്‌കൂളിലേക്കുതന്നെ തിരികെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന് കത്തയച്ചു.

എയര്‍ കേരള: കേന്ദ്രമന്ത്രിയുടെ പ്രതികരണം സ്വഗതാര്‍ഹം- മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ എയര്‍ കേരള പദ്ധതിയോട് കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടാണുള്ളതെന്ന കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന്റെ പ്രതികരണം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിയുടെ പ്രതികരണം എയര്‍ കേരള പദ്ധതി യാഥാര്‍ഥ്യമാകുന്നതിന്റെ ആദ്യ പടിയായി കാണാം. തുടര്‍ന്നുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കും.

പ്രതിരോധമേഖലയിലെ 100 ശതമാനം വിദേശനിക്ഷേപം രാജ്യദ്രോഹം: എ.കെ. ആന്റണി.

തിരുവനന്തപുരം: രാജ്യത്തിന്റെ പ്രതിരോധ മേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നല്‍കിയത് രാജ്യദ്രോഹ നടപടിയാണെന്ന് കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം എ.കെ. ആന്റണി പറഞ്ഞു. രാജ്യത്ത് സര്‍വനാശം വിതയ്ക്കുന്ന സാമുദായിക വര്‍ഗീയ ധ്രുവീകരണത്തിനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുളള നീക്കം. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ മദ്യവിമുക്ത നയത്തിന് ശക്തമായ പിന്തുണയുണ്ടാകുമെന്നും എ.കെ. ആന്റണി പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ തദ്ദേശ സ്വയം ഭരണസ്ഥാപന ഭാരവാഹികളുടെ ദക്ഷിണ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.

ദേശീയപാതാ വികസനം: വിട്ടുവീഴ്ചയ്ക്കില്ലെന്ന് കേന്ദ്രം.

ന്യൂഡല്‍ഹി : ദേശീയപാതാ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കി. ടോള്‍ പിരിവ് ഒഴിവാക്കിയുള്ള ദേശീയപാതാ വികസനം സാധ്യമല്ലെന്ന് കഴിഞ്ഞദിവസം നടന്ന ദേശീയപാതാ വികസന അവലോകന യോഗത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

പുതിയ ഗവര്‍ണര്‍മാര്‍ ഉടന്‍; രാജിവെക്കാത്തവരെ സ്ഥലം മാറ്റും.

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ ഇടം കിട്ടാത്ത മുതിര്‍ന്ന ബി.ജെ.പി. നേതാക്കളില്‍ ഒട്ടേറെപ്പേര്‍ ഉടന്‍ ഗവര്‍ണര്‍മാരാകും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുമ്പ് അരഡസന്‍ ബി.ജെ.പി നേതാക്കളെയെങ്കിലും ഗവര്‍ണര്‍മാരായി നിയമിക്കാനാവുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ഗവര്‍ണര്‍മാരായി നിയമിക്കേണ്ട നേതാക്കളുടെ പട്ടിക ബി.ജെ.പി നേതൃത്വം തയ്യാറാക്കിവരികയാണ്. 

അധ്യാപികയെ സ്ഥലം മാറ്റിയത് ഏകപക്ഷീയ നടപടിയല്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: തലസ്ഥാനത്തെ കോട്ടണ്‍ഹില്‍സ് ഗേള്‍സ് സ്‌കൂളിലെ പ്രധാന അധ്യാപികയെ സ്ഥലംമാറ്റിയത് ഏകപക്ഷീയ നടപടിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രി എത്തുമെന്ന് അറിഞ്ഞിട്ടും സ്‌കൂളിന്റെ ഗെയിറ്റ് അടച്ചിടുകയായിരുന്നു. ഈ വിഷയത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടിയെടുത്തത്.

900 പ്രകാശവര്‍ഷമകലെ ഭൂമിയുടെ വലിപ്പമുള്ള വജ്രം കണ്ടെത്തി.

ഭൂമിയുടെ വലിപ്പമുള്ള വജ്രത്തിന്റെ കാര്യം പരിഗണിക്കുക. അത്തരമൊന്നുണ്ടാവുക അസാധ്യമെന്ന് തോന്നാം. എന്നാല്‍, ഭൂമിയില്‍നിന്ന് 900 പ്രകാശവര്‍ഷമകലെഅത്തരമൊരു വിചിത്രവസ്തു കണ്ടെത്തിയിരിക്കുകയാണ് ജ്യോതിശ്ശാസ്ത്രജ്ഞര്‍.

30 വര്‍ഷം ഫയിലില്‍ ഉറങ്ങിയ റെയില്‍ പദ്ധതിക്കും അനുമതി; മോദി സര്‍ക്കാര്‍ 'ചുവപ്പു നാട' പൊട്ടിച്ചെറിഞ്ഞത് 21,000 കോടി രൂപയുടെ നിക്ഷേപത്തിന്

ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് നിരക്ക് കൂട്ടിയതിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഒറ്റയടിക്ക് അനുമതി നല്‍കിയത് 21,000 കോടി രൂപയുടെ ഏഴു നിക്ഷേപ പദ്ധതികള്‍ക്ക്. ഇവയില്‍ ചിലതാകട്ടെ പരിസ്ഥിതി അനുമതിയുടെയും മറ്റും പേരില്‍ വര്‍ഷങ്ങളായി അനുമതി ലഭിക്കാതെ ചുവപ്പു നാടയില്‍ കുടുങ്ങിയിരുന്നതും. 30 വര്‍ഷമായി ഫയലില്‍ ഉറങ്ങിയിരുന്ന ചത്തീസ്ഗഢിലെ 253 കിലോമീറ്റര്‍ റെയില്‍പാതയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

മോദി സര്‍ക്കാര്‍ എങ്ങോട്ടെന്ന് തുടക്കം കണ്ടാല്‍ അറിയാം: ആന്റണി.

തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ പോക്ക് എങ്ങോട്ടാണെന്ന് തുടക്കം കണ്ടാല്‍ത്തന്നെ അറിയാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ കൈയ്യിലേത്തിക്കും. മോദി സര്‍ക്കാരിന്റെ കൂറ് ആരോടാണെന്ന് വ്യക്തമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് കരുതി രാഷ്ട്രീയ വനവാസത്തിന് പോകുന്നവരല്ല കോണ്‍ഗ്രസ് നേതാക്കള്‍. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുമെന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

Tuesday, 24 June 2014

മംഗള്‍യാന്‍ ഭൂമിയില്‍നിന്ന് 117 മില്യണ്‍ കിലോമീറ്റര്‍ അകലെയെത്തി.

ബാംഗ്ലൂര്‍: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ പേടകമായ മംഗള്‍യാന്‍ ഭൂമിയില്‍നിന്ന് 117 മില്യണ്‍ കിലോമീറ്റര്‍ അകലത്തിലായി. ലക്ഷ്യത്തിലെത്താന്‍ അടുത്ത 92 ദിവസത്തിനുള്ളില്‍ 24 മില്യണ്‍ കിലോമീറ്റര്‍കൂടി സഞ്ചരിക്കണം. പേടകത്തില്‍നിന്ന് വിവരം ഭൂമിയിലെത്താന്‍ ആറ്് മിനിറ്റും മുപ്പത് സെക്കന്‍ഡുമാണ് ഇപ്പോള്‍ വേണ്ടിവരുന്നതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് കടക്കാന്‍ ഇനിയുള്ള 92 ദിവസം നിര്‍ണായകമാണ്.
സഞ്ചാരപഥത്തിലെ രണ്ടാം തിരുത്തല്‍ ഐ.എസ്.ആര്‍.ഒ. വിജയകരമായി നടപ്പാക്കിയത് ജൂണ്‍ പതിനൊന്നിനാണ്. അന്നേദിവസം വൈകിട്ട് 4.30-ന് പേടകത്തിലെ നാല് ചെറു റോക്കറ്റുകള്‍ 16 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് നിശ്ചിത സഞ്ചാരപഥത്തിലേക്ക് മാറ്റിയത്.

മോദിസര്‍ക്കാര്‍ 30 നാള്‍ പിന്നിട്ടു; വിവാദങ്ങള്‍ അകമ്പടി.

ന്യൂഡല്‍ഹി: മെയ് 26-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ 30 ദിവസം പിന്നിട്ടു.

ഏറെ പ്രതീക്ഷകളുമായി ചുമതലയേറ്റ സര്‍ക്കാര്‍ വിവാദങ്ങളുടെയും ജനപ്രിയമല്ലാത്ത തീരുമാനങ്ങളുടെയും അകമ്പടിയോടെയാണ് ഒരുമാസം കടന്നത്. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിലക്കയറ്റമടക്കമുള്ള പ്രശ്‌നങ്ങളില്‍ കടുത്ത ഇടപെടലുകളുണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തീവണ്ടി നിരക്കുകള്‍ വര്‍ധിപ്പിക്കുകയും എണ്ണ, പാചകവാതകവിലവര്‍ധനയടക്കമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തത് വന്‍വിമര്‍ശനത്തിനിടയാക്കി. പഞ്ചസാരയുടെ ഇറക്കുമതിത്തീരുവ കുറച്ചത് വില ഗണ്യമായി ഉയരാനും കാരണമായി.

ചേളാരി ഐ.ഒ.സി : ചര്‍ച്ച പരാജയം; സമരം തുടരും, ആവശ്യമെങ്കില്‍ 'എസ്മ' പ്രയോഗിക്കും-കളക്ടര്‍.

മലപ്പുറം:ചേളാരിയിലെ ഇന്ത്യന്‍ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതകശാലയിലെ ഹൗസ്‌കീപ്പിങ് ആന്റ് സിലിണ്ടര്‍ ഹാന്റ്‌ലിങ്ങ്‌തൊഴിലാളികളുമായി ജില്ലാകളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ നീങ്ങുകയാണെങ്കില്‍ അവശ്യസര്‍വീസ് നിയമം ('എസ്മ')അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ കെ.ബിജു അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

എയര്‍ കേരള'യ്ക്ക് കേന്ദ്രം അനുകൂലം.

ന്യൂഡല്‍ഹി : എയര്‍ കേരള പദ്ധതിയോട് കേന്ദ്രസര്‍ക്കാറിന് അനുകൂല നിലപാടാണ് ഉള്ളതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. എന്നാല്‍, ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അന്വേഷണമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ വിമാനക്കമ്പനി തുടങ്ങുന്നതിനെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതംചെയ്യുന്നു. വ്യോമയാന നിയമത്തില്‍ ഇളവുലഭിക്കാന്‍ കേരള സര്‍ക്കാര്‍ അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ അത് പരിഗണിക്കും -കേന്ദ്രമന്ത്രി പറഞ്ഞു.

സീസണ്‍ ടിക്കറ്റ് നിരക്ക് കുറച്ചു: സബര്‍ബന്‍ വണ്ടികളില്‍ 80 കി.മീ. വരെ വര്‍ധനയില്ല.

ന്യൂഡല്‍ഹി: തീവണ്ടി യാത്രക്കൂലി വര്‍ധനയ്‌ക്കെതിരെ സ്ഥിരം യാത്രക്കാരും വന്‍നഗരങ്ങളിലെ രാഷ്ട്രീയ നേതാക്കളും നടത്തിയ സമ്മര്‍ദം ഫലം കണ്ടു. സീസണ്‍ ടിക്കറ്റ് നിരക്കുകളില്‍ നേരത്തേ, വരുത്തിയ വന്‍ വര്‍ധന റെയില്‍വേ ഉപേക്ഷിച്ചു. മുന്‍ നിരക്കിന്റെ 14.2 ശതമാനം വര്‍ധന മാത്രമേ, ഇനി സീസണ്‍ ടിക്കറ്റ് നിരക്കിലുണ്ടാവൂ. സബര്‍ബന്‍ തീവണ്ടികളില്‍ 80 കി.മീ. ദൂരംവരെ യാത്രക്കൂലി കൂട്ടില്ല. റിസര്‍വ് ചെയ്യാത്ത യാത്രയ്ക്ക് ഈ മാസം 28 മുതലേ പുതിയ നിരക്ക് ഈടാക്കൂവെന്നും തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച വര്‍ധന പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു.

ഋഷിരാജ്‌സിങ് മുഖ്യമന്ത്രിയെ കണ്ടു; ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം.

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ബുധനാഴ്ച രാവിലെ 7.30 ന് ക്ലിഫ് ഹൗസില്‍ ആയിരുന്നു കൂടിക്കാഴ്ച. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ഋഷിരാജ്‌സിങ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും അദ്ദേഹം ചര്‍ച്ച നടത്തി.

വാഗമണ്ണില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അച്ഛനും മകളും മരിച്ചു.

ഇടുക്കി: വാഗമണ്‍ കാരിക്കാട് ടോപ്പില്‍നിന്ന് കാര്‍ 1500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അച്ഛനും മകളും മരിച്ചു. കട്ടപ്പന വള്ളിയാംതടത്തില്‍ സജി ജോസഫ്, മകള്‍ അയോണ എന്നിവരാണ് മരിച്ചത്. സജി ജോസഫിന്റെ ഭാര്യയെയും മകന്‍ പ്രസൂണിനെയും പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വാഗമണ്‍ വഴി അടിവാരത്തേക്ക് പോയ സജി ജോസഫും കുടുംബവും സഞ്ചരിച്ച കാറാണ് ബുധനാഴ്ച രാവിലെ ആറിന് അപകടത്തില്‍പ്പെട്ടത്. മൂടല്‍മഞ്ഞും കനത്ത മഴയുംമൂലം കാഴ്ച തടസപ്പെട്ടതാണ് അപകടകാരണമെന്ന് കരുതുന്നു.

ബിഹാറില്‍ തീവണ്ടി പാളംതെറ്റി 5 മരണം.

പട്‌ന: ബിഹാറില്‍ തീവണ്ടി പാളംതെറ്റി നാലുപേര്‍ മരിച്ചു. ന്യൂഡല്‍ഹി - ദീബ്രുഗഡ് രാജധാനി എക്‌സ്പ്രസ് (12236) ആണ് ചപ്രയ്ക്ക് സമീപമുള്ള ഗോള്‍ഡന്‍ ഗഞ്ച് സ്‌റ്റേഷന് സമീപം ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് പാളംതെറ്റിയത്.

Monday, 23 June 2014

ദേശീയ പാതകളുടെ നമ്പര്‍ മാറുന്നു; എന്‍.എച്ച്. 47 ,17 എന്നിവയ്ക്ക് പകരം എന്‍. എച്ച് . 66.

ആലപ്പുഴ : സംസ്ഥാനത്തുകൂടി കടന്നുപോകുന്ന പ്രധാന ദേശീയപാതകളുടെ നമ്പര്‍ മാറ്റാന്‍ അധികൃതര്‍ നടപടി തുടങ്ങി. 
സേലം-കന്യാകുമാരി (എന്‍.എച്ച്. -47), പനവേല്‍ - ഇടപ്പള്ളി (എന്‍.എച്ച്. 17) എന്നീ ദേശീയപാതകള്‍ എന്‍.എച്ച്. 66 എന്ന ഒറ്റനമ്പറിലായിരിക്കും അറിയപ്പെടുന്നത്. മുംെബെയ്ക്ക് അടുത്ത് പനവേലില്‍ നിന്നാരംഭിക്കുന്ന എന്‍.എച്ച്. 66 കന്യാകുമാരി വരെ 1,596 കിലോമീറ്ററുണ്ടാകും. എന്‍.എച്ച്. 17 ന്റെ ഇടപ്പള്ളി - തലപ്പാടി, എന്‍.എച്ച്. 47 ന്റെ കളിയിക്കാവിള - ഇടപ്പള്ളി എന്നീ ഭാഗങ്ങളാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. 

ദേശീയതലത്തിലും നാഷണല്‍ െഹെവേകളുടെ നമ്പര്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. 2010 മാര്‍ച്ച് അഞ്ചിനാണ്‌ ൈഹേവകളുടെ നമ്പര്‍ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള െഹെവേ വികസന പദ്ധതി സുവര്‍ണ്ണ ചതുര്‍കോണം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നമ്പറുകള്‍ മാറ്റുന്നതെന്ന് ദേശീയപാത വിഭാഗം അധികൃതര്‍ പറഞ്ഞു. ഇത് പൂര്‍ണ്ണമാകുന്നതോടെ ദേശീയപാതകളെല്ലാം പരസ്​പരം ബന്ധിപ്പിക്കുന്നതിനാലാണ് പഴയ നമ്പറുകളുടെ സ്ഥാനത്ത് പുതിയ നമ്പറിടുന്നത്. സംസ്ഥാനത്തെ ദേശീയ പാതകളായ 47a കുണ്ടന്നൂര്‍ -വില്ലിംങ്ടണ്‍ െഎലന്റ് 966bയായും 47c കളമശ്ശേരി -വല്ലാര്‍പാടം 966aയായും ഫറൂഖ് -പാലക്കാട് (213) ഇനി 966 എന്ന നമ്പറുകളിലായിരിക്കും അറിയപ്പെടുന്നത്. കോഴിക്കോട് - െമെസൂര്‍ 212) 766 എന്ന നമ്പറിലും ഡിണ്ടിഗല്‍ -കൊട്ടാരക്കര (220) 183 എന്ന നമ്പറിലും അറിയപ്പെടും. എന്‍.എച്ച്. 66മുംെബെയിലെ പനവേലില്‍ നിന്നാരംഭിച്ച് ഗോവ, കര്‍ണ്ണാടക, കേരളം ,തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളിലൂടെ കടന്നു പോകും.

നാലുവര്‍ഷം മുമ്പ് കേന്ദ്ര ഉപരിതല മന്ത്രലായം തീരുമാനിച്ചതാണെങ്കിലും സങ്കീര്‍ണ്ണമായ നടപടി ക്രമങ്ങള്‍ ഉള്ളതിനാല്‍ പേര് മാറ്റം നടപ്പായി വരുന്നതേയുള്ളു. ഇതിന്റെ ഭാഗമായി എന്‍. എച്ച് . 47 ന്റെ ആലപ്പുഴയുടെ ഭാഗത്തെ െസെന്‍ ബോര്‍ഡുകളില്‍ എന്‍.എച്ച്. 66 എന്ന നമ്പര്‍ പതിച്ച് തുടങ്ങി. എന്നാല്‍ പേര് മാറ്റത്തിന് വേണ്ടത്ര പ്രചാരണം നല്‍കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അതേസമയം ദേശീയപാതയുമായി ബന്ധപ്പെട്ട കത്തിടപാടുകളില്‍ പുതിയ നമ്പറിനൊപ്പം പഴയ നമ്പറും ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 

പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് കുഞ്ഞുമായി പിതാവിന്റെ ആത്മഹത്യാഭീഷണി.

ആലപ്പുഴ: പരാതി പറയാൻ എത്തിയ യുവാവിനെ പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് രണ്ട് വയസ്സുള്ള മകനുമായി നടുറോഡിൽ കിടന്ന് ആത്മഹത്യാഭീഷണി. 
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ  കറുകയിൽ ബോർമയിൽ പാറേച്ചിറ വിനീത് (38) ആണ് എടത്വ ജംഗ്ഷനിൽ ആത്മഹത്യാഭീഷണി മുഴക്കിയത്. കുടുംബ വഴക്കിനെ തുടർന്ന് നൽകിയ പരാതി രമ്യയായി പരിഹരിക്കാൻ ചെന്ന യുവാവിനെ സിവിൽ ഡ്രസ്സിൽ നിന്ന പോലീസ് മർദ്ദിച്ചെന്നാണ് ആരോപണം.

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് നാളെ; അപാകങ്ങള്‍ തിരുത്താം, ഓപ്ഷന്‍ മാറ്റാം.

ഹരിപ്പാട് : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.ഉച്ചയ്ക്കു ശേഷം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷകര്‍ക്ക് തങ്ങളുടെ അലോട്ട്‌മെന്റ് നിലയും ഓപ്ഷന്‍ കൊടുത്തിട്ടുള്ള സ്‌ക്കൂളുകളിലെ റാങ്ക് നിലയും കാണാം. ഇതനുസരിച്ച് ഓപ്ഷന്‍ മാറ്റിക്കൊടുക്കാനുള്ള അവസരമുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തിയാല്‍ ആദ്യ അലോട്ട്‌മെന്റുകളില്‍തന്നെ പ്രവേശനം ഉറപ്പിക്കാം. 

ആദ്യ ഓപ്ഷന്‍ കൊടുത്തിട്ടുളള സ്‌കൂളിലെ റാങ്ക് നിലയില്‍ ഏറെ പിന്നിലായിട്ടുള്ളവര്‍ മറ്റ് സ്‌കൂളുകളില്‍ തങ്ങളുടെ റാങ്ക് നില പരിശോധിക്കണം. റാങ്ക് പട്ടികയില്‍ മുന്നിലുള്ള സ്‌കൂളില്‍ ആദ്യ ഓപ്ഷന്‍ കൊടുത്താല്‍ കാത്തിരിപ്പില്ലാതെ പ്രവേശനം ഉറപ്പിക്കാം. ഇഷ്ടപ്പെട്ട സ്‌കൂളില്‍ ആദ്യ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ കിട്ടാത്തവര്‍ അടുത്ത അലോട്ട്‌മെന്റിനായി കാത്തിരിക്കുമ്പോള്‍ തങ്ങളുടെ ഗ്രേഡ് പോയിന്റും പ്രവേശനം കിട്ടിയിട്ടുള്ളവരുടെ പോയിന്റും താരതമ്യംചെയ്ത് പ്രവേശന സാധ്യത മനസ്സിലാക്കണം. ഇതനുസരിച്ച് ഓപ്ഷന്‍ മാറ്റത്തിന് മടിക്കരുത്.

മുഖ്യ അലോട്ട്‌മെന്റിന് മുമ്പേ അപേക്ഷകര്‍ തങ്ങളുടെ അപേക്ഷകളില്‍ അപാകമില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.ഇതിനായി ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ സൈറ്റില്‍ സൗകര്യമുണ്ട്. അപേക്ഷയുടെ പകര്‍പ്പ് സ്‌കൂളില്‍ സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച രജിസ്റ്റര്‍ നമ്പറും ജനന തീയതിയും സൈറ്റില്‍ നല്‍കിയാല്‍ നേരത്തെ സമര്‍പ്പിച്ച അപേക്ഷ കാണാം. എന്തെങ്കലും തെറ്റുെണ്ടങ്കില്‍ തിരുത്താന്‍ അപേക്ഷ നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം പകര്‍പ്പ് ഹാജരാക്കിയ സ്‌കൂളില്‍ തന്നെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ മാതൃക സ്‌കൂളുകളില്‍ ലഭിക്കും. രക്ഷാകര്‍ത്താവാണ് അപേക്ഷയില്‍ ഒപ്പിടേണ്ടത്.

ഓപ്ഷന്‍ മാറ്റത്തിനുള്ള അപേക്ഷകളും അപേക്ഷാഫോം നല്‍കിയിട്ടുള്ള സ്‌കൂളില്‍ തന്നെയാണ് നല്‍കേണ്ടത്.
തിങ്കളാഴ്ച ട്രയല്‍ അലോട്ട് മെന്ററിനുശേഷം അപേക്ഷയിലെ തിരുത്തലുകള്‍ക്ക് ഒരു ദിവസമെങ്കിലും അനുവദിക്കും.
ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 30നാണ്. മുഖ്യ അലോട്ട്‌മെന്ററുകള്‍ ജൂലായ് ഒന്‍പതിന് അവസാനിക്കും. 14 ന് ക്ലാസ്സ് തുടങ്ങും.
പ്ലസ് വണ്‍ പ്രവേശനത്തിന് സയന്‍സ് ബാച്ചുകാര്‍ 680 രൂപയാണ് ഫീസ് അടയ്‌ക്കേണ്ടത്. ഹ്യൂമാനിറ്റീസിന് 480 രൂപയും കൊമേഴ്‌സിന് 580 രൂപയും.പി.ടി.എ. ഫണ്ട് ഇനത്തില്‍ ഒരാളില്‍നിന്ന് പരമാവധി 500 രൂപയെ വാങ്ങാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. ഈ ഇനത്തില്‍ ആകെ വാങ്ങിയ തുകയുടെ വിശദാംശങ്ങള്‍ പ്രന്‍സിപ്പല്‍ സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ് ചട്ടം.

മെഡിക്കല്‍/എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം: 2014-ലെ മെഡിക്കല്‍/എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ 19ന് വൈകുന്നേരം അഞ്ചുമണിവരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ട്രയല്‍ അലോട്ട്‌മെന്റ്. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കുന്നതിന് ജൂണ്‍ 23ന് വൈകുന്നേരം അഞ്ചുമണിവരെ സമയം അനുവദിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ കുബേര ബ്ലേഡ് മാഫിയയുടെ വേരറുക്കുംവരെ തുടരും-മന്ത്രി രമേശ്‌.

കൊല്ലം: ജനങ്ങളെ കൊള്ളയടിക്കുന്ന ബ്ലേഡ് മാഫിയയുടെ വേരറുക്കുംവരെ ഓപ്പറേഷന്‍ കുബേര ശക്തമായി തുടരുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ എടുത്ത കേസുകള്‍ ഒരു സ്വാധീനത്തിനും വഴങ്ങാതെ നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ലോഡ്‌ഷെഡിങ് വെള്ളിയാഴ്ച പിന്‍വലിക്കും.

തിരുവനന്തപുരം : സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോഡ്‌ഷെഡിങ് ജൂലായ് 27 (വെള്ളിയാഴ്ച) മുതല്‍ പിന്‍വലിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. 

കായംകുളത്ത് നിന്നും കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയായിരിക്കും വൈദ്യുതിക്ഷാമം പരിഹരിക്കുകയെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

Saturday, 21 June 2014

അഡൂരില്‍ കട്ടാനക്കൂട്ടം പത്ത് ഏക്കര്‍ കൃഷി നശിപ്പിച്ചു.

മുള്ളേരിയ: പാണ്ടി, അഡൂര്‍ മേഖലയില്‍ ആറോളംവരുന്ന കട്ടാനക്കൂട്ടം പലരുടേയും പത്ത് ഏക്കറോളം കൃഷി നശിപ്പിച്ചു. മൂന്നുദിവസങ്ങളായി ഈ മേഖലയില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകള്‍ പകല്‍ വനമേഖലയിലേക്ക് പോകുന്നുണ്ടെങ്കിലും രാത്രിയില്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. 

അനധികൃത പാര്‍ക്കിങ് ഫീ പിരിവ് : ആശുപത്രികള്‍ക്കും തിയേറ്ററുകള്‍ക്കും നോട്ടീസ്.

തിരുവനന്തപുരം: നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് നഗരത്തിലെ സിനിമാശാലകളിലും സ്വകാര്യ ആശുപത്രികളിലും നടക്കുന്ന അനധികൃത പാര്‍ക്കിങ് ഫീസ് പിരിവിനെതിരെ ഒടുവില്‍ കോര്‍പ്പറേഷന്‍ നിയമനടപടി സ്വീകരിച്ചുതുടങ്ങി. പത്ത് സിനിമ തിയേറ്ററുകള്‍ക്കും മൂന്ന് പ്രമുഖ സ്വകാര്യ ആശുപത്രികള്‍ക്കും, പാര്‍ക്കിങ് ഫീ പിരിവ് നിര്‍ത്തിവെയ്ക്കാന്‍ നഗരസഭ നിര്‍ദേശം നല്‍കി. 
എസ്.എല്‍. തിയേറ്റര്‍ കോംപ്ലക്‌സിലെ അതുല്യ, അശ്വതി, ആതിര, അഞ്ജലി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ, സ്വകാര്യ തിയേറ്ററുകളായ ധന്യ, രമ്യ, ശ്രീകുമാര്‍, ശ്രീവിശാഖ്, ആശുപത്രികളായ കിംസ്, എസ്.യു.ടി, കോസ്‌മോ എന്നിവര്‍ക്കുമാണ് വെള്ളിയാഴ്ച നോട്ടീസ് നല്‍കിയത്. 

കെട്ടിട നിര്‍മാണചട്ടപ്രകാരം നിശ്ചിത അളവില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കേണ്ടത് സ്ഥാപനത്തിന്റെ ചുമതലയാണെന്ന് വ്യക്തമാക്കുന്നുണ്ട്. നിയമവ്യവസ്ഥ ലംഘിച്ച് നടത്തുന്ന പാര്‍ക്കിങ് ഫീ പിരിവ് നിര്‍ത്തിവെയ്ക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ.എം.വി.ആര്‍ 99 റൂള്‍ 34 ടേബിള്‍ 5(2) പ്രകാരം സിനിമാശാലകള്‍ 15 സീറ്റിന് ഒരു കാര്‍ ഏരിയ എന്നവിധത്തില്‍ പാര്‍ക്കിങ് സൗകര്യം സൗജന്യമായി നല്‍കണം. ആശുപത്രികള്‍ 75 ചതുരശ്ര മീറ്ററിന് ഒരു കാര്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കണം. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ നടത്തുന്ന പാര്‍ക്കിങ് ഫീ പിരിവ് നിര്‍ത്തിവെച്ചില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നത് അടക്കമുള്ള വിപുലമായ അധികാരമാണ് നിയമം കോര്‍പ്പറേഷന് നല്‍കുന്നത്. 

എസ്.എല്‍ തിയേറ്റര്‍ കോംപ്ലക്‌സിലാണ് ആദ്യം നോട്ടീസ് നല്‍കിയത്. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ തിയേറ്റര്‍ വളപ്പിന് പുറത്തിറക്കി ഗേറ്റ് പൂട്ടി. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനായി രംഗത്തെത്തിയിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ഗേറ്റ് അടച്ചിട്ടിരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ മടങ്ങി. തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എസ് പദ്മകുമാര്‍, പാളയം രാജന്‍ എന്നിവര്‍ സ്ഥലത്തെത്തിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് അകത്ത് പ്രവേശിക്കാനും നോട്ടീസ് നല്‍കാനും കഴിഞ്ഞത്. 

അതേസമയം നഗരത്തിലെ എല്ലാ തിയേറ്ററുകള്‍ക്കും പാര്‍ക്കിങ് ഫീ പിരിവ് നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല. ആറ് തിയേറ്ററുകള്‍ക്കും മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കേണ്ടതുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് നഗരസഭ അധികൃതര്‍ പറയുന്നു. അനധികൃതമായി പാര്‍ക്കിങ് ഫീ പിരിക്കുന്നുവെന്ന് റവന്യൂ ഇന്‍സ്‌പെക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കാന്‍ കഴിയുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട് . ആദ്യം പരിശോധന നടത്തിയെങ്കിലും പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ റവന്യൂ ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുകയായിരുന്നു. ഭൂരിഭാഗം തിയേറ്ററുകളിലും പാര്‍ക്കിങ് ഫീ പിരിവ് നടക്കുന്നെങ്കിലും റവന്യൂ ഇന്‍സ്‌പെക്ടര്‍മാര്‍ ഭാഗികമായി മാത്രമാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ചില തിയേറ്ററുകളെ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുെവച്ചതായി ആരോപണമുണ്ട്.

തിയേറ്ററുകളിലെ അനധികൃത പിരിവിനെതിരെ പരാതി ഉയര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ കോര്‍പ്പറേഷന്‍ അധികൃതര്‍ ഒത്തുകളിക്കുകയായിരുന്നു. ശക്തമായ ജനരോഷം ഉണ്ടായിട്ട് കൂടി കോര്‍പ്പറേഷന്‍ അധികൃതര്‍ തിയേറ്റര്‍ ഉടമകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ തിയേറ്റര്‍ കോംപ്ലക്‌സിലെ പാര്‍ക്കിങ് ഫീ പിരിവ് വി.ശിവന്‍കുട്ടി എം.എല്‍.എ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചെങ്കിലും കോര്‍പ്പറേഷന്‍ തുടര്‍നനടപടി എടുക്കാത്തതിനാല്‍ പുനരാരംഭിച്ചിരുന്നു. 

ഇതിന്റെ മറപറ്റിയാണ് സ്വകാര്യ തിയേറ്ററുകളിലും പാര്‍ക്കിങ് ഫീ പിരിവ് പുനരാരംഭിച്ചത്. വീണ്ടും ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് മേയര്‍ അടക്കമുള്ള ഭരണ നേതൃത്വം ഉണര്‍ന്നത്. കൗണ്‍സിലില്‍ പ്രശ്‌നം ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ ചില കൗണ്‍സിലര്‍മാര്‍ തിയേറ്ററുകള്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. 3000 രൂപ ഫീസ് വാങ്ങി തിയേറ്ററുകള്‍ക്ക് പാര്‍ക്കിങ് ഫീ വാങ്ങാനുള്ള അനുമതി നല്‍കണമെന്നായിരുന്നു ചില കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ നിയമോപദേശം തേടാന്‍ മേയര്‍ തീരുമാനിച്ചെങ്കിലും പിന്നീട് നടപടിയുണ്ടായിരുന്നില്ല. 

രക്തം വില്പനയ്ക്കായി ഫ്രിഡ്ജില്‍ : സ്വകാര്യ ലാബുകളില്‍ റെയ്ഡ്; 18 എണ്ണം പൂട്ടി.

തിരുവനന്തപുരം: ജില്ലയിലെ സ്വകാര്യലാബുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡില്‍ ഫ്രിഡ്ജില്‍ രക്തം വില്പനയ്ക്ക് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. അവശ്യം വേണ്ട ശീതീകരണ സംവിധാനം ഇല്ലാതെയും കാലാവധി കഴിഞ്ഞ രാസവസ്തുക്കള്‍ ഉപയോഗിച്ചും അടിസ്ഥാന യോഗ്യതകള്‍പോലും ഇല്ലാത്ത ജീവനക്കാരുമാണ് മിക്ക പരിശോധനകളും ലാബുകളില്‍ നടത്തുന്നതെന്നും റെയ്ഡില്‍ കണ്ടെത്തി.

പാചക വാതക വില കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു.

ന്യൂഡല്‍ഹി: റെയില്‍വേ യാത്രാക്കൂലി കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെ പാചക വാതക വില കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പ്രതിമാസം 10 രൂപവീതം വര്‍ധിപ്പിക്കാനാണ് നീക്കം. ഇതിലൂടെ 7000 കോടി രൂപ അധികമായി സമാഹരിക്കാനാണ് ലക്ഷ്യമാക്കുന്നത്. 

സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് ഇരുട്ടടി.

ന്യൂഡല്‍ഹി: റെയില്‍വേ യാത്രനിരക്ക് വര്‍ധന സീസണ്‍ ടിക്കറ്റുകാരെ കാര്യമായി ബാധിക്കും. സീസണ്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയോ അതിലധികമോ ആകും.

Friday, 20 June 2014

തീവണ്ടി നിരക്കുകള്‍ കുത്തനെ കൂട്ടി.

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും വര്‍ധിപ്പിച്ചു. വര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വരും.

ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്ര രാജഗോപുരം പുതുക്കാന്‍ 1.14 കോടി


നാഗര്‍കോവില്‍:
 ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിലെ 133 അടി ഉയരമുള്ള രാജഗോപുരം പഴമ നഷ്ടപ്പെടാതെ പുതുക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ 1.14 കോടി അനുവദിച്ചു. രാജഗോപുരത്തിനുള്ള ഏഴു നിലകളിലായുള്ള ചിത്രങ്ങള്‍ പുതുക്കാനും കൂടിയാണ് തുക അനുവദിച്ചിട്ടുള്ളത്. ഗോപുരത്തിന്റെ പണികള്‍ക്കായി നേരത്തെ തന്നെ പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു.

മുംബൈയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്‌

മുംബൈ: ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് എന്‍ഐഎയുടെ മുന്നറിയിപ്പ്. കര്‍ശന ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതെതുടര്‍ന്ന് തന്ത്രപ്രധാനമേഖലകളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. 

ആഭ്യന്തര മന്ത്രാലയത്തിനാണ് ഇതുസംബന്ധിച്ച് എന്‍ഐഎ കത്ത് നല്‍കിയത്. മുംബൈ, ഡല്‍ഹി നഗരങ്ങളിലെ കെട്ടിടങ്ങള്‍, സ്മാരകങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ചില ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നതായാണ് സൂചന ലഭിച്ചത്.

Wednesday, 18 June 2014

അമരവിള ഔട്ട് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഗാര്‍ഡ് ജോലിനേരത്ത് മദ്യലഹരിയില്‍.

നെയ്യാറ്റിന്‍കര: അമരവിള ഔട്ട് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഗാര്‍ഡ് ജോലിനേരത്ത് മദ്യലഹരിയില്‍. പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നിരീക്ഷണത്തിലായിരുന്ന ജീവനക്കാരനെ പരിശോധനയില്‍ തെളിവോടെ പിടികൂടി.

തമിഴ്‌നാട്ടില്‍ അമ്മ ചായയും വരുന്നു.



ചെന്നൈ: അമ്മ കുടിവെള്ളത്തിനും ഉപ്പിനും പിറകെ അമ്മ ചായപ്പൊടിയും വിപണിയിലിറങ്ങുന്നു. തമിഴ്‌നാട് ടീ പ്ലാന്റേഷനുമായി സഹകരിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ അമ്മ ചായപ്പൊടിയുമായി രംഗത്തെത്തുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ വിപണിയില്‍ ചായയ്ക്ക് വേരോട്ടം നേടാനാകുമെന്നാണ് പ്രതീക്ഷ.

കണ്ണൂര്‍ സര്‍വകലാശാല എം.എസ്സി. വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ എം.എസ്സി. വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം www.kannuruniverstiy.ac.in എന്ന വെബ്‌സൈറ്റില്‍നിന്ന് ലഭിക്കും. 20-നു മുമ്പ് അപേക്ഷിക്കണം. വിലാസം: കോഴ്‌സ് ഡയറക്ടര്‍, എം.എസ്സി. വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗം, മാങ്ങാട്ടുപറമ്പ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പി.ഒ., കണ്ണൂര്‍. ഫോണ്‍: 9847788610, 0497 2782790.

കെ.എസ്.ആര്‍.ടി.സിക്ക് 360 കോടി വായ്പ.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് 360 കോടി രൂപ വായ്പ നല്‍കാനുള്ള കെ.ടി.ഡി.എഫ്.സിയുടെ തീരുമാനത്തിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ഒറ്റപ്പാലത്ത് ഫിലിംസിറ്റി സ്ഥാപിക്കാന്‍ മൂന്നേക്കര്‍ സ്ഥലം ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മുപ്പതു വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഗവര്‍ണര്‍മാരെ ഒരുമിച്ച് മാറ്റാനാവില്ലെന്ന് നിയമോപദേശം.

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാരെ ഒരുമിച്ച് മാറ്റാനാവില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിയമോപദേശം ലഭിച്ചു. ഭരണമാറ്റം ഉണ്ടായതുകൊണ്ടുമാത്രം ഗവര്‍ണര്‍മാരെ മാറ്റുന്നത് ഉചിതമല്ല. മാറ്റം അനിവാര്യമാണെങ്കില്‍ ഓരോ ഗവര്‍ണര്‍മാരെക്കുറിച്ചും അന്വേഷണം നടത്തണമെന്നുമാണ് വിദഗ്‌ധോപദേശം.

മാരായമുട്ടത്ത് ബൈക്ക് യാത്രികനെ പൊലീസ് മർദിച്ചു : നാട്ടുകാർ പ്രതിഷേധിച്ചു .


നെയ്യാറ്റിൻകര : പെരുങ്കടവിള മാരായമുട്ടത്ത്  ബൈക്ക് യാത്രികനായ  യുവാവിനെ  അകാരണമായി തടഞ്ഞു നിർത്തി എസ് .ഐ  മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മാരയമുട്ടം  സർവീസ്  സഹകരണ ബാങ്ക് പ്രസിഡന്റ്‌  എം.എസ് .അനിലും  ബാങ്ക്  ഭരണസമിതി  അംഗങ്ങളും പോലീസ്  സ്റ്റേഷനു  മുന്നിൽ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി . രണ്ടു  മണിക്കൂർ  നീണ്ട  നാടകീയ രംഗങ്ങൾക്ക്  ഒടുവിൽ  നെയ്യാറ്റിൻകര  ഡി.വൈ .എസ് .പി  യും  സംഘവും  സ്ഥലത്തെത്തി സമരക്കാരുമായി നടത്തിയ  ചർച്ചക്കൊടുവിൽ എസ് .ഐ സുഗതനെതിരെ  നല്കിയ പരാതി  സ്വീകരിക്കുകയും  നടപടി എടുക്കാമെന്ന്  വാക്കു നല്കുകയും ചെയ്തതോടെ  രാത്രി 10 മണിയോടുകൂടി  പ്രതിഷേധം അവസാനിപ്പിച്ചു . ഇന്നലെ രാത്രി  7.30 നു ജോലി കഴിഞ്ഞു വീട്ടിലേക്കു ബൈക്കിൽ  പോവുകയായിരുന്ന    മാരയമുട്ടം  സർവീസ്  സഹകരണ ബാങ്ക് ന്റെ  കീഴിലുള്ള  മാരയമുട്ടം  പെട്രോൾ പന്പിലെ  മാനേജർ  മണലുവിള  സ്വദേശി  ശ്രീകുമാർ  സഞ്ചരിച്ചിരുന്ന ബൈക്ക് എസ് .ഐ സുഗതൻ  തടഞ്ഞു നിർത്തുകയും  ലൈസൻസ്  , ആർ .സി  ബുക്കും പരിശോധിക്കുകയും ചെയ്തു . മഹിതഭൂമി  എന്ന മാഗസിനിൽ  എനിക്കെതിരെ  വാർത്ത എഴുതിയവൻ പ്രസിഡന്റ്‌ ആയ  ബാങ്കിന്റെ പെട്രോൾ  പന്പിലാണോ  നീ ജോലി ചെയ്യുന്നതെന്നു ചോദിച്ച   എസ് .ഐ അടുത്ത  ലക്കം  എഴുതാനൊരു  ഐറ്റം ഇരിക്കട്ടെ എന്ന് പറഞ്ഞാണ്  ശ്രീകുമാറിന്റെ അടിവയറ്റിൽ  ചവിട്ടുകയും ഇടിക്കുകയും ചെയ്ത ശേഷം ബൈക്ക്  കസ്റ്റടിയിൽ  എടുക്കുകയായിരുന്നു  എന്ന്  ശ്രീകുമാർ ഡി.വൈ .എസ് .പി ക്ക്  നല്കിയ പരാതിയിൽ പറയുന്നു



Contact Form

Name

Email *

Message *