Wednesday, 30 July 2014

മഹാനിധി സൂക്ഷിക്കുന്നത് ശാസ്ത്രീയമായി പായ്ക്ക് ചെയ്ത്‌.

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി സൂക്ഷിക്കുന്നത് ആധുനിക ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ച് പായ്ക്ക് ചെയ്തിട്ട്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് വിദഗ്ദ്ധര്‍ അമൂല്യസ്വത്തുക്കള്‍ നിലവറകളിലേക്ക് മാറ്റുന്നതിന് മുമ്പ് ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിച്ചത്.

മൂല്യനിര്‍ണയത്തിന്റെ ചുമതലയുള്ള വിദഗ്ദ്ധസമിതി, ഇതിന്റെ മേല്‍നോട്ട സമിതി, കോടതി പുതുതായി നിയോഗിച്ച ക്ഷേത്ര ഭരണസമിതി എന്നിവരാണ് യോഗം ചേര്‍ന്നത്.

2000 ലിറ്റര്‍ മണ്ണെണ്ണ പിടിച്ചെടുത്തു.

നെയ്യാറ്റിന്‍കര: തമിഴ്‌നാട്ടില്‍ നിന്നും പഴയകട ഭാഗത്തേക്ക് കടത്താന്‍ ശ്രമിച്ച 2000 ലിറ്റര്‍ മണ്ണെണ്ണ വാഹനപരിശോധനയ്ക്കിടയില്‍ എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു. ഒരു പിക്ക് അപ്പ് വാഹനത്തില്‍ 43 കന്നാസുകളിലാണ് മണ്ണെണ്ണ ഒളിപ്പിച്ചിരുന്നത്. വാഹനമോടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത വാഹനവും മണ്ണെണ്ണയു പൂവാര്‍ പോലീസിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ശോഭനകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ്. മോഹന്‍രാജ്, പ്രിവന്റീവ് ഓഫീസര്‍ കെ. ജയചന്ദ്രന്‍, രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ചാനല്‍ റിപ്പോര്‍ട്ടറെ മര്‍ദ്ദിച്ചസംഭവം; ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒന്നാംപ്രതി.

കിളിമാനൂര്‍: കിളിമാനൂര്‍ മുളയ്ക്കലത്ത്കാവില്‍ ചാനല്‍ റിപ്പോര്‍ട്ടറെയും ക്വാറി വിരുദ്ധ പ്രവര്‍ത്തകരെയും ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തില്‍ കിളിമാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിന്‍സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. കെ.ജി.പ്രിന്‍സ് ഒളിവിലാണെന്നും കിളിമാനൂര്‍ എസ്.ഐ. ടി.വിജയകുമാര്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ ഹൈന്ദവ സംഘടനാ നേതാക്കള്‍ക്ക് കേരളത്തില്‍നിന്ന് ഭീഷണിക്കത്ത്.

ചെന്നൈ: തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണി, ബി.ജെ.പി., വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളുടെ പത്തോളം നേതാക്കളെ വധിക്കുമെന്ന മുന്നറിയിപ്പുമായി കേരളത്തില്‍ നിന്ന് ഭീഷണിക്കത്ത്. പാലക്കാട്ടുനിന്നുമുള്ള കത്താണ് ഹിന്ദുമുന്നണിയുടെ ചിന്താദിരിപ്പേട്ടയുടെ സിറ്റി ഓഫീസില്‍ ലഭിച്ചത്. റംസാന്‍ദിനത്തില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള 10 നേതാക്കളെ വധിക്കുമെന്നാണ് കത്തില്‍ ഭീഷണി മുഴക്കിയതെന്ന് ഹിന്ദുമുന്നണി സിറ്റി സെക്രട്ടറി എസ്.എസ്. മുരുകേശന്‍ പറഞ്ഞു.
പാലക്കാട്ടുനിന്ന് പോസ്റ്റ് ചെയ്ത തമിഴില്‍ എഴുതിയ കത്തില്‍ പേരു വെളിപ്പെടുത്തിയിട്ടില്ല. നേതാക്കളുടെ പേര് വ്യക്തമായി പറഞ്ഞിട്ടില്ല. തമിഴ്‌നാടിന്റെ വിവിധജില്ലകളില്‍ താമസിക്കുന്ന നേതാക്കളുടെ പേരിന്റെ അവസാനത്തെ അക്ഷരമാണ് കത്തില്‍ സൂചനയായി എഴുതിയിരിക്കുന്നത്.
ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ചിന്താദിരിപ്പേട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് സംസ്ഥാനത്തെ ബി.ജെ.പി., ഹിന്ദുമുന്നണി, വി.എച്ച്.പി. ഓഫീസുകള്‍ക്ക് സുരക്ഷ ശക്തിപ്പെടുത്തി.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തിരുവള്ളൂര്‍, കന്യാകുമാരി എന്നിവിടങ്ങളിലെ രണ്ട് ഹിന്ദുമുന്നണിനേതാക്കളെ അജ്ഞാത സംഘം വെട്ടിക്കൊന്നിരുന്നു. തിരുവള്ളൂര്‍ ജില്ലാ ഹിന്ദുമുന്നണിസെക്രട്ടറി സുരേഷ് കുമാറിന്റെ കൊലയില്‍ പുതുതായി രൂപം കൊണ്ട മുസ്ലിംസംഘടനയുടെ പങ്ക് വ്യക്തമായതായി പോലീസ് വെളിപ്പെടുത്തിയിരുന്നു.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി., ഹിന്ദുമുന്നണി എന്നീ സംഘടനകളുടെ എട്ട് നേതാക്കളെ വധിച്ചിരുന്നു. സംഭവത്തില്‍ അല്‍-ഉമ തീവ്രവാദികളായ 'പോലീസ'് ഫക്രൂദ്ദീന്‍, പന്ന ഇസ്മയില്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റുചെയ്തിരുന്നു. മുഖ്യ കുറ്റവാളിയായ അബൂബക്കര്‍ സിദ്ദിഖിനെ ഇതുവരെ അറസ്റ്റുചെയ്തിരുന്നില്ല.

ദേശീയപാതകളില്‍ ടോള്‍ നിര്‍ത്തി പുതിയ നികുതിക്ക് കേന്ദ്രനീക്കം.

ന്യൂഡല്‍ഹി: ദേശീയപാതയില്‍ സ്വകാര്യ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നതു നിര്‍ത്തി പുതിയ നികുതി സമ്പ്രദായം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമമാരംഭിച്ചു.

സ്വകാര്യ വാഹനങ്ങളില്‍ നിന്നുള്ള ടോള്‍ പിരിവിലൂടെ ഖജനാവിന് വേണ്ടത്ര വരുമാനമുണ്ടാക്കാന്‍ കഴിയുന്നില്ലെന്ന വിദഗ്ധ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഇത്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് ഒറ്റത്തവണയായി രണ്ടു ശതമാനം നികുതി ഈടാക്കാനാണ് ശ്രമം നടക്കുന്നത്. ഇത് സംബന്ധിച്ച് ദേശീയപാതാ അതോറിറ്റി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്കു ശുപാര്‍ശ സമര്‍പ്പിച്ചു.

ലോക്കപ്പില്‍ ആവശ്യമായ വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

തിരുവനന്തപുരം: ഒരാളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടുമ്പോള്‍ സാധാരണ ധരിക്കാറുള്ള വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന കേരള പോലീസ് ആക്ടിലെ വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി.
പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നഗ്നരായോ അടിവസ്ത്രം മാത്രം ധരിപ്പിച്ചോ ആളുകളെ നിര്‍ത്തിയാല്‍ ഉത്തരവാദികളായ പോലീസുകാരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് കമ്മീഷന്‍ നേരത്തെ സര്‍ക്കാരിന് നല്‍കിയ ഉത്തരവ് പുനഃപരിശോധിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ജെ.ബി.കോശി തീരുമാനിച്ചു.

സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം.

തിരുവനന്തപുരം: പുതിയ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പ്രതികരിച്ച പെണ്‍കുട്ടികളെ വടിവാളും മറ്റ് മാരകായുധങ്ങളുമായെത്തിയ ഇരുപതംഗസംഘം പൊതുസ്ഥലത്ത് വെച്ച് മര്‍ദിച്ചവശരാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് കനകക്കുന്നില്‍ പൊതുജനത്തിന് മുന്നിലായിരുന്നു മര്‍ദനം. ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരാണ് അക്രമം നടത്തിയതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു.

മൂന്നാര്‍: വിധി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി.

