Saturday, 27 September 2014

ബാംഗ്ലൂരില്‍ കോടതി പരിസരത്ത് നിരോധനാജ്ഞ; ലാത്തിച്ചാര്‍ജ്ജ്‌.

ബാംഗ്ലൂള്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റക്കാരിയാണെന്ന് പ്രഖ്യാപിച്ച ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിനടുത്തെ പ്രത്യേക കോടതിക്ക് അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജയലളിതയെ കോടതിക്കു പുറത്തേക്കു കൊണ്ടുവരുന്നതിനു മുന്നോടിയായാണ് നിരോധനാജ്ഞ.

കോടതിയുടെ പരിസരത്ത് തിങ്ങിക്കൂടിയ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ നേരത്തേമുതല്‍ കനത്ത പ്രതിഷേധം നടത്തിയിരുന്നു. വൈകിട്ട് സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി. പലഭാഗങ്ങളിലും ലാത്തിച്ചാര്‍ജ്ജുമുണ്ടായി.

നാലുവര്‍ഷം തടവ്; ജയലളിത ജയിലിലേക്ക്‌




ജയലളിത 100 കോടി പിഴയും അടയ്ക്കണം
എം.എല്‍.എ.സ്ഥാനവും മുഖ്യമന്ത്രിപദവും നഷ്ടമായി
ആറുവര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല
ആദ്യ നാലുപ്രതികള്‍ക്കും നാലുവര്‍ഷം തടവ്.

അഞ്ചുവര്‍ഷം കൊണ്ട് ജയലളിത സമ്പാദിച്ചത് 63 കോടി.

ബാംഗ്ലൂര്‍: 1991 ല്‍ ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായപ്പോള്‍ വെറും 3 കോടി മാത്രം സമ്പാദ്യമുണ്ടായിരുന്ന ജയലളിത അഞ്ചു വര്‍ഷത്തെ ഭരണകാലം കൊണ്ട് 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. വെറും ഒരു രൂപ മാത്രം ശമ്പളം പറ്റുന്ന ജയലളിതക്ക് അറിയപ്പെടുന്ന മറ്റ് ധനാഗമന മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 1996 ലാണ് അനധികൃത സ്വത്ത് സമ്പാദിച്ചതു സംബന്ധിച്ച കേസ് തമിഴ്‌നാട് പോലീസ് ഫയല്‍ ചെയ്തത്.

2000 ഏക്കര്‍ ഭൂമി, 30 കിലോ സ്വര്‍ണം, 12,000 സാരികള്‍ എന്നിവ ജയലളിതസമ്പാദിച്ചു. വളര്‍ത്തുമകന്‍ സുധാകരന്റെ അഞ്ചുകോടി രൂപ മുടക്കിയുള്ള വിവാഹവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ വധുവിന്റെ കുടുംബമാണ് വിവാഹത്തിന് പണം മുടക്കിയതെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. രാഷ്ട്രീയ പ്രതിയോഗികളായ ഡി.എം.കെ കെട്ടിച്ചമച്ച കേസാണ് ഇതെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.

നാലുവര്‍ഷം തടവ്; ജയലളിത ജയിലിലേക്ക്‌.....

ബാംഗ്ലൂര്‍: അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് നാലുവര്‍ഷം തടവ്. നൂറുകോടി രൂപ പിഴ അടക്കാനും ബാംഗ്ലൂരിലെ പ്രത്യേക കോടതി വിധിച്ചു.

ആദ്യ നാലു പ്രതികള്‍ക്കും നാലുവര്‍ഷം തടവുശിക്ഷയാണ് പ്രഖ്യാപിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൂട്ടുപ്രതികളായ ശശികല, ഇളവരശി, സുധാകരന്‍ എന്നിവര്‍ പത്ത് കോടി രൂപ വീതം പിഴ അടക്കാനും കോടതി ഉത്തരവിട്ടു.

Saturday, 13 September 2014

ബാര്‍ പൂട്ടല്‍: മദ്യക്കമ്പനികളുടെ സെക്കന്‍ഡ്‌സ് കച്ചവടം നിലയ്ക്കും.

തിരുവനന്തപുരം: ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മദ്യക്കമ്പനികള്‍ക്ക് നഷ്ടമാകുന്നത് നികുതി വെട്ടിച്ച് മദ്യം വില്‍ക്കുന്നതിനുള്ള വേദി. മദ്യക്കച്ചവടത്തിന്റെ കുത്തകയായ ബിവറേജസ് കോര്‍പ്പറേഷനെ ഒഴിവാക്കി ചില ബാറുടമകളും മദ്യക്കമ്പനികളും കൂടി കാലങ്ങളായി നടത്തിവരുന്ന നികുതി വെട്ടിപ്പിന് തടയിടുന്നതാണ് പുതിയ മദ്യനയം. സെക്കന്‍!ഡ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന നികുതിവെട്ടിച്ചുള്ള മദ്യക്കച്ചവടത്തിന് പ്രധാനവേദി ബാറുകളാണ്.

കശ്മീര്‍ പ്രളയം: രക്ഷാദൗത്യം അന്തിമഘട്ടത്തില്‍.

ന്യൂഡല്‍ഹി: കശ്മീരില്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ദൗത്യം അന്തിമഘട്ടത്തില്‍. ശനിയാഴ്ചവരെ 346 മലയാളികളെ രക്ഷപ്പെടുത്തി ഡല്‍ഹിയിലെത്തിച്ചു.

റോയല്‍ ഭട്ടു ഹോട്ടലില്‍ കുടുങ്ങിയ 120 മലയാളികളെ വെള്ളിയാഴ്ച ലേയിലെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇവരെ ഉടന്‍ ഡല്‍ഹിയിലെത്തിക്കും. ഇനിയും ഇരുപതോളം മലയാളികളെ രക്ഷപ്പെടുത്താനുണ്ടെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.
നാലുദിവസമായി !ഡല്‍ഹിയില്‍ ക്യാമ്പു ചെയ്യുകയായിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങി.

തടവും പിഴയും കൂട്ടി റോഡ് സുരക്ഷാ നിയമം വരുന്നു.

ന്യൂഡല്‍ഹി: റോഡപകടങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന വ്യവസ്ഥകളുമായി റോഡ് സുരക്ഷാ നിയമത്തിന്റെ കരട് തയാറായി. അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാന്‍ ലക്ഷ്യമിട്ട് തയാറാക്കിയ നിയമത്തിന്റെ കരടില്‍ ട്രാഫിക് സിഗ്നല്‍ ലംഘിക്കുന്നതും ആംബുലന്‍സിന് തടസ്സമുണ്ടാക്കുന്നതും സീറ്റ് ബല്‍റ്റ് ധരിക്കാത്തതും ഒക്കെ 5000 രൂപ പിഴ ഈടാക്കാവുന്ന കുറ്റങ്ങളാണ്. ഇതേ കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴ 10,000 രൂപയും 15,000 രൂപയുമായി വര്‍ധിക്കുകയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്യും.

Monday, 1 September 2014

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം: ചൊവ്വാഴ്ച നടത്താനിരുന്ന പി.എസ്.സി. പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പി.എസ്.സി. അറിയിച്ചു.ആര്‍.എസ്.എസ്. ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് എം.ജി. സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

ഹര്‍ത്താല്‍ പൂര്‍ണം; ഒറ്റപ്പെട്ട അക്രമം.

തിരുവനന്തപുരം: കണ്ണൂരില്‍ ജില്ലാനേതാവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണം. കെ എസ് ആര്‍ ടി സി ബസ്സുകളും സ്വകാര്യ ബസ്സുകളും ഓട്ടം നിര്‍ത്തിവെച്ചത് പൊതുജനങ്ങളെ ദുരിതത്തിലാഴ്ത്തി.

Friday, 22 August 2014

ഇപ്പോഴുള്ള 312 ബാറുകളും ഉടന്‍ പൂട്ടും.

തിരുവനന്തപുരം: പൂട്ടിയ 418 ബാറുകള്‍ക്കുപുറമെ പ്രവര്‍ത്തിച്ചുവരുന്ന 312 ബാറുകളും ഉടന്‍ പൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ ബാറുകള്‍ പൂട്ടാന്‍ മാര്‍ച്ച് 31 വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴിച്ചുള്ള എല്ലാ ബാറുകളും പൂട്ടാന്‍ നിര്‍ദേശിക്കുന്ന യു.ഡി.എഫിന്റെ പുതിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ബാര്‍ പ്രശ്‌നം: തീരുമാനമായെങ്കിലും ചേരിപ്പോര് തുടരുന്നു.

തിരുവനന്തപുരം : ബാര്‍പ്രശ്‌നത്തില്‍ തീരുമാനമെടുത്തെങ്കിലും കോണ്‍ഗ്രസ്സിലും മുന്നണിയിലും അതിന്റെ പേരിലുള്ള തമ്മിലടി അവസാനിക്കുന്നില്ല. ബാര്‍ തര്‍ക്കത്തിന് പരിഹാരമായെങ്കിലും തീരുമാനത്തിലേക്കെത്തിയ വഴികളെക്കുറിച്ചും ഈ നിലപാടിന്റെ ക്രെഡിറ്റിനെക്കുറിച്ചുമാണ് തര്‍ക്കം തുടരുന്നത്. മുഖ്യമന്ത്രിയെ ഘടകകക്ഷികളും കെ.പി.സി.സി പ്രസിഡന്റും ഒറ്റപ്പെടുത്തിയെന്നാണ് ആക്ഷേപം.

മഴക്കെടുതി തീരുന്നില്ല; പലയിടത്തും ഉരുള്‍പ്പൊട്ടല്‍.

കോഴിക്കോട് : സംസ്ഥാനത്ത് വെള്ളിയാഴ്ച്ച തുടങ്ങിയ കനത്ത മഴ തുടരുകയാണ്. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. കോഴിക്കോട് മിഠായി തെരുവില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു. കെ.ടി.ഡി.സി ഹോട്ടലിന് തൊട്ടരികിലെ മരമാണ് കടപുഴകി വീണത്. നഗരത്തില്‍ പലയിടങ്ങളിലും വെള്ളം കയറിയതും ഗതാഗതകുരുക്കിന് കാരണമായി.

Sunday, 17 August 2014

മാധ്യമങ്ങള്‍ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ ജനാധിപത്യം ശക്തിപ്പെടുന്നു- മുഖ്യമന്ത്രി.

കോട്ടയം: മാധ്യമങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ ജനാധിപത്യം ശക്തിപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ 16-ാം സംസ്ഥാന സമ്മേളനം കോട്ടയം വിമലഗിരി കത്തീഡ്രല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പത്രജീവനക്കാരുടെ ആവശ്യങ്ങളോട് സൗഹാര്‍ദ്ദപരമായ സമീപനമാണ് ഗവണ്‍മെന്റിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മഴയും ഉരുള്‍പൊട്ടലും ഉത്തരാഖണ്ഡില്‍ 27 മരണം.

ഡെറാഡൂണ്‍: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഉത്തരാഖണ്ഡില്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 27 ആയി.
തോരാമഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ശനിയാഴ്ച ഡെറാഡൂണ്‍ ജില്ലയിലെ രജ്പുര്‍ മേഖലയില്‍ ഉരുള്‍പൊട്ടി കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ഇതോടെ ജൂണ്‍മുതല്‍ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 57 ആയി.

ന്യൂനപക്ഷപ്രീണനമെന്ന പ്രതീതി തിരിച്ചടിക്ക് കാരണമായി-ആന്റണി സമിതി.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന പ്രതീതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള നാലംഗസമിതിയുടെ റിപ്പോര്‍ട്ട്.

മതനിരപേക്ഷതയും വര്‍ഗീയതയും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിച്ച പ്രചാരണം പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്‌തെന്നും കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി സര്‍ക്കാറുകള്‍ക്കെതിരെയും മുഖ്യമന്ത്രിമാര്‍ക്കെതിരെയുമുള്ള ഭരണവിരുദ്ധ വികാരവും തോല്‍വിക്കുള്ള മറ്റു കാരണങ്ങളായി. ആന്റണിക്ക് പുറമെ, മുകുള്‍ വാസ്‌നിക്, ആര്‍.സി.ഖുണ്ഡ്യ അവിനാശ് പാണ്ടെ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

നെയ്യാറ്റിന്‍കര കഞ്ചാവുമായി പിടിയില്‍.

നെയ്യാറ്റിന്‍കര: കഞ്ചാവ് വില്‍പ്പന നടത്തിയ സ്ത്രീയെ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. പെരുമ്പഴുതൂര്‍ കല്ലുമ്മലയില്‍ അമ്പിളി (39) ആണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 280 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. 10 ഗ്രാമം വീതമുള്ള 28 പൊതികളില്‍ കഞ്ചാവ് ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. നേരത്തെ നിരവധി കഞ്ചാവ്, മദ്യവില്‍പ്പന കേസുകളില്‍ പ്രതിയാണ് അമ്പിളി. പോലീസിനെയും എക്‌സൈസിനെയും കണ്ടാല്‍ ആത്മഹത്യാ ഭീഷണി മുഴക്കി രക്ഷപ്പെടുന്നതാണ് പതിവ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. എസ്. ശോഭനകുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. വിജയന്‍, എം.എസ്. മോഹന്‍രാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ പദ്മകുമാര്‍, പി. ലോറന്‍സ്, സിവില്‍ ഓഫീസര്‍മാരായ ഏലിയാസ് റോയ്, കെ. ആര്‍. രഞ്ജിത്ത്, ജയപ്രകാശ്, അനിത എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

നാഗര്‍കോവിലില്‍ വ്യാജനോട്ട് സംഘം പോലീസ് പിടിയില്‍.

നാഗര്‍കോവില്‍: നാഗര്‍കോവിലില്‍ വാടകയ്ക്ക് മുറിയെടുത്ത് വ്യാജനോട്ട് പ്രിന്റ്‌ചെയ്യുന്ന സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. വടശ്ശേരി വെള്ളാളര്‍ കീഴേ തെരുവിലെ തങ്കരാജ് (62), വടശ്ശേരി അറകുവിളയിലെ മുത്തുസ്വാമി (52) എന്നിവരാണ് പോലീസ് പിടിയിലായത്.നഗരസഭാ ഓഫീസിനടുത്തുള്ള സ്വകാര്യ ഹോട്ടല്‍ മുറിയില്‍നിന്നാണ് രണ്ടുപേരെയും പോലീസ് അറസ്റ്റുചെയ്തത്.

അമിതവേഗക്കാര്‍ സൂക്ഷിക്കുക; ക്യാമറക്കണ്ണുകള്‍ പിന്നിലുണ്ട്‌.

ആറ്റിങ്ങല്‍: ദേശീയപാതയുള്‍പ്പെടെയുള്ള റോഡുകളില്‍ അപകടമരണങ്ങള്‍ക്കിടയാക്കുന്നത് അമിതവേഗമെന്ന് പോലീസ്. വാഹനങ്ങളില്‍ ചീറിപ്പായുന്നവരെ പിടികൂടി കര്‍ശനമായ ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കാനുള്ള നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്. ക്യാമറാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടാണ് പോലീസ് ഇതിനായിറങ്ങുന്നത്. ഇരുചക്രവാഹനങ്ങളിലെ സാഹസികയാത്രകള്‍ അപകടനിരക്ക് കൂട്ടിയതായി പോലീസ് ചൂണ്ടിക്കാട്ടുന്നു.

വിഷപ്പാമ്പിനെ നാവില്‍ കൊത്തിച്ച് ലഹരിയിലാകുന്ന യുവാവ് അറസ്റ്റില്‍.

കൊല്ലം: കൂടുതല്‍ ലഹരിതേടി വിഷമുള്ള പാമ്പിനെ സ്വന്തം നാവില്‍ കൊത്തിക്കുന്ന യുവാവിനെ കൊല്ലത്ത് എക്‌സൈസ് ഷാഡോ സംഘം അറസ്റ്റ് ചെയ്തു. കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാള്‍ അതിന്റെ ലഹരി പോരാഞ്ഞാണ് പാമ്പിനെ നാവിനടിയില്‍ കൊത്തിച്ച് സംതൃപ്തിയടഞ്ഞിരുന്നത്.

കേരളപുരം വയലിത്തറ പാലവിള ന്യൂ മന്‍സിലില്‍ മാഹിന്‍ഷാ(19)യാണ് പാമ്പിന്‍ ലഹരിയുടെ ഉപഭോക്താവ്. 50 പൊതി കഞ്ചാവും ഇയാളില്‍നിന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഷാഡോ സംഘം കണ്ടെടുത്തു.

കെ എസ് ആര്‍ ടി സിക്ക് ബസ് വാങ്ങാന്‍ 260 കോടി ഹഡ്കോ വായ്പ.

തിരുവനന്തപുരം: കെ.എസ്. ആര്‍.ടി.സിക്ക് പുതിയ 1500 ബസുകള്‍ വാങ്ങാന്‍ ഹഡ്കോ വായ്പ നല്‍കും. 260 കോടി രൂപ ഹഡ്കോയില്‍ നിന്ന് വായ്പയെടുക്കാന്‍ സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിക്ക് അനുമതി നല്‍കി.

എട്ടുവര്‍ഷത്തെ തിരിച്ചടവ് വ്യവസ്ഥയിലാണ് ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ വായ്പ അനുവദിക്കുക. 11 ശതമാനമാണ് പലിശ നിശ്ചയിച്ചിട്ടുള്ളത്.

കോഴിക്കോട്ട് സ്‌കൂള്‍ അധ്യാപകന്‍ 21 കുട്ടികളെ പീഡിപ്പിച്ചതായി പരാതി.

കോഴിക്കോട്: കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ 21 വിദ്യാര്‍ഥികളെ പീഡിപ്പിച്ചതായി പരാതി. അഞ്ചാം ക്ലാസിലെയും ഏഴാം ക്ലാസിലേയും പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. രക്ഷിതാക്കളാണ് പരാതിയുമായി രംഗത്തുവന്നത്. നിരവധി കാലമായി തുടരുന്ന ഈ പീഡനത്തിനെതിരെ പ്രതികരിച്ച പി.ടി.എ. പ്രസിഡന്റിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടു. സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് അധ്യാപകന്‍ ഇപ്പോള്‍ അവധിയിലാണ്.

ബാര്‍ വടംവലി യു.ഡി.എഫിലേക്ക്; പുതിയ പ്രശ്‌നങ്ങള്‍ തലപൊക്കുന്നു.


തിരുവനന്തപുരം: കത്തിക്കാളുന്ന ബാര്‍ ലൈസന്‍സ് പ്രശ്‌നം യു.ഡി.എഫിലെത്തിച്ച് തീര്‍ക്കാന്‍ തീവ്രശ്രമം. ഇതേസമയം, ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ പ്രശ്‌നങ്ങള്‍ തലപൊക്കിയിട്ടുമുണ്ട്. ഇതിനിടെ, തന്റെ നിലപാടില്‍ ഒരു മാറ്റവും വരുത്താനില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

Friday, 15 August 2014

മിനിറ്റില്‍ 7000 തീവണ്ടി ടിക്കറ്റ്; സംവിധാനമായി.

ന്യൂഡല്‍ഹി: ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലൂടെയുള്ള െറയില്‍വേ ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കി പുതിയ സംവിധാനം നിലവില്‍വന്നു.

മിനിറ്റില്‍ 7200 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്ന സംവിധാനമാണ് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചത്. ഇതുവരെ മിനിറ്റില്‍ 2000 ടിക്കറ്റുകള്‍ മാത്രമേ ബുക്കുചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതിന്റെ ഉദ്ഘാടനം റെയില്‍വേമന്ത്രി സദാനന്ദഗൗഡ നിര്‍വഹിച്ചു.

ഏഴ് ദിവസത്തിനകം റോഡ് നന്നാക്കിയില്ലെങ്കില്‍ ടോള്‍ നിര്‍ത്തുമെന്ന് എറണാകുളം കളക്ടര്‍.

കൊച്ചി: കുഴികള്‍ അടച്ച് ഒരാഴ്ചയ്ക്കകം ദേശീയപാത നന്നാക്കിയില്ലെങ്കില്‍ ടോള്‍ പിരിവ് തടയുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം. ഇതിനുള്ള കര്‍ശന നിര്‍ദേശവുമായി ദേശീയപാതാ അതോറിട്ടിക്ക് നോട്ടീസ് നല്‍കി. അറ്റകുറ്റപ്പണികള്‍ നടത്താത്ത, നാഷണല്‍ ഹൈവേയുടെ ജില്ലാ പരിധിയില്‍ നേരിട്ട് സഞ്ചരിച്ച് ബോധ്യപ്പെട്ടിട്ടാണ് കളക്ടര്‍ ടോള്‍പിരിവ് നിര്‍ത്തിക്കുമെന്ന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ആധാര്‍ നിര്‍ബന്ധം; എല്ലാ ആനുകൂല്യങ്ങളും ബാങ്കുവഴിയാക്കുന്നു.

കണ്ണൂര്‍: പ്രായപൂര്‍ത്തിയായവര്‍ക്ക് അക്കൗണ്ട് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം ബാങ്കുവഴിയാക്കുന്നു. ഇതിനായി അടുത്ത മാര്‍ച്ചാവുമ്പോഴേക്കും എല്ലാവര്‍ക്കും അക്കൗണ്ടുറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. സമ്പൂര്‍ണ വിതീയ സമാവേശം(എസ്.വി.എസ്.) എന്നാണ് പദ്ധതിക്കു നല്‍കിയ പേര്.

സൗജന്യ കാന്‍സര്‍ ചികിത്സ, കാല്‍ലക്ഷം കുടുംബങ്ങള്‍ക്ക് വീട്: മുഖ്യമന്ത്രി.

തിരുവനന്തപുരം: രണ്ടുവര്‍ഷത്തിനുള്ളില്‍ കാല്‍ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചെലവ്കുറഞ്ഞ പരിസ്ഥിതി സൗഹൃദ വീടുകള്‍ നിര്‍മിക്കാനാണ് തീരുമാനം. തലസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം പ്രഖ്യാപിച്ചത്.

ആസൂത്രണകമ്മീഷന് പകരം പുതിയ കമ്മീഷന്‍ വരുന്നു.

ന്യൂഡല്‍ഹി: ആസൂത്രണകമ്മീഷന് പകരം പുതിയ കമ്മീഷന്‍ വരുന്നു.

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രഖ്യാപനം.

രാഷ്ട്ര പുനര്‍നിര്‍മാണം ലക്ഷ്യം: നരേന്ദ്രമോദി.

ന്യൂഡല്‍ഹി: രാഷ്ട്ര പുനര്‍നിര്‍മാണമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്രനിര്‍മാര്‍ജനത്തിനൊപ്പം രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാനാണ് ശ്രമം. അതിനായി ഇടുങ്ങിയ ചിന്താഗതിയും വര്‍ഗീയതയും വെടിഞ്ഞ് എല്ലാ ഭാരതീയരും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സ്വാതന്ത്ര്യദിന ആശംസകൾ.


Thursday, 14 August 2014

മതംമാറ്റത്തിന് ശ്രമം: നാല് സ്ത്രീകളെ പോലീസിലേല്പിച്ചു.

മംഗലാപുരം: മതംമാറ്റത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് നാല് സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു. ഉപ്പിനങ്ങാടി പുലിത്താടിയിലാണ് സംഭവം. ഇവിടത്തെ ഒരു കുടുംബത്തെ മതംമാറ്റാന്‍ ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം.
ഗോലിത്തോട്ടുവിലെ നാലുസ്ത്രീകളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു. പുലിത്താടിയിലെ വീട്ടില്‍ ഇവര്‍ കയറിയ ഉടന്‍ നാട്ടുകാരില്‍ ചിലര്‍ വീടുവളഞ്ഞു. പിന്നീട് പോലീസിനെ വിളിച്ചു. സ്ത്രീകളില്‍നിന്ന് ചില ലഘുലേഖകള്‍ പിടിച്ചെടുത്തു.
ഈ മേഖലയിലെ പലവീടുകളിലും ഇവര്‍ കയറി മതപരിവര്‍ത്തനശ്രമം നടത്തുന്നതായി പഞ്ചായത്തംഗം സുരേഷ് അത്രാമജലു പരാതിപ്പെട്ടു.

പെട്രോള്‍ വില രണ്ടര രൂപ വരെ കുറയും.

ന്യൂഡല്‍ഹി: പെട്രോള്‍ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ 1.89 രൂപ മുതല്‍ 2.38 രൂപ വരെ കുറയുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞശേഷം ആദ്യമായിട്ടാണ് വില കുറയ്ക്കല്‍ മന്ത്രി തന്നെ ട്വിറ്ററിലൂടെ പ്രഖ്യാപിക്കുന്നത്. വില കുറയ്ക്കുന്നതിന് 31 മണിക്കൂര്‍ മുമ്പാണ് വില കുറയ്ക്കല്‍ പ്രഖ്യാപിക്കുന്നത്.
ആഗസ്ത് ഒന്നിന് പെട്രോളിന് 1.09 രൂപ കുറച്ചിരുന്നു.

തിരുവനന്തപുരം-നിസാമുദ്ദീന്‍,തിരുവനന്തപുരം-ബാംഗ്ലൂര്‍ വണ്ടികളുടെ സമയക്രമമായി.

നിസാമുദ്ദീന്‍ വണ്ടി- ബുധന്‍, ശനി
ബാഗ്ലൂര്‍ വണ്ടി-ഞായര്‍, വ്യാഴം
കാസര്‍കോട്- ബൈന്ദൂര്‍ പാസഞ്ചര്‍ രാവിലെ 6.40ന്

ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സീറ്റൊഴിവ്‌.

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി. ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാംവര്‍ഷ ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്സി. ഇലക്ട്രോണിക്‌സ് കോഴ്‌സിലേക്ക് സീറ്റൊഴിവുണ്ട്. ഫോണ്‍: 0471-2234374.

വേണാട് ചിട്ടിത്തട്ടിപ്പ്: പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

വെള്ളനാട്: നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ വേണാട് ചിട്ടിഫണ്ട് ഉടമയെയും ബന്ധുക്കളെയും ആര്യനാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
ഉറിയാക്കോട് ആര്‍.എസ്. ആന്‍ഡ് സണ്‍സ് വേണാട് ചിട്ടിഫണ്ട് മാനേജിങ് ഡയറക്ടര്‍ അനു (30), ചെയര്‍മാന്‍ രവീന്ദ്രന്‍ (60), രവീന്ദ്രന്റെ ഭാര്യ സരള (52) എന്നിവരെയാണ് ആര്യനാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി വെള്ളനാട്ടെ മുഖ്യഓഫീസിലും വീട്ടിലുമായി തെളിവെടുപ്പ് നടത്തിയത്.
പോണ്ടിച്ചേരിയില്‍ നിന്ന് പോലീസ് പിടിയിലായ പ്രതികളെ കഴിഞ്ഞ 9ന് നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ആര്യനാട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പ്രതികളെ തെളിവെടുപ്പ് നടത്തുന്നതിനായി മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.

പൈലറ്റുമാരുടെ അശ്രദ്ധ: വിമാനം അപകടഭീഷണി നേരിട്ടു.

ന്യൂഡല്‍ഹി: പൈലറ്റുമാരുടെ അശ്രദ്ധയെ തുടര്‍ന്ന് മുംബൈ-ബ്രസല്‍സ് ജെറ്റ് എയര്‍വെയ്‌സ് വിമാനം അപകടഭീഷണി നേരിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് ബ്രസല്‍സിലേക്ക് പോയ വിമാനമാണ് അപകടസാധ്യതയിലൂടെ കടന്നുപോയത്. തുര്‍ക്കിക്ക് മുകളില്‍ അങ്കാരയിലെ വ്യോമപാതയില്‍ വച്ച് വിമാനം പെട്ടെന്ന് 5000 അടി താഴേക്ക് പോകുകയായിരുന്നു.

അടച്ച ബാറുകളില്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി.

കൊച്ചി: നിലവാരമില്ലാത്തതിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ 418 ബാറുകളില്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി. അടച്ച ബാറുകളില്‍ നിലവാരമുള്ളവ ഉണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഇതിനുവേണ്ടി എക്‌സൈസ് കമ്മീഷണറും നികുതിവകുപ്പ് സെക്രട്ടറിയും ഉള്‍പ്പെട്ട സമിതി രൂപവ്തകരിക്കണം. പരിശോധനയ്ക്കുശേഷം 26 ന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മദ്യനയം സംബന്ധിച്ച തീരുമാനവും ഈദിവസം ഹൈക്കോടതിയെ അറിയിക്കണം.

ബെനറ്റിന്റെ സാഥാനാര്‍ഥിത്വം: സി.പി.ഐയില്‍ വീണ്ടും നടപടി.

തിരുവനന്തപുരം: ബെനറ്റ് അബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള വിവാദത്തില്‍ സി.പി.ഐയില്‍ വീണ്ടും നടപടി. ഇന്നു ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ജില്ലാ കമ്മറ്റി അംഗമായിരുന്ന ആര്‍ സുശീലനെ സി.പി.ഐ തരം താഴ്ത്തി. ഉച്ചക്കാട് ബ്രാഞ്ച് കമ്മറ്റിയിലേക്കാണ് സുശീലനെ തരം താഴ്ത്തിയിരിക്കുന്നത്.

വൈദ്യുതി നിരക്ക് കൂട്ടി: സ്ലാബുകള്‍ പുനര്‍നിര്‍ണയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ആദ്യ നാല്‍പ്പത് യൂണിറ്റിലെ സൗജന്യം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ആദ്യ 40 യൂണിറ്റിന് ഇപ്പോഴത്തെ 1.50 രൂപ തുടരും. നാല്‍പത് യൂണിറ്റിന്റെ വീതം സ്ലാബുകളായിരുന്നത് 50 യൂണിറ്റിന്റെ സ്ലാബുകളാക്കി പുനര്‍നിര്‍ണയിച്ചു. 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി

Tuesday, 12 August 2014

പ്ലസ് ടു: സര്‍ക്കാറിന് കോടതിയുടെ പരീക്ഷ.

കൊച്ചി: പുതിയ പ്ലസ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത് സുതാര്യമായിട്ടാണോ എന്ന് ഹൈക്കോടതി പരിശോധിക്കുന്നു. പുതിയ പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍ നിര്‍ദേശം നല്‍കി. കേസ് ബുധനാഴ്ച പരിഗണിക്കും.

പുതിയ സ്‌കൂളും ബാച്ചും അനുവദിക്കുന്നതില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ സര്‍ക്കാര്‍ അവഗണിച്ചോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

ജപ്തിചെയ്ത വീട് തിരികെ നല്‍കി; അമ്മയ്ക്കും മക്കള്‍ക്കും തലചായ്ക്കാനിടമായി.

പൂവാര്‍: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബാങ്ക് ജപ്തിചെയ്ത വീട് തിരികെ നല്‍കി. ഇതോടെ അമ്മയ്ക്കും മൂന്ന് മക്കള്‍ക്കും തലചായ്ക്കാനിടമായി. പരണിയം വരിക്കപ്ലൂവ് തൃത്വപല്ലവിയില്‍ അനിതാ റോസ്ലറ്റ്, മക്കളായ ആല്‍ലറ്റ്, ആഷ്‌ലറ്റ്, ആന്‍സ്ലറ്റ് എന്നിവരാണ് 19 ദിവസങ്ങള്‍ക്കുശേഷം സ്വന്തം വീട്ടില്‍ കയറിയത്. കഴിഞ്ഞ 23 നാണ് ഇവര്‍ താമസിച്ചിരുന്ന വീടും സ്ഥലവും പ്രദേശത്തെ ഒരു ദേശസാല്‍കൃത ബാങ്ക് ജപ്തി ചെയ്തത്. തുടര്‍ന്ന് നിരാലംബരായ കുടുംബം ഷോര്‍ട്ട് സ്റ്റേ ഹോമിലായിരുന്നു താമസം.

നോക്കിയ 130 - മൈക്രോസോഫ്റ്റിന്റെ 25 ഡോളര്‍ ഫോണ്‍.


ആന്‍ഡ്രോയ്ഡിനോട് നോക്കിയ വിടവാങ്ങുന്ന കാര്യം മൈക്രോസോഫ്റ്റ് അടുത്തയിടെയാണ് പ്രഖ്യാപിച്ചത്. വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലോടുന്ന നോക്കിയ ലൂമിയ ഫോണുകള്‍ക്കാകും ഇനി ഊന്നല്‍ എന്നും പ്രഖ്യാപിച്ചിരുന്നു.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ പലതവണ തുറന്നതായി റിപ്പോര്‍ട്ട്‌.

ന്യൂഡല്‍ഹി: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ പലതവണ തുറന്നിട്ടുണ്ടെന്ന് മുന്‍ സി.എ.ജി വിനോദ് റായിയുടെ റിപ്പോര്‍ട്ട്. 1990 ല്‍ രണ്ട് തവണയും 2002 ല്‍ അഞ്ച് തവണയും നിലവറ തുറന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഹസര്‍ രേഖകളില്‍ ഇത് വ്യക്തമാണെന്നാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. ബി നിലവറയില്‍ നിന്ന് സ്വര്‍ണപാത്രങ്ങളുടെ വെള്ളിക്കട്ടികളും കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലക്കാട് കോച്ച് ഫാക്ടറി റീടെന്‍ഡര്‍ ചെയ്യും.

ന്യൂഡല്‍ഹി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി ഡിസംബറില്‍ റീടെന്‍ഡര്‍ ചെയ്യും. റെയില്‍വെ വികസനത്തെക്കുറിച്ച് കേരളത്തിലെ എം.പിമാരുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി സദാനന്ദ ഗൗഡയാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് കോച്ച് ഫാക്ടറിയില്‍ അലുമിനിയം കോച്ച് മാത്രം നിര്‍മ്മിച്ചാല്‍ മതിയെന്നും തീരുമാനമായി.

ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണം 2016 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. പാലക്കാട്-പൊള്ളാച്ചി ഗേജ് മാറ്റം 2015 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം എം.പിമാരെ അറിയിച്ചു.

പാന്‍ട്രി കാറില്ലാതെ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 10 തീവണ്ടികളില്‍ പാന്‍ട്രികാര്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. അങ്കമാലി ശബരിപാത ആദ്യ ഘട്ടത്തില്‍ എരുമേലി വരെ പണിപൂര്‍ത്തിയാക്കും.

എംഎല്‍എ ഹോസ്റ്റലില്‍ പോയിട്ടില്ലെന്ന് ബിന്ധ്യാസ്.

തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലില്‍ താനൊരിക്കല്‍ പോലും പോയിട്ടില്ലെന്ന് ബ്ലാക്ക് മെയില്‍ കേസ് പ്രതികളിലൊരാളായ ബിന്ധ്യാസ് തോമസ്.

തെളിവെടുപ്പിനായി കൊണ്ടുപോയ പല ഹോട്ടലുകളിലും താന്‍ താമസിച്ചിട്ടില്ല. തന്നെ മനപ്പൂര്‍വം കുടുക്കാനാണ് ശ്രമമെന്നും ബിന്ധ്യാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് തനിക്ക് ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകരോട് ബിന്ധ്യാസ് സംസാരിച്ചത്.

കശ്മീരിന്റെ സമഗ്ര വികസനത്തിന് മുന്‍ഗണന: നരേന്ദ്രമോദി.

ശ്രീനഗര്‍: കശ്മീരിന്റെയും, പ്രത്യേകിച്ച് ലഡാക്കിന്റെയും, സമഗ്രവികസനം കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണനയില്‍ വരുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുകൊണ്ടാണ് പ്രധാനമന്ത്രിയായ ശേഷം രണ്ടുതവണ കശ്മീര്‍ സന്ദര്‍ശിച്ചത്- അദ്ദേഹം പറഞ്ഞു.

മോദിയുടെ കാലം വര്‍ഗീയ സംഘര്‍ഷങ്ങളുടേത്: സോണിയ.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലം വര്‍ഗീയ സംഘര്‍ഷങ്ങളുടെയും കാലമാണെന്ന് യു.പി.എ അധ്യക്ഷ സോണിയാഗാന്ധി. തിരുവനന്തപുരത്ത് കെ.പി.സി.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.

ഭരണത്തിലിരുന്ന് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന് താത്പര്യമെന്നും അവര്‍ കുറ്റപ്പെടുത്തി. തനിക്കെതിരെ സംസാരിക്കുന്നവരെ എങ്ങനെയും വകവരുത്താനാണ് മോദിക്ക് താത്പര്യം. അല്ലാതെ ജനസേവനമല്ല.

അഞ്ച് മലയാളികള്‍ക്ക് അര്‍ജ്ജുന അവാര്‍ഡ്‌.

ന്യൂഡല്‍ഹി: മികച്ച കായികതാരങ്ങള്‍ക്ക് രാജ്യം നല്‍കുന്ന ഉന്നത ബഹുമതിയായ അര്‍ജ്ജുന അവാര്‍ഡിന് അഞ്ച് മലായാളികള്‍ അര്‍ഹരായി. വോളിബോള്‍ താരം ടോം ജോസഫ്, അത്‌ലറ്റിക്‌സ് താരം ടിന്റു ലൂക്ക, ബാസ്‌ക്കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ്, തുഴച്ചില്‍ താരം സജി തോമസ്, ബാഡ്മിന്റന്‍ താരം വി. ദിജു എന്നിവര്‍ക്കാണ് അവാര്‍ഡ്. ഈ വര്‍ഷം ഖേല്‍രത്‌ന പുരസ്‌ക്കാരം ആര്‍ക്കും നല്‍കുന്നില്ലെന്ന് അവാര്‍ഡ് കമ്മറ്റി അധ്യക്ഷനായ കപില്‍ ദേവ് പറഞ്ഞു.

Saturday, 9 August 2014

കാറില്‍ സ്​പിരിറ്റ് കടത്ത്: ഒരാള്‍ അറസ്റ്റില്‍.

തിരുവനന്തപുരം: കാറില്‍ സ്​പിരിറ്റ് കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര കുളത്തൂര്‍ ഉച്ചക്കട കിഴക്കുകര പുതുവല്‍ പുത്തന്‍വീട്ടില്‍ ബിനുവിനെയാണ്(27) മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട് വഴി സ്​പിരിറ്റ് കടത്തുന്ന സംഘത്തിന്റെ തലവനും പോലീസ് പിടിയിലായതായാണ് സൂചന. പോലീസ് പരിശോധനക്കിടെ കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉപേക്ഷിച്ച ശേഷം ബിനു ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരിച്ചിലിലാണ് ഇയാള്‍ പോലീസ് പിടിയിലായത്.

നാളികേരത്തിന് പ്രത്യേക പാക്കേജ് വേണം.

ന്യൂഡല്‍ഹി: നാളികേര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമായ പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് എം.െക. രാഘവന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
നാളികേരം, വെളിച്ചെണ്ണ, ഇളനീര് തുടങ്ങിയവ വന്‍തോതില്‍ വ്യാവസായികമായി ഉപയോഗപ്പെടുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടിയില്ല.
പ്രകൃതിദുരന്തത്തിലും പാമ്പുകടിയേറ്റും മരിക്കുന്നവരുടെ ആശ്രിതര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു. വന്യമൃഗശല്യത്തിന് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്ന പാക്കേജ് നടപ്പില്‍ വരുത്തണമെന്നും രാഘവന്‍ പറഞ്ഞു.

കുട്ടി കുഴല്‍ക്കിണറില്‍ വീണ സംഭവം: രക്ഷാപ്രവര്‍ത്തനം നിര്‍ത്തി.

ബാംഗ്ലൂര്‍: ബാഗല്‍കോട്ട് സെലിക്കേരിയില്‍ കരിമ്പിന്‍തോട്ടത്തിലെ ഉപയോഗ്യശൂന്യമായ കുഴല്‍ക്കിണറില്‍ വീണ ആറുവയസ്സുകാരന്‍ തമ്മണ്ണ ഹട്ടിയെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കുട്ടി മരിച്ചതായ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സ്ഥിരീകരണവും സാമാന്തരമായി കുഴിയെടുക്കുന്നതിലെ മണ്ണിടിച്ചില്‍ ഭീതിയുമാണ് കാരണം. സംസ്ഥാനത്ത് ആദ്യമായാണ് അപകടത്തില്‍പ്പെട്ട കുട്ടിയെ പുറത്തെടുക്കുംമുമ്പ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തുന്നത്. ബാഗല്‍കോട്ടില്‍ മന്ത്രി എസ്. ആര്‍. പാട്ടീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗമാണ് തീരുമാനമെടുത്തത്. കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും പിതാവ് ഹനുമന്ത ഹട്ടി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ചൈനയെ ശത്രുരാജ്യമായി കാണരുതെന്ന് ഇന്ത്യയോട് അമേരിക്ക.

ന്യൂഡല്‍ഹി: ചൈനയെ ഇനിയും ശത്രുരാജ്യമായി കാണരുതെന്ന് ഇന്ത്യയോട് അമേരിക്ക. ഇന്ത്യയും അമേരിക്കയുംതമ്മില്‍ പ്രതിരോധമേഖലയിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും സുരക്ഷാ സഹകരണത്തില്‍ ജപ്പാനെക്കൂടി പങ്കാളിയാക്കണമെന്നും യു.എസ്. പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ ഡല്‍ഹിയില്‍ ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞു.

കിങ്ഫിഷറിന് 950 കോടി വായ്പ: ഐ.ഡി.ബി.ഐ.ക്കെതിരെ അന്വേഷണം.

ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് 950 കോടി വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐ.ഡി.ബി.ഐ.) ക്കെതിരെ സി.ബി.ഐ. അന്വേഷണം. സാമ്പത്തിക പ്രതിസന്ധിയിലായ കിങ്ഫിഷറിന് ഇത്രയും വലിയ തുക എങ്ങനെ നല്‍കിയെന്നതിന് ബാങ്കിന് കൃത്യമായ മറുപടി നല്‍കാനായില്ലെന്ന് സി.ബി.ഐ. അധികൃതര്‍ പറഞ്ഞു.

എബോള മുന്‍കരുതല്‍: കേന്ദ്രസര്‍ക്കാര്‍ കണ്‍ട്രോള്‍റൂം തുറന്നു.

ന്യൂഡല്‍ഹി: മാരകമായ എബോള വൈറസ് പടരുന്നത് തടയുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ കണ്‍ട്രോള്‍റൂം തുറന്നു. സാധരണക്കാര്‍ക്ക് എബോള സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി ഹെല്‍പ് ലൈനും ആരോഗ്യ മന്ത്രാലയം തുടങ്ങിയിട്ടുണ്ട്.

Saturday, 2 August 2014

ഗവ. ടി. ടി. ഐയില്‍ സീറ്റൊഴിവ്‌.

നെയ്യാറ്റിന്‍കര: ഊരൂട്ടുകാല ഗവ. ടി. ടി. ഐയില്‍ ഒന്നാംവര്‍ഷ ഡി. എഡ് കോഴ്‌സിന് സീറ്റൊഴിവുണ്ട്. അപേക്ഷകള്‍ കിള്ളിപ്പാലത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്. ടി. ടി. ഐയില്‍ ഒന്നാം വര്‍ഷ ഡി. എഡ് ക്ലാസ്സുകള്‍ നാലിന് ആരംഭിക്കും.

ജില്ലയില്‍ പരക്കെ മഴ; നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍.

തിരുവനന്തപുരം: ജില്ലയില്‍ വെള്ളിയാഴ്ച ശക്തമല്ലെങ്കിലും പരക്കെ മഴ പെയ്തു. എന്നാല്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. വട്ടപ്പാറ വില്ലേജ് ഓഫീസിന് മുകളിലൂടെ വന്‍മരം കടപുഴകി വീണു. മഴ കനത്തതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് വട്ടപ്പാറ വില്ലേജ് ഓഫീസിന് മുകളിലൂടെ മരം കടപുഴകി വീണത്. എന്നാല്‍ ആര്‍ക്കും പരിക്കില്ല. മരം വീണത് കാരണം വില്ലേജ് ഓഫീസിന് കേടുപാടുകളുണ്ടായി.

പ്ലസ്ടു അനുവദിക്കല്‍: മാനദണ്ഡം എന്തെന്ന് ഹൈക്കോടതി.

കൊച്ചി: സംസ്ഥാനത്ത് പ്ലസ് ടു കോഴ്‌സുകള്‍ അനുവദിക്കാന്‍ എന്ത് മാനദണ്ഡമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഹൈക്കോടതി. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശയെ മറികടന്ന് കോഴ്‌സുകള്‍ അനുവദിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. എറണാകുളം തുറവൂര്‍ മാര്‍ അഗസ്റ്റിന്‍സ് സ്‌കൂളിലെ പ്ലസ്ടു പ്രവേശനം താത്കാലികമായി തടഞ്ഞു.

നഷ്ടത്തിലായിട്ടും പഠിക്കാതെ കെ.എസ്.ആര്‍.ടി.സി; വോള്‍വോ ബസ്സില്‍ രണ്ട് ഡ്രൈവര്‍, ഒരു കണ്ടക്ടര്‍.

കൊച്ചി: അന്തര്‍സംസ്ഥാന വോള്‍വോ ബസ്സുകളില്‍ കണ്ടക്ടര്‍ക്ക് പകരം ഡ്രൈവര്‍ കം കണ്ടക്ടര്‍ ലൈസന്‍സ് ഉള്ള ജീവനക്കാരെ നിയമിക്കണമെന്ന ഡ്രൈവര്‍മാരുടെ ആവശ്യം മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റിന്റെ പുതിയ നീക്കം. ഇതിനായി തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന അന്തര്‍ സംസ്ഥാന വോള്‍വോ ബസ്സുകള്‍ക്ക് തൃശ്ശൂര്‍, പാലക്കാട് ഡിപ്പോകളില്‍ വെച്ച് ഡ്രൈവര്‍മാരെ മാറ്റാന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇതോടെ ബസ് ഒന്നിന് രണ്ട് ഡ്രൈവര്‍മാരും ഒരു കണ്ടക്ടറും വേണ്ടിവരും.

സുരേഷ് ഗോപി മുഖ്യമന്ത്രിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്‌.

തിരുവനന്തപുരം: മോദി ഭക്തനായ സുരേഷ് ഗോപി മുഖ്യമന്ത്രിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. സിനിമയില്‍ രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിക്കുമ്പോള്‍ കിട്ടുന്ന കൈയടി യഥാര്‍ഥ ജീവിതത്തില്‍ കിട്ടില്ലെന്ന് സുരേഷ് ഗോപി ഓര്‍ക്കണം. വമ്പ് പറച്ചില്‍ സിനിമയില്‍ മാത്രം മതി. സുരേഷ് ഗോപിയുടെ ആദര്‍ശം സിനിമയില്‍ മാത്രമാണെന്നും ഡീന്‍ കുറ്റപ്പെടുത്തി

വിവരക്കേട് പറയരുത്: മുഖ്യമന്ത്രിക്കെതിരെ സുരേഷ്‌ഗോപി.

കൊല്ലം: ആറന്മുള വിമാനാത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍താരം സുരേഷ് ഗോപി. പ്രകൃതി സംരക്ഷിക്കണമെന്ന കാര്യം പലപ്പോഴും മുഖ്യമന്ത്രി മറക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുത്. വായിച്ച് വിവരമില്ലെങ്കില്‍ അദ്ദേഹം വിവരമുള്ളവരോട് ചോദിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗാന്ധി വിരുദ്ധ പരാമര്‍ശം: അരുന്ധതി റോയ് മാപ്പ് പറയണമെന്ന് ചെന്നിത്തല.

ന്യൂഡല്‍ഹി: ഗാന്ധിവിരുദ്ധ പരാമര്‍ശം നടത്തിയ അരുന്ധതി റോയ് മാപ്പുപറയുന്നതാണ് ഉചിതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രപിതാവിനെതിരെ നടത്തിയ പരാമര്‍ശം അപലപനീയമാണ്. അരുന്ധതി റോയ്‌ക്കെതിരെ കടന്നപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ പരാതി ഡി ജി പിയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Wednesday, 30 July 2014

മഹാനിധി സൂക്ഷിക്കുന്നത് ശാസ്ത്രീയമായി പായ്ക്ക് ചെയ്ത്‌.

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി സൂക്ഷിക്കുന്നത് ആധുനിക ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ച് പായ്ക്ക് ചെയ്തിട്ട്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് വിദഗ്ദ്ധര്‍ അമൂല്യസ്വത്തുക്കള്‍ നിലവറകളിലേക്ക് മാറ്റുന്നതിന് മുമ്പ് ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിച്ചത്.

മൂല്യനിര്‍ണയത്തിന്റെ ചുമതലയുള്ള വിദഗ്ദ്ധസമിതി, ഇതിന്റെ മേല്‍നോട്ട സമിതി, കോടതി പുതുതായി നിയോഗിച്ച ക്ഷേത്ര ഭരണസമിതി എന്നിവരാണ് യോഗം ചേര്‍ന്നത്.

2000 ലിറ്റര്‍ മണ്ണെണ്ണ പിടിച്ചെടുത്തു.

നെയ്യാറ്റിന്‍കര: തമിഴ്‌നാട്ടില്‍ നിന്നും പഴയകട ഭാഗത്തേക്ക് കടത്താന്‍ ശ്രമിച്ച 