കൊച്ചി: മൂന്നാറില്‍ ഒഴിപ്പിച്ച ഭൂമി വിട്ടുകൊടുക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റിവ്യൂ ഹര്‍ജിയോ അപ്പീലോ എന്നിവയിലൊന്നിന്റെ സാധുത ആരായും. വിധി പ്രതികൂലമായ സാഹചര്യത്തില്‍ തുടര്‍ നടപടി ചര്‍ച്ച ചെയ്യുന്നതിന് കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭം: ജയചന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കൊച്ചി: ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ആലപ്പുഴ പറവൂര്‍ സ്വദേശി ജയചന്ദ്രനെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും മൂന്ന് ദിവസത്തേക്കാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ കസ്റ്റഡിയില്‍ ജയചന്ദ്രനെ വിട്ടുകൊടുത്തത്.

മുന്‍ എം എല്‍ എമാര്‍ നേരിട്ടെത്തിയാല്‍ മാത്രം ഹോസ്റ്റലില്‍ മുറി.

തിരുവനന്തപുരം: എം എല്‍ എ ഹോസ്റ്റലില്‍ മുന്‍ എം എല്‍ എമാര്‍ക്ക് മുറി അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് തീരുമാനമെടുത്തത്.

Tuesday, 29 July 2014

മൂന്നാര്‍ കയ്യേറ്റം: യോഗം ഇന്ന്; തിരുവഞ്ചൂര്‍ പങ്കെടുക്കും.

തിരുവനന്തപുരം: മൂന്നാര്‍ കയേറ്റവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ആലോചിക്കുന്നതിനുള്ള ഉന്നതതല യോഗം ഇന്ന് വൈകീട്ട് നാലിന് കൊച്ചിയില്‍ നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കെടുക്കും.

യോഗത്തില്‍ പങ്കെടുക്കുന്നതിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചതിനെതുടര്‍ന്നാണ് തിരുവഞ്ചൂര്‍ തീരുമാനം അറിയിച്ചത്. യോഗത്തിലേയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ലാത്തതിനാല്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. വാര്‍ത്തകളിലൂടെയാണ് യോഗത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതെതുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ടാണ് മന്ത്രിയെ ക്ഷണിച്ചത്.

യോഗത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുക്കും.

മാവോയിസ്റ്റ് ബന്ധം: സ്വിസ് പൗരന്‍ കസ്റ്റഡിയില്‍.

തൃശ്ശൂര്‍: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്വിസ് പൗരന്‍ ജോനാഥന്‍ ബോണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാവോവാദി നേതാവായ തളിക്കുളം വേളേക്കാട്ട് സിനോജിന്റെ അനുസ്മരണചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ബോണ്ടിനെ വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തത്. തൃപ്രയാറിലെ എസ്എന്‍ഡിപി യോഗം ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജോനാഥന്‍ പ്രസംഗിക്കുകയുംചെയ്തിരുന്നു.

ജയചന്ദ്രന്‍ എംഎല്‍എ ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകനെന്ന് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയില്‍ കേസിലെ പ്രതി ജയചന്ദ്രന് എംഎല്‍എമാരുമായി അടുത്തബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി എംഎല്‍എ ഹോസ്റ്റലില്‍ ഇയാള്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. ചില എംഎല്‍എമാരുടെ സഹായിയായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വിവരംലഭിച്ചിട്ടുണ്ട്.

Monday, 28 July 2014

അരുവിപ്പുറത്തിന്റെ പൈതൃകം നിലനിര്‍ത്തണം.

നെയ്യാറ്റിന്‍കര: ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിന്റെയും അനുബന്ധമായ സ്ഥലങ്ങളുടെയും പൈതൃകം സംരക്ഷിക്കണമെന്ന് അരുവിപ്പുറം പൈതൃക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
അരുവിപ്പുറം മഠത്തിലെ കെട്ടിടങ്ങള്‍, ശങ്കരന്‍കുഴി, പ്ലാവ്, വിഗ്രഹം കൊണ്ടുവന്ന പാത, ഗുരുദേവന്‍നട്ട വൃക്ഷം, കൊടിതൂക്കിമലയിലെ ഗുഹ, തീര്‍ഥക്കിണര്‍, ഭൈരവന്‍ശാന്തി സമാധി എന്നിവ പൈതൃകമേഖലയായി പ്രഖ്യാപിക്കുകയും പൗരാണികത്തനിമയില്‍ സംരക്ഷിക്കുകയും വേണമെന്ന് സമിതി ആവശ്യപ്പെട്ടു.

നെയ്യാറ്റിന്‍കര സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ നിറയുന്നു.

നെയ്യാറ്റിന്‍കര: സിവില്‍ സ്റ്റേഷന്റെ പുറകുഭാഗത്ത് ഡി വൈ.എസ്.പി. ഓഫീസിലേക്കുള്ള പാതയ്ക്കരികില്‍ വാഹനങ്ങള്‍ നിറയുന്നു. ആര്‍. ടി. അധികൃതര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പിടികൂടിയ വാഹനങ്ങളാണ് മാസങ്ങളായി സ്റ്റേഷന്‍ പരിസരത്ത് വഴിമുടക്കുന്നത്. തുരുമ്പെടുത്തു തുടങ്ങിയ വാഹനങ്ങളെ മറ്റൊരിടത്തേക്ക് മാറ്റാന്‍ നടപടി ഉണ്ടാകുന്നില്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജവാനെ പോലീസ് അറസ്റ്റ് ചെയ്തു.

നെയ്യാറ്റിന്‍കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജവാനെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിപ്പുറം ചാണിക്കുഴി ആര്‍. ജെ. നിവാസില്‍ അനില്‍ജോയി (20) ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

വ്യാജപരാതി: സ്ത്രീധനനിരോധന നിയമത്തില്‍ ഭേദഗതി വരുന്നു.

ന്യൂഡല്‍ഹി: വ്യാജപരാതി നല്‍കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കി സ്ത്രീധനനിരോധന നിയമത്തില്‍ ഭേദഗതിവരുത്തുന്നു. സ്ത്രീധന നിരോധനനിയമം ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭേദഗതി പരിഗണിക്കുന്നത്. നിലവിലുള്ള വ്യവസ്ഥകളില്‍ മാറ്റംവരുത്തുന്നതിനുപുറമെ, 'സ്ത്രീധനം' എന്താണെന്ന് കൂടുതല്‍ വ്യക്തമാക്കാനുമാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മുന്‍മന്ത്രിമാരെയും മുന്‍എം.പിമാരെയും ഒഴിപ്പിച്ചുതുടങ്ങി.

ന്യൂഡല്‍ഹി: സര്‍ക്കാര്‍വസതികളില്‍ കഴിയുന്ന മുന്‍മന്ത്രിമാരെയും മുന്‍ എം.പിമാരെയും കേന്ദ്രസര്‍ക്കാര്‍ ഒഴിപ്പിച്ചുതുടങ്ങി. 20 മുന്‍മന്ത്രിമാര്‍ക്കും 120 മുന്‍ എം.പിമാര്‍ക്കുമാണ് വീടൊഴിയാനുള്ള നോട്ടീസ് നല്‍കിത്തുടങ്ങിയത്.
നഗരവികസനമന്ത്രി വെങ്കയ്യനായിഡുവിന്റെ അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന് ഈ മാസം 25 മുതല്‍ നടപടിയാരംഭിച്ചതായി നഗരവികസനമന്ത്രാലയം അറിയിച്ചു.

ആഡംബര നൗകയില്‍ നിശാപാര്‍ട്ടിക്കിടെ റെയ്ഡ്: മദ്യവും കഞ്ചാവും പിടിച്ചെടുത്തു.

കൊച്ചി: ആഡംബര ബോട്ടിനുള്ളില്‍ രാത്രിയില്‍ ഡാന്‍സ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ മദ്യവും കഞ്ചാവും പിടിച്ചെടുത്തു. കൊച്ചി മറൈന്‍ഡ്രൈവ് മഴവില്‍പ്പാലത്തിനു സമീപത്തെ ബോട്ടുജെട്ടിയില്‍ യാത്ര പുറപ്പെടാനായി കിടന്നിരുന്ന 'ക്രീക്ക് ക്രൂയിസ്' ബോട്ടിലായിരുന്നു മിന്നല്‍ പരിശോധന. പാര്‍ട്ടിക്കിടെ ഉപയോഗിക്കാനായി കരുതിയിരുന്ന 256 ബോട്ടില്‍ ബിയര്‍, 10 കുപ്പി വിദേശമദ്യം എന്നിവയും പത്ത് ഗ്രാമോളം കഞ്ചാവുമാണ് പോലീസ് പിടിച്ചെടുത്തത്. ചെറിയ പൊതികളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. സംഭവവുമായി ബന്ധപ്പെട്ട് ബോട്ടിന്റെ ലൈസന്‍സികളായ ഷിജിന്‍, ഷനോജ്, ഡാന്‍സ് പാര്‍ട്ടിയുടെ സംഘാടകരായ പ്രശാന്ത്, എലിസബത്ത് എന്നിവരെ
കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി അതേ നിലവറകളില്‍ തിരിച്ചുെവയ്ക്കും.

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി പരിശോധനയ്ക്കുശേഷം അവ കണ്ടെത്തിയ അതേ നിലവറയില്‍ തന്നെ തിരിച്ചു െവയ്ക്കാനുള്ള നടപടികളായി. നിധി ശേഖരം ശാസ്ത്രീയമായി അടച്ച് ഭദ്രമാക്കിയാകും പെട്ടികളില്‍ സൂക്ഷിക്കുക. ശേഖരത്തിന്റെ ഭൂരിഭാഗവും കണ്ടെത്തിയ ശ്രീ ഭണ്ഡാര നിലവറ(എ)യിലെ അമൂല്യ വസ്തുക്കളാണ് ആദ്യം തിരിച്ചുെവയ്ക്കുന്നത്. എ നിലവറ അന്താരാഷ്ട്ര സുരക്ഷാ നിലവാരത്തിനനുസരിച്ച് ശക്തിപ്പെടുത്തിക്കഴിഞ്ഞു. കണക്കെടുപ്പ് തുടങ്ങി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവ തിരിച്ച് നിലവറയിലേക്ക് മാറ്റുന്നത്.

കേരളത്തില്‍ പൂര്‍ണ മദ്യനിരോധനം നടപ്പാക്കണം- പി.സി.ജോര്‍ജ്‌.

കോട്ടയം: കേരളത്തില്‍ ഘട്ടംഘട്ടമായിട്ടല്ല പൂര്‍ണ മദ്യനിരോധനമാണ് നടപ്പാക്കേണ്ടതെന്ന് ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു. കേരള ഹോമിയോശാസ്ത്രവേദിയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹോമിയോശാസ്ത്രവേദി ചെയര്‍മാന്‍ ഡോ. ടി.എന്‍.പരമേശ്വരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സ്വാമി ആതുരദാസ് അവാര്‍ഡ് ആത്മതാകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് കൊച്ചെളേച്ചം കളത്തിന് പി.സി.ജോര്‍ജ് സമ്മാനിച്ചു. സി.എഫ്.തോമസ് എം.എല്‍.എ. പ്രശംസാപത്രവും പൊന്നാടയും നല്‍കി ആദരിച്ചു.

അപകടങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ പദ്ധതി.

തിരുവനന്തപുരം: അപകടങ്ങളില്‍പ്പെട്ട് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നു. മൂന്ന് ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കാണിതു ലഭിക്കുക. വാഹനാപകട മരണങ്ങളില്‍ കോടതി വഴി ലഭിക്കുന്ന നഷ്ടപരിഹാരത്തിന് പുറമെയാണ് സര്‍ക്കാറിന്റ ഈ ധനസഹായം.

ബ്ലാക്ക് മെയില്‍ കേസ്: ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം.

തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെയും അന്വേഷണം. ശരത്ചന്ദ്രപ്രസാദിന് കേസിലെ പ്രതിയായ ജയചന്ദ്രനുമായി നേരിട്ടു ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

Saturday, 26 July 2014

മാരായമുട്ടത്തെ ബിവറേജസ് പൂട്ടാന്‍ ധര്‍ണ നടത്തി.

നെയ്യാറ്റിന്‍കര: മാരായമുട്ടത്തെ ബിവറേജസ് ഷോപ്പ് പൂട്ടാന്‍ ആവശ്യപ്പെട്ട് മദ്യനിരോധന സമിതി താലൂക്ക് കമ്മറ്റി ഷോപ്പിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
സമിതി സംസ്ഥാന ജനറല്‍സെക്രട്ടറി ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സത്യശീലന്‍ അധ്യക്ഷനായി. മരങ്ങാലി സനല്‍, ടൗണ്‍ ഇമാം റഫീഖ് മൗലവി, അഹന്ത് വാസുദേവാനന്ദപുരി, എന്‍. മിശിഹാദാസ്, കെ.പി. ദുര്യോധനന്‍, പി. ശ്രീകുമാര്‍, നാരായണപുരം ഹരി, കെ. സോമശേഖരന്‍ എന്നിവരും നിരവധി വനിതകളും ധര്‍ണയില്‍ പങ്കെടുത്തു.

സിവില്‍ സര്‍വീസ് പരീക്ഷാര്‍ഥികളുടെ പ്രതിഷേധം അക്രമാസക്തമായി; മെട്രോ സ്റ്റേഷനുകള്‍ അടച്ചു.

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയില്‍ ഹിന്ദിമേഖലയില്‍ നിന്നുള്ളവരോട് വിവേചനം കാട്ടുന്നുവെന്നാരോപിച്ച് പരീക്ഷാര്‍ഥികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തു. പ്രതിഷേധം നിയന്ത്രിക്കാനായി പോലീസ് പാര്‍ലമെന്റിന് സമീപത്തെ രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു.

നാടാര്‍ സംവരണം: ശുപാര്‍ശ നല്‍കാന്‍ ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷനെ നിയമിച്ചു.

തിരുവനന്തപുരം : നാടാര്‍ വിഭാഗത്തിന് സംവരണം നല്‍കുന്നത് സംബന്ധിച്ച് ശുപാര്‍ശ നല്‍കാന്‍ ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ അധ്യക്ഷനായി സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായത്. എന്നാല്‍ പിന്നാക്ക വിഭാഗത്തിന്റെ സംവരണം സംബന്ധിച്ച ശുപാര്‍ശ നല്‍കേണ്ടത് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനായിരിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള കേസിലാണ് ഈ വിധി.

കേരളത്തിലേക്ക് വരുന്നത് പ്രതിദിനം ഒരുടണ്‍ കഞ്ചാവ്; മദ്യത്തേക്കാള്‍ വലിയ വിപത്താവുന്നു.

പാലക്കാട്: കേരളത്തിന് മദ്യത്തേക്കാള്‍ വലിയഭീഷണിയായി കഞ്ചാവ്. സംസ്ഥാനത്തിനകത്തെ കഞ്ചാവുകൃഷി കുറഞ്ഞതായി പറയപ്പെടുമ്പോഴും പ്രതിദിനം ഒരുടണ്‍ കഞ്ചാവ് വിവിധ അതിര്‍ത്തികളിലൂടെ കടത്തിക്കൊണ്ടുവരുന്നതായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

വനിതാ പോലീസുകാരുെട പദവി ഉയര്‍ത്തും - ആഭ്യന്തരമന്ത്രി.

തിരുവനന്തപുരം: ഇരുപത്തിമൂന്ന് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ വനിതാ പോലീസിന്റെ പദവി അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറായി ഉയര്‍ത്തുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യവകുപ്പുമായി സഹകരിച്ച് പോലീസുകാര്‍ക്കായി നടപ്പാക്കുന്ന സൗജന്യ ആരോഗ്യ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.

റായ്പൂര്‍: 22 കാരിയായ ഭൂമിക ജൂലായ് 24 എന്ന ദിനം ഇനി ഒരിക്കലും മറക്കാനിടയില്ല. മൊബൈലില്‍ ഒരു സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ പാലത്തില്‍ നിന്നും പുഴയിലേക്ക് വീണ ഭൂമിക ഇന്ന് ജീവിച്ചിരിക്കുന്നത് ഭാഗ്യത്തിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലും മൂലമാണ്.

25,000 കോടിയുടെ ക്രമക്കേട്: ഗുജറാത്ത് സര്‍ക്കാരിനെതിരെ സി.എ.ജി.


ഗാന്ധിഗര്‍: ഗുജറാത്തില്‍ വന്‍കിട കമ്പനികള്‍ക്ക് അനര്‍ഹമായ ഇളവുകള്‍ നല്‍കിയതിലൂടെയും സാമ്പത്തിക രംഗത്തെ ദുര്‍ഭരണവും കാരണം 25,000 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സിഎജി റിപ്പോര്‍ട്ട്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന 2013 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ അഞ്ച് ഓഡിറ്റ് റിപ്പോര്‍ട്ടുകളിലാണ് ഗുരുതരമായ പാളിച്ചകള്‍ എടുത്തുപറഞ്ഞിരിക്കുന്നത്.

'മൂന്നാറില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിച്ചു മാത്രം നടപടി'.

കോഴിക്കോട്: മൂന്നാര്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന നടപടി മാത്രമേ സര്‍ക്കാര്‍ കൈക്കൊള്ളുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മൂന്നാറില്‍ റിസോര്‍ട്ടുകള്‍ പൊളിച്ച് ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അധിക പ്‌ളസ് ടു ബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട് എം.ഇ.എസ്. പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെണ്‍വാണിഭ കേസ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനത്തില്‍.

തിരുവനന്തപുരം: പോലീസ് അറസ്റ്റ് ചെയ്ത കൊച്ചി ബ്ലാക്ക് മെയിലിങ് പെണ്‍വാണിഭ കേസിലെ പ്രതി ജയചന്ദ്രന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനത്തില്‍. ജയചന്ദ്രന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെ.എസ്. ജോഷിയുടെ സ്‌കോര്‍പ്പിയോ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മൂന്നാര്‍ ദൗത്യത്തിന് തിരിച്ചടി; ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കണം.

കൊച്ചി: സര്‍ക്കാര്‍ മൂന്നാറില്‍ നടത്തിയ കൈയേറ്റം ഒഴിപ്പിക്കലിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ദൗത്യസംഘം ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കാന്‍ ഹൈക്കോടതി ഗ്രീന്‍ ബെഞ്ച് ഉത്തരവിട്ടു. ദൗത്യസംഘത്തിന്റെ നടപടി ചോദ്യം ചെയ്ത് മൂന്നാര്‍ വുഡ്‌സ്, ക്ലൗഡ്-9, അബാദ് എന്നീ റിസോര്‍ട്ടുകള്‍ നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്. പള്ളിവാസല്‍ വില്ലേജിലെ മൂന്നാര്‍ വുഡ്‌സിന്റെ 2.84 ഏക്കര്‍, ചിന്നക്കനാലിലെ ക്ലൗഡ് നയണ്‍ റിസോര്‍ട്ട്, അവരുടെ ഒരു ഹെക്ടറിലേറെ വരുന്ന സ്ഥലം എന്നിവ ഏറ്റെടുത്ത നടപടിയും ആനവിരട്ടിയിലെ അബാദിന്റെ 40.47 ആര്‍ സ്ഥലത്തിന്റെ പട്ടയം റദ്ദു ചെയ്ത നടപടിയും ഹൈക്കോടതി റദ്ദാക്കി.

ഗാസ: പന്ത്രണ്ട് മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണ.

ജറുസലേം: രൂക്ഷമായ പോരാട്ടത്തിന്റെ വേദിയായ ഗാസയില്‍ പന്ത്രണ്ട് മണിക്കൂര്‍ വെടിനിര്‍ത്താന്‍ ഇസ്രായേലും ഹമാസും ധാരണയായി. ഒരാഴ്ചത്തെ വെടിനിര്‍ത്ത കരാറിനുവേണ്ടി അമേരിക്കയുടെ മധ്യസ്ഥതയില്‍ തിരക്കിട്ട ശ്രമം നടക്കുന്നതിനിടെയാണ് ഇരുവരുടെയും ഭാഗത്ത് നിന്ന് ശുഭസൂചകമായ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

Thursday, 24 July 2014

മരണവുമായി വണ്ടിയെത്തി; കുരുന്നുകള്‍ യാത്രയായി.

മസായിപേട്ട്: സ്‌കൂള്‍ ബാഗില്‍നിന്ന് തെറിച്ചുപോയ ചോറ്റുപാത്രത്തില്‍ പുളിച്ചോറും റൊട്ടിക്കഷ്ണങ്ങളും പറ്റിപ്പിടിച്ചിരിക്കുന്നു. ഊരിപ്പോയ കറുപ്പ്ഷൂകളും കീറിപ്പറിഞ്ഞബാഗില്‍ നിന്ന് ഛോട്ടാഭീമിന്റെ നെയിംസ്ലിപ്പൊട്ടിച്ച പുസ്തകങ്ങളും റെയില്‍പ്പാളത്തിനരികില്‍ ചിതറിക്കിടക്കുന്നു. ചോരപടര്‍ന്ന സ്‌കൂള്‍ യൂണിഫോമണിഞ്ഞ കുഞ്ഞുങ്ങളുടെ നിശ്ചലശരീരം കെട്ടിപ്പിടിച്ചുമ്മവെച്ച് അമ്മമാര്‍ ആര്ത്തുകരയുന്നു. എല്ലാത്തിനും മൂകസാക്ഷിയായി മരണവണ്ടിയായെത്തി കുരുന്നുകളുടെ ജീവനെടുത്ത നന്ദേഡ്‌സെക്കന്തരാബാദ് പാസഞ്ചര്‍.

പോലീസ് സേനയില്‍ ഓരോ വര്‍ഷവും റിക്രൂട്ട്‌മെന്റ് നടത്തും - മന്ത്രി രമേശ് ചെന്നിത്തല.

തിരുവനന്തപുരം: പോലീസ് സേനയില്‍ ഒരോ വര്‍ഷവും പുതിയ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണനുമായി ഇക്കാര്യം വ്യാഴാഴ്ച ചര്‍ച്ച നടത്തിയതായി ആഭ്യന്തരമന്ത്രി പറഞ്ഞു.
നിലവിലെ സ്ഥിതി അനുസരിച്ച് റിക്രൂട്ട്‌മെന്റ് നടപടി പൂര്‍ത്തിയാക്കാന്‍ ഏഴ് വര്‍ഷംവരെ എടുക്കുന്നുണ്ട്. ഇത് കാരണം സേനക്ക് അനുയോജ്യമായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ കഴിയുന്നില്ല. കൂടുതല്‍ ഉര്‍ജസ്വലരായ ഉദ്യോഗസ്ഥരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒരോ വര്‍ഷവും റിക്രൂട്ട്‌മെന്റ് നടത്താന്‍ ആലോചിക്കുന്നതെന്ന് പി.എസ്.സി. ചെയര്‍മാന്‍ വ്യക്തമാക്കി.

ബാര്‍ പൂട്ടിയ ശേഷം ബിയര്‍ വില്പന പകുതിയായി കുറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ 418 ബാര്‍ പൂട്ടിയതിന് ശേഷം ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് പിന്നാലെ ബിയര്‍ ഉപഭോഗവും പകുതിയായി കുറഞ്ഞു. ബാറുകള്‍ പൂട്ടുന്നതിന് മുമ്പ് മാര്‍ച്ചില്‍ 12.8 ലക്ഷം കെയ്‌സ് ബിയര്‍ വിറ്റപ്പോള്‍ ജൂണില്‍ ഇത് 6.97 ലക്ഷമായി കുറഞ്ഞു. ഏറ്റവും കൂടുതല്‍ ചൂടുള്ള ഏപ്രില്‍ , െമയ് മാസങ്ങളിലും ബിയര്‍ വില്പനയില്‍ വന്‍കുറവുണ്ടായി.

മലവെള്ളപ്പാച്ചിലില്‍ നിയന്ത്രണം വിട്ട ചങ്ങാടം യാത്രക്കാരുമായി കടലിലേക്ക് ഒഴുകി.




പൊന്നാനി: മലവെള്ളപ്പാച്ചിലില്‍ നിയന്ത്രണം വിട്ട് മുപ്പതോളം യാത്രക്കാരുമായി കടലിലേക്ക് ഒഴുകിപ്പോയ ചങ്ങാടം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീരത്തെത്തിച്ചു. കനത്ത മഴ കാരണം കുത്തിയൊഴുകിയ വെള്ളത്തിന്റെ ശക്തിയില്‍ ജെട്ടിയില്‍ ചങ്ങാടംകെട്ടിയിട്ട രണ്ടുകയറുകളും പൊട്ടുകയായിരുന്നു. യാത്രക്കാരെ കൂടാതെ രണ്ടു കാറും നാലു ബൈക്കും ചങ്ങാടത്തിലുണ്ടായിരുന്നു. മൂന്നു തോണികള്‍ കൂട്ടിക്കെട്ടി മരം കൊണ്ട് നിര്‍മിച്ചതാണ് ചങ്ങാടം.

കാറില്‍ എത്തിയവര്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ പണമടങ്ങിയ ബാഗ് തട്ടിയെടുത്തു.

കോട്ടയ്ക്കല്‍: പുലര്‍ച്ചെ കാറില്‍ പെട്രോള്‍ നിറയ്ക്കാനെത്തിയ സംഘം പമ്പ് ജീവനക്കാരന്റെ ഒരു ലക്ഷത്തോളം രൂപയുള്ള ബാഗ് തട്ടിപ്പറിച്ച് കടന്നു. ദൃശ്യങ്ങള്‍ സി.സി.ടി.വി. കാമറയില്‍ പതിഞ്ഞുവെങ്കിലും നമ്പര്‍ വ്യക്തമായിട്ടില്ല. എന്നാല്‍ തട്ടിപ്പറിച്ചയാളുടെ മുഖം വ്യക്തമാണ്.
ദേശീയപാതയില്‍ പറമ്പിലങ്ങാടിയിലെ ഇന്ത്യന്‍ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പില്‍ വ്യാഴാഴ്ച കാലത്ത് അഞ്ച് മണിയോടെയാണ് സംഭവം. ചങ്കുവെട്ടി ഭാഗത്തു നിന്നാണ് കാര്‍ പെട്രോള്‍ നിറയ്ക്കാനെത്തിയത്.

വാര്‍ഡിനോട് അവഗണന: മേയറുടെ ചേംബറിനു മുന്നില്‍ കൗണ്‍സിലര്‍ കൈഞരമ്പ് മുറിച്ചു.

കോഴിക്കോട്: കോര്‍പ്പറേഷന്‍കൗണ്‍സിലില്‍ നിരന്തരമായി അവശ്യപ്പെട്ടിട്ടും വാര്‍ഡ് വികസനത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ കൈഞരമ്പ് മുറിച്ചു. അത്താണിക്കല്‍ വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് അംഗവുമായ സി.എസ്. സത്യഭാമയാണ് മേയര്‍ പ്രൊഫ. എ.കെ. േപ്രമജത്തിന്റെ ചേംബറിനു മുമ്പില്‍ ഞരമ്പ് മുറിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

ഗാസയിലെ അഭയാര്‍ഥികേന്ദ്രത്തില്‍ ഇസ്രായേല്‍ ആക്രമണം; 15 മരണം.

ജെറുസലേം: ഗാസയിലെ യു.എന്‍. അഭയാര്‍ഥികേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷാവസ്ഥയ്ക്ക് അറുതിവരുത്താന്‍ ഐക്യരാഷ്ട്രസഭയും അമേരിക്കയും നടത്തുന്ന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലാതിരിക്കെയാണ് അഭയാര്‍ഥികേന്ദ്രം ആക്രമിക്കപ്പെട്ടത്. വടക്കന്‍ ഗാസയിലെ സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. ഇസ്രായേല്‍ ആക്രമണം പതിനേഴ് ദിവസം പിന്നിടുമ്പോള്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 770 ആയി. ഹമാസിന്റെ പ്രത്യാക്രമണങ്ങളില്‍ 35 ഇസ്രായേലികള്‍ മരിച്ചു.

കാണാതായ അള്‍ജീരിയന്‍ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി.

അല്‍ജിയേഴ്‌സ്: ബുര്‍ക്കിന ഫാസോയില്‍ നിന്ന് അല്‍ജിയേഴ്‌സിലേയ്ക്ക് 116 യാത്രക്കാരുമായി പോവുന്നതിനിടെ കാണാതായ വിമാനം തകര്‍ന്നുവീണതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടം മാലിയില്‍ കണ്ടെത്തി. അല്‍ജിയേഴ്‌സില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ബുര്‍ക്കിന ഫാസോ അതിര്‍ത്തിക്കടുത്ത് ഗോസ്സിയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. ഇതുവഴി പറന്ന ഒരു ഹെലികോപ്റ്ററിലെ ജീവനക്കാരാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയ വിവരം സൈന്യത്തെ അറിയിച്ചത്. പ്രദേശത്ത് ജഡങ്ങള്‍ കണ്ടതായും ഇവര്‍ അറിയിച്ചിട്ടുണ്ട്. ഇവിടെ തിരച്ചില്‍ നടത്താന്‍ മാലി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഭൂപടങ്ങളില്‍ സുരക്ഷ തേടേണ്ടവര്‍.

സ്ത്രീകള്‍ക്കെതിരായുളള ലൈംഗീകാതിക്രമം തുടരുന്ന ഒരു സമസ്യയായി മാറിക്കൊണ്ടിരിക്കുകയാണ്. നിയമങ്ങള്‍ക്കും മനുഷ്യാവകാശ കമ്മീഷനുകള്‍ക്കും പിന്തുടരാനാവുന്നതിനേക്കാള്‍ വേഗത്തിലാണ് കാമവെറിയന്മാര്‍ തങ്ങളുടെ കരാളഹസ്തങ്ങളെ സമൂഹത്തിലേക്ക് നീട്ടി ഇരകളെ കണ്ടെത്തുന്നത്. ഇവരുടെ കാഴ്ചപ്പാടില്‍ സ്ത്രീകള്‍ അഭിനിവേശങ്ങള്‍ക്കു തീര്‍പ്പുണ്ടാക്കാനായി സൃഷ്ടിക്കപ്പെട്ട ജീവിസമൂഹം മാത്രം. അവളെ വളര്‍ത്തണോ അനുഭവിക്കണോ കൊല്ലണോ എന്നു തീരുമാനിക്കേണ്ടത് തങ്ങളാണ്.

തെലങ്കാനയില്‍ സ്‌കൂള്‍ ബസ്സില്‍ ട്രെയിനിടിച്ച് 20 കുട്ടികള്‍ മരിച്ചു.

മേഡക്: തെലങ്കാനയിലെ മേഡക് ജില്ലയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 20 വിദ്യാര്‍ഥികള്‍ മരിച്ചു. മേഡക്കിലെ മസൈപേട്ട് ഗ്രാമത്തിലെ ലെവല്‍ ക്രോസില്‍ ഇന്നു കാലത്താണ് അപകടമുണ്ടായത്. ലെവല്‍ ക്രോസ് മുറിച്ചു കടക്കുകയായിരുന്ന ബെസ്സില്‍ നന്ദെഡിലേയ്ക്ക് പോവുകയായിരുന്നു പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. മേഡക്കിലെ തൂപ്രാനിലെ കാകാത്തിയ സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂ.

റേഷന്‍കാര്‍ഡുകള്‍ പുതുക്കുന്നു; കാര്‍ഡുകള്‍ ഇനി ഗൃഹനാഥയുടെ പേരില്‍.

പാലക്കാട്: സംസ്ഥാനത്ത് റേഷന്‍കാര്‍ഡ് പുതുക്കുന്ന ജോലികള്‍ ആഗസ്തില്‍ ആരംഭിക്കും. 2012ല്‍ നടക്കേണ്ടിയിരുന്ന കാര്‍ഡ് പുതുക്കലാണ് രണ്ടുവര്‍ഷം വൈകി നടക്കുന്നത്. കാര്‍ഡുകള്‍ പുതുക്കിനല്‍കാന്‍ തീരുമാനിച്ചതോടെ പുതിയ കാര്‍ഡുകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കാനും തീരുമാനമായിട്ടുണ്ട്.

പഠിപ്പുമുടക്കുസമരം പൂര്‍ണമായി ഉപേക്ഷിക്കാനാവില്ലെന്ന് സി.പി.എം.

തിരുവനന്തപുരം: പഠിപ്പുമുടക്കുസമരങ്ങള്‍ എസ്.എഫ്.ഐ. ഉപേക്ഷിക്കണമെന്ന കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ നിലപാട് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. വിദ്യാര്‍ഥികളെ ബാധിക്കുന്ന പ്രശ്‌നത്തിന്റെ ഗൗരവമനുസരിച്ച് പഠിപ്പുമുടക്കുസമരം വേണമോയെന്ന കാര്യത്തില്‍ വിദ്യാര്‍ഥിസംഘടനയ്ക്ക് തീരുമാനമെടുക്കാമെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അതേസമയം അനാവശ്യമായ പഠിപ്പുമുടക്കുസമരങ്ങളോട് യോജിപ്പില്ലെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ദമ്പതിമാര്‍ ഷോക്കടിക്കുന്ന ജീപ്പില്‍ കഴിഞ്ഞത് രണ്ടു മണിക്കൂര്‍.

ഒല്ലൂര്‍(തൃശ്ശൂര്‍): രാത്രി നടുറോഡില്‍ പൊട്ടിവീണ വൈദ്യുതിക്കമ്പി വാഹനത്തില്‍ ചുറ്റിയെങ്കിലും ബൈക്ക് യാത്രികനായ യുവാവും ജീപ്പ് യാത്രക്കാരായ ദമ്പതിമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ജീപ്പിന്റെ ലോഹഭാഗങ്ങളില്‍ വൈദ്യുതി പ്രവഹിച്ചതോടെ ദമ്പതിമാര്‍ രണ്ട് മണിക്കൂറോളം ഉള്ളില്‍ കുടുങ്ങി. പിന്നീട് വൈദ്യുതിബന്ധം വിഛേദിച്ചശേഷമാണ് ഇവരെ പുറത്തിറക്കിയത്. ബുധനാഴ്ച പുലര്‍െച്ച ഒന്നരയോടെ അഞ്ചേരിച്ചിറയ്ക്കും ചേലക്കോട്ടുകരയ്ക്കും ഇടയിലാണ് സംഭവം.

ഡല്‍ഹിയിലെത്തിയത് പുന:സംഘടനാ ചര്‍ച്ചയ്ക്കല്ല: മുഖ്യമന്ത്രി.

ന്യൂഡല്‍ഹി: താന്‍ ന്യൂഡല്‍ഹിയിലെത്തിയത് സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തരം ഒരു വിഷയവും ഇപ്പോള്‍ അജണ്ടയിലില്ല. സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ അക്കാര്യം ആദ്യം ചര്‍ച്ച ചെയ്യേണ്ടത് കേരളത്തിലാണ്. കോണ്‍ഗ്രസിലും മുന്നണിയിലും വേണം ആദ്യം ചര്‍ച്ച നടക്കാന്‍. അതിനുശേഷം മാത്രമേ ഡെല്‍ഹിയില്‍ ചര്‍ച്ച നടക്കുകയുള്ളൂ. എന്നാല്‍, ഇതുവരെ കേരളത്തില്‍ അത്തരത്തിലുള്ള യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല-മുഖ്യമന്ത്രി പറഞ്ഞു.

Wednesday, 23 July 2014

മാരായമുട്ടം ബിവറേജസ് ഷോപ്പ് പൂട്ടാന്‍ തുടര്‍പ്രക്ഷോഭം....

പെരുങ്കടവിള: മാരായമുട്ടത്തെ ബിവറേജസ് ഷോപ്പ് പൂട്ടാന്‍ മാരായമുട്ടം മദ്യവിരുദ്ധ കര്‍മസമിതി തുടര്‍പ്രക്ഷോഭം നടത്തും. ഇതിന് വിവിധ സംഘടനകള്‍ പിന്തുണ അറിയിച്ചു.
മാരായമുട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അര കിലോമീറ്ററിനടുത്താണ് ബിവറേജസ് ഷോപ്പുള്ളത്. ശ്രീനാരായണഗുരു നവോത്ഥാനത്തിന് തുടക്കം കുറിച്ച അരുവിപ്പുറവും ഇതിന് സമീപത്താണ്.

മദ്യപിക്കുന്നവരെ കോണ്‍ഗ്രസ് ഭാരവാഹികളാക്കില്ല; പാര്‍ട്ടി പുനഃസംഘടന അടുത്ത മാസം.

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനഃസംഘടന ആഗസ്ത് 10ന് തുടങ്ങി 31ന് അവസാനിക്കും. ആദ്യഘട്ടമായി ആഗസ്ത് 10 ന് സംസ്ഥാനത്തെ 21,458 ബൂത്തുകമ്മിറ്റികളുടെയും രൂപവത്കരണം ഒറ്റദിവസംകൊണ്ട് നടത്തും. രാഷ്ട്രീയേതര ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെയും മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരെയും ഭാരവാഹിത്വത്തിനായി പരിഗണിക്കരുതെന്ന് കെ.പി.സി.സി നിര്‍േദശിച്ചു. കെ.പി. സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസ്സന്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.

'വെള്ളം തരിക; അല്ലെങ്കില്‍ മരിക്കുക' - ബുന്ദേല്‍ഖണ്ഡുകാര്‍ക്ക് കൊള്ളക്കാരുടെ ഭീഷണി.

ബന്ദ (ഉത്തര്‍ പ്രദേശ്): ''ദിവസം 35 ബക്കറ്റ് വെള്ളം തരിക, അല്ലെങ്കില്‍ വെടിയേറ്റ് മരിക്കുക'' വരള്‍ച്ചയാല്‍ വലയുന്ന ബുന്ദേല്‍ഖണ്ഡുകാരോടുള്ള കൊള്ളക്കാരുടെ ആജ്ഞയാണിത്. വെള്ളം കിട്ടാതെ ദുരിതമനുഭവിക്കുകയാണ് കൊള്ളക്കാരും. കിലോമീറ്ററുകള്‍ താണ്ടി കഷ്ടപ്പെടാതെ വെള്ളംകിട്ടാനാണ് അവരുടെ ഭീഷണി.

തലയ്ക്ക് ആറ്് ലക്ഷം രൂപ വിലയിട്ട സുദേഷ് കുമാര്‍ പട്ടേലിന്റെ ബല്‍ഖാരിയ കൊള്ളസംഘമാണ് ബുധനാഴ്ച ഗ്രാമീണര്‍ക്ക് ഭീഷണി സന്ദേശം നല്‍കിയത്. ബുന്ദേല്‍ഖണ്ഡിലെ 28 ഗ്രാമങ്ങളെ മൂന്ന് വീതമുള്ള സംഘങ്ങളായി തിരിച്ച് ഓരോ സംഘവും ദിവസം 35 ബക്കറ്റ് വീതം വെള്ളമെത്തിക്കണമെന്നാണ് നിര്‍ദേശം. വീട്ടാവശ്യത്തിനായുള്ള വെള്ളത്തിനുപോലും പ്രയാസപ്പെടുന്ന ഗ്രാമീണര്‍ സന്ദേശം കേട്ട് ഭീതിയിലാണ്.

ഉത്തര്‍പ്രദേശിനും മധ്യപ്രദേശിനും ഇടയിലുള്ള ബുന്ദേല്‍ഖണ്ഡില്‍ സാധാരണ വര്‍ഷത്തില്‍ 52 ദിവസമേ മഴ കിട്ടൂ. പക്ഷേ, ആറ്് വര്‍ഷമായി 24 ദിവസമേ മഴ പെയ്യാറുള്ളൂ. ഒരു ബക്കറ്റ് വെള്ളത്തിനായി നാല് കിലോമീറ്റര്‍വരെ യാത്ര ചെയ്യേണ്ടിവരാറുണ്ട് ഗ്രാമീണര്‍ക്ക്. ഈ സാഹചര്യത്തിലാണ് ദിവസം 35 ബക്കറ്റ് വെള്ളമെത്തിച്ചില്ലെങ്കില്‍ വെടിവെച്ചുകൊല്ലുമെന്ന് കൊള്ളക്കാര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

പീഡനത്തിനിരയായ യുവതിയെ ആസ്​പത്രിയില്‍ നഗ്നയാക്കി നിര്‍ത്തിയെന്ന് ആരോപണം.

മൈസൂര്‍: അയല്‍ക്കാരന്റെ പീഡനത്തിനിരയായ ബുദ്ധിമാന്ദ്യമുള്ള യുവതിയെ പരിശോധനയ്ക്കായി മൈസൂരിലെ സര്‍ക്കാര്‍ ആസ്​പത്രിയില്‍ ഏറെ നേരം നഗ്നയാക്കി നിര്‍ത്തിയെന്ന് ആരോപണം. നഗരത്തിലെ ചെലുവംബ ആസ്​പത്രി അധികൃതര്‍ക്കെതിരെയാണ് ഇതു സംബന്ധിച്ച് കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കര്‍ണാടക വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ആസ്​പത്രി അധികൃതര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷം കര്‍ശനനടപടി കൈക്കൊള്ളുമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മഞ്ജുള മാസന വ്യക്തമാക്കി.

ബാംഗ്ലൂരില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം : സ്‌കൂള്‍ ചെയര്‍മാനും അറസ്റ്റില്‍.

ബാംഗ്ലൂര്‍: ആറ് വയസ്സുകാരി സ്‌കൂളില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ മാര്‍ത്തഹള്ളിയിലെ വിബ്ജിയോര്‍ ഹൈസ്‌കൂള്‍ ചെയര്‍മാനെ പോലീസ് അറസ്റ്റുചെയ്തു.

നോമ്പനുഷ്ഠിച്ച ജീവനക്കാരനെ ശിവസേന എംപി നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചു.

ന്യൂഡല്‍ഹി : റംസാന്‍ നോമ്പനുഷ്ഠിക്കുന്ന മുസ് ലിം ജീവനക്കാരനെ ശിവസേന എംപി ബലം പ്രയോഗിച്ച് ഭക്ഷണം കഴിപ്പിച്ചു.

ഡല്‍ഹിയിലെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഗസ്റ്റ് ഹൗസായ മഹാരാഷ്ട്രസദനിലെ മുസ് ലിം ജീവനക്കാരനായ അര്‍ഷാദ് സുബൈറിനെയാണ് കഴിഞ്ഞ ദിവസം ശിവസേന എംപിമാര്‍ നിര്‍ബന്ധപൂര്‍വം റൊട്ടി കഴിപ്പിച്ചത്.

മന്ത്രവാദത്തിനിടെ യുവതിമരിച്ച സംഭവം : രണ്ടുപേര്‍ കൂടി പിടിയില്‍.

കരുനാഗപ്പള്ളി : തഴവ വട്ടപ്പറമ്പില്‍ മന്ത്രവാദത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍കൂടി പിടിയിലായി. മന്ത്രവാദത്തിനു വേണ്ട സഹായങ്ങള്‍ ചെയ്ത മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് അന്‍സാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

മന്ത്രവാദത്തിനിടെ സഹായിച്ചതിനും യുവതി മരിച്ചതറിഞ്ഞ് സിറാജുദ്ദീനെ രക്ഷപ്പെടാന്‍ സഹായിച്ചതിനുമാണ് ഇവരെ അറസ്റ്റുചെയ്തത്. മന്ത്രവാദിയായി ചമഞ്ഞ് യുവതിയെ കൊലപ്പെടുത്തിയ ആലപ്പുഴ നൂറനാട് സ്വദേശി സിറാജുദ്ദീനെ തിങ്കളാഴ്ച പോലീസ് അറസ്റ്റുചെയ്തിരുന്നു.

ഷറപ്പോവ തന്നെ അപമാനിച്ചിട്ടില്ലെന്ന് സച്ചിന്‍.

മുംബൈ: റഷ്യന്‍ ടെന്നിസ് താരം മരിയ ഷറപ്പോവ തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തന്നെ അറിയില്ലെന്ന് ഷറപ്പോവ പറഞ്ഞത് അവര്‍ ക്രിക്കറ്റ് കാണാത്തതു കൊണ്ടായിരിക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സച്ചിന്റെ പ്രതികരണം.

ജനങ്ങളുടെ വരുമാന - സമ്പാദ്യക്കണക്കെടുക്കുന്നു; പരീക്ഷണപദ്ധതിയില്‍ കേരളവും.

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ വരുമാനത്തിന്റേയും സമ്പാദ്യങ്ങളുടേയും കണക്കെടുപ്പ് നടത്താന്‍ കേന്ദ്രം തീരുമാനിച്ചു. ആദ്യമായാണ് ഇത്തരം കണക്കെടുപ്പ് നടത്തുന്നത്. ഇതിന്റെ പരീക്ഷണപദ്ധതി (പൈലറ്റ് പ്രോജക്ട്) കേരളം, യു.പി, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത ജനവരിയില്‍ ആരംഭിക്കും. മൂന്നുനാലു മാസംകൊണ്ട് പൂര്‍ത്തിയാക്കുന്ന പരീക്ഷണ പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും ദേശീയതലത്തില്‍ പദ്ധതി നടപ്പാക്കുക.

അനാഥാലയത്തിനെതിരെ കേസെടുക്കുമെന്ന് ജാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച്.

കോഴിക്കോട് : അന്യസംസ്ഥാനത്തു നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുക്കം അനാഥാലയത്തിനെതിരെ കേസെടുക്കുമെന്ന് ജാര്‍ഖണ്ഡ് ക്രൈം ബ്രാഞ്ച്. കേസില്‍ ഏഴ് പ്രതികളാണുള്ളത്. കുട്ടിക്കടത്ത് മാനേജ്‌മെന്റിന്റെ അറിവോടെയാണും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സമാനമായ കേസ് കേരളത്തില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘവും അന്വേഷിക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും നേരത്തെ കേസെടുത്തിരുന്നു.

കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ മുഹമ്മദ് പര്‍വീസ് ആലത്ത്, ഷക്കീല്‍ അക്തര്‍ എന്നിവരെ പോലീസ് കഴിഞ്ഞ മാസം അറസ്റ്റുചെയ്തിരുന്നു. ആലത്തിന്റെ വീട്ടില്‍നിന്നും ജില്ലാകളക്ടറുടെയും വില്ലേജ് ഓഫീസറുടെയും വ്യാജ ലെറ്റര്‍പാഡുകളും സീലുകളും പോലീസ് പിടിച്ചെടുത്തിരുന്നു.

പുതുതായി 699 പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചു.

തിരുവനന്തപുരം : പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായി പുതിയ 699 ബാച്ചുകള്‍ അനുവദിച്ചു. ഒരു ബാച്ചില്‍ 40 വിദ്യാര്‍ഥികളില്‍ കൂടുതല്‍ ഇല്ലെങ്കില്‍ ആ ബാച്ച് ഇല്ലാതാക്കാനും തീരുമാനമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

Monday, 21 July 2014

ആരാച്ചാരാകാന്‍ ഇനി ആളെക്കിട്ടും; കൂലി രണ്ടുലക്ഷം രൂപ.

കണ്ണൂര്‍: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ തൂക്കിലേറ്റാന്‍ ആരാച്ചാരെ കിട്ടാത്ത സ്ഥിതി സിനിമകള്‍ക്കും പ്രമേയമായ വിഷയമാണ്. സമാനസ്ഥിതിയായിരുന്നു കേരളത്തിലെ ജയിലുകളിലും. കടുത്ത മാനസികപ്രശ്‌നമുണ്ടാക്കുന്ന ഈ ജോലി ചെയ്യാന്‍ 500 രൂപയാണു നല്‍കിയിരുന്നത്. പുതിയ ജയില്‍ചട്ടത്തില്‍ ഇത് രണ്ടുലക്ഷമാക്കി. ഇതോടെ ആരാച്ചാരാവാന്‍ ഇനി ആളെക്കിട്ടുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

അയല്‍വാസി വഴി നല്‍കാത്ത വീട്ടിലേക്ക് മൃതദേഹമെത്തിക്കാന്‍ നാട്ടുകാര്‍ മതില്‍ തകര്‍ത്തു.

തിരുവനന്തപുരം: അയല്‍വാസി വഴികെട്ടിയടച്ചതുകാരണം അപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം വീട്ടുമുറ്റത്തെത്തിക്കാന്‍ കഴിയാതെ നിസ്സഹായനായി അച്ഛന്‍ സുന്ദരരാജന്‍ പോറ്റി. സ്‌ട്രെച്ചറില്‍ കൊണ്ടുവന്ന മകന്റെ മുഖം അവസാനമായി ഒന്നുകാണാന്‍ പറ്റാതെ അലമുറയിടുന്ന അമ്മ ഉഷ. അമ്മൂമ്മ സത്യഭാമയുടെയും ബന്ധുക്കളുടെയും നിലയ്ക്കാത്ത കരച്ചില്‍. സംഭവം കണ്ടുനിന്ന രോഷാകുലരായ നാട്ടുകാര്‍ ഒടുവില്‍ അയല്‍വാസി കെട്ടിയടച്ച മതില്‍ തകര്‍ത്ത് മൃതദേഹം വീട്ടുമുറ്റത്തെത്തിക്കാന്‍ വഴിയൊരുക്കി. മതില്‍ പൊളിക്കാനാകില്ലെന്ന പരാതിയുമായി അയല്‍വാസിയും രംഗത്തെത്തി. എന്നാല്‍ പ്രകോപിതരായ നാട്ടുകാരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ അഭിഭാഷകനായ അയല്‍വാസി പിന്‍വാങ്ങി.

മെട്രോയ്ക്ക് 1,170 കോടി: കാനറ ബാങ്കുമായി വായ്പാ കരാര്‍ ഒപ്പുെവച്ചു.

കൊച്ചി: കൊച്ചി മെട്രോ നിര്‍മാണത്തിന് വായ്പയ്ക്കുവേണ്ടി കാനറ ബാങ്കും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെ.എം.ആര്‍.എല്‍.) കരാര്‍ ഒപ്പുെവച്ചു. 1,170 കോടി രൂപയാണ് കാനറ ബാങ്ക് വായ്പ നല്‍കുന്നത്. ഞായറാഴ്ച കെ.എം.ആര്‍.എല്‍. ഓഫീസില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ കെ.എം.ആര്‍.എല്‍. എം.ഡി ഏലിയാസ് ജോര്‍ജും കാനറ ബാങ്ക് സിഎംഡി ആര്‍.കെ. ദുബൈയുമാണ് കരാറൊപ്പിട്ടത്.

സബ്‌സിഡികള്‍ വീണ്ടും ബാങ്കുവഴിയാക്കിയേക്കും. ആധാറിനായി പ്രത്യേക നിയമം കൊണ്ടുവരും.

ന്യൂഡല്‍ഹി: ആധാര്‍നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍വഴി സബ്‌സിഡി നേരിട്ടുനല്‍കുന്ന പദ്ധതി പുനരാരംഭിക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ ശ്രമം തുടങ്ങി. അനര്‍ഹരായവരിലേക്ക് സബ്‌സിഡിപ്പണം ഒഴുകുന്നത് തടയാന്‍ പദ്ധതി തുടരേണ്ടതുണ്ടെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. നേരത്തേ നടപ്പാക്കിയ 300 ജില്ലകളില്‍ നടത്തുന്ന പഠനത്തിന് ശേഷമായിരിക്കും പദ്ധതി വീണ്ടും തുടങ്ങുക. ആസൂത്രണക്കമ്മീഷന്റെയും സവിശേഷ തിരിച്ചറിയല്‍കാര്‍ഡ് അതോറിറ്റിയുടെയും ഉദ്യോഗസ്ഥര്‍ ഇവിടെ നേരിട്ടെത്തി കോട്ടങ്ങള്‍ വിലയിരുത്തും. ആഗസ്ത് 15ന് മുമ്പ് ഇതിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സബ്‌സിഡി ലഭിക്കാന്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി മാര്‍ച്ച് 24ന് ഇടക്കാലഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേന്ദ്രം അപ്പീല്‍ നല്‍കിയേക്കും. ആധാറിന് പ്രാബല്യം ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മുന്‍ യു.പി.എ. സര്‍ക്കാറാണ് പാചകവാതകമടക്കമുള്ള സബ്‌സി!ഡികള്‍ ബാങ്കുവഴിയാക്കിയത്. എന്നാല്‍, പദ്ധതിക്കെതിരെ വന്‍ എതിര്‍പ്പുയര്‍ന്നതോടെ ഇക്കഴിഞ്ഞ ജനവരിയില്‍ പദ്ധതി നിര്‍ത്തിവെച്ചു. തിരഞ്ഞെടുപ്പുകൂടി മുന്നില്‍ക്കണ്ടായിരുന്നു ഇത്.

ഇന്ത്യൻ പ്രസിഡന്റ് ആരെന്നറിയാത്ത ടീച്ചർക്കെതിരെ അന്വേഷണം.


പാട്‌ന : ബീഹാറിലെ ഗവൺമെന്റ്  സ്‌കൂളിലെ ഒരു ടീച്ചർക്ക്  ഇന്ത്യയുടെ പ്രസിഡന്റ്  പ്രതിഭാ പാട്ടീലും, ഗവർണർ സ്മൃതി ഇറാനിയുമാണ്. ടീച്ചറുടെ പാണ്ഡിത്യം നേരിട്ടുകേൾക്കാൻ ഭാഗ്യം സിദ്ധിച്ച ഗയയിലെ ജില്ലാ മജിസ്‌ട്രേറ്റ്  ഉടനെ ടീച്ചറുടെ  യോഗ്യതയെക്കുറിച്ച് അന്യേഷിക്കാൻ ഉത്തരവ് നൽകിയിരിക്കുകയാണ്.

Thursday, 17 July 2014

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സീനിയോറിറ്റി പുനഃസ്ഥാപിക്കാം.

നെയ്യാറ്റിന്‍കര: വികലാംഗര്‍ക്കുവേണ്ടിയുളള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ റദ്ദായി സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 1993 ജനവരി ഒന്നുമുതല്‍ 2014 ജൂണ്‍ 21 വരെയുള്ള സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കാം. ഈ കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് തനതു സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ആഗസ്ത് 31 വരെ സമയം ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഈ അവസരം വിനിയോഗിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് മറ്റൊരവസരം ലഭിക്കുന്നതല്ലെന്ന് സബ് റീജണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

എല്ലാ റോഡുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും- മന്ത്രി രമേശ് ചെന്നിത്തല.

തിരുവനന്തപുരം: കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റോഡുകളിലും കവലകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആധുനീകരിച്ച പട്ടം ട്രാഫിക് പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യവില്‍പ്പനയിലെ ഏറ്റക്കുറച്ചില്‍: വാദ പ്രതിവാദങ്ങള്‍ മുറുകുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യത്തിന്റെ മൊത്തക്കച്ചവടക്കാരായ കെ.എസ്.ബി.സിയുടെ വിറ്റുവരവ് കണക്കിലെ ചാഞ്ചാട്ടങ്ങള്‍ക്കൊപ്പം വിവാദങ്ങളും കൊഴുക്കുന്നു. മദ്യവിപണിയിലെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ പോലും 418 ബാറുകള്‍ പൂട്ടിയതിന്റെ അനന്തരഫലങ്ങളായി വ്യാഖ്യാനിക്കപ്പെടുകയാണ്.

കോണ്‍ഗ്രസ്സിനെയും എ.എ.പി.യെയും പിളര്‍ത്തി ഡല്‍ഹിയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പി. നീക്കം.

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയിലും കോണ്‍ഗ്രസ്സിലും പിളര്‍പ്പുണ്ടാക്കി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പി. നീക്കം. ഇതിന്റെ സാധ്യതകളെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ എം.എല്‍.എ.മാരുമായി കൂടിയാലോചന നടത്തിയതായി അറിയുന്നു. ഡല്‍ഹിയിലെ രാഷ്ട്രപതി ഭരണം അവസാനിക്കാന്‍ ഒരു മാസം ശേഷിക്കെയാണ് ബി.ജെ.പി.യുടെ ഈ നീക്കം.

ദയാവധം : സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കണം.

ന്യൂഡല്‍ഹി: ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. ഈ വിഷയത്തില്‍ കോടതിയെ സഹായിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകന്‍ ടി.എസ്. അന്ത്യാര്‍ജുനയെ നിയമിച്ചിട്ടുമുണ്ട്.

എന്നാല്‍, ദയാവധം ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ അഞ്ചംഗബെഞ്ചിനെ അറിയിച്ചു. ആത്മഹത്യയുടെ മറ്റൊരു രൂപമാണ് ദയാവധം. രാജ്യത്ത് ആത്മഹത്യ നിയമവിരുദ്ധമാണ്. ദയാവധം അനുവദിച്ചാല്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവം: 2 പേര്‍ അറസ്റ്റില്‍.

കരുനാഗപ്പള്ളി: ബാധ ഒഴിപ്പിക്കുന്നതിനിടെ മന്ത്രവാദിയുടെ മര്‍ദ്ദനമേറ്റ് യുവതി മരിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റുചെയ്തു. മരിച്ച ഹസീനയുടെ പിതാവ് കണ്ണങ്കരകുറ്റി ഹസന്‍, മന്ത്രവാദിയെ എത്തിച്ച ഇടനിലക്കാരനും അധ്യാപകനുമായ കബീര്‍ എന്നിവരാണ് അറസ്റ്റിലായത്.

പരിസ്ഥിതി സൗഹദൃമെങ്കില്‍ ആറന്മുളയില്‍ വിമാനത്താവളം വരും: ഉമ്മന്‍ചാണ്ടി.

തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദമാണെങ്കില്‍ ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു.

വിമാനത്താവളത്തിനുള്ള അനുമതി നേടേണ്ടത് വിമാനത്താവള കമ്പനിയാണ്. ആറന്മുളയിലെ ജനങ്ങളുടെ വിധി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചറിഞ്ഞതാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

കാബൂള്‍ വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം.

കാബൂള്‍: അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തിനുനേരെ തീവ്രവാദി ആക്രമണം. വിമാനത്താവളത്തിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കയറിക്കൂടിയ തീവ്രവാദികള്‍ റോക്കറ്റ് ഗ്രനേഡുകളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്.

മില്‍മ പാല്‍വില ലിറ്ററിന് മൂന്നുരൂപ കൂട്ടി.

കോഴിക്കോട് : മില്‍മ പാല്‍വില ലിറ്ററിന് മൂന്ന് രൂപ കൂട്ടി. പുതുക്കിയ വില തിങ്കളാഴ്ച നിലവില്‍ വരും.

വില വര്‍ധിപ്പിക്കണമെന്ന് മൂന്ന് മേഖലാ യൂണിയനുകളുടെയും മില്‍മയുടെയും എം.ഡിമാരുടെ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലിറ്ററിന് മൂന്ന് രൂപവീതം വര്‍ധിപ്പിച്ചത്. ക്ഷീരകര്‍ഷകര്‍ക്ക് 2.40 രൂപ ലഭിക്കുമെന്നും മില്‍മ അറിയിച്ചു.

Contact Form

Name

Email *

Message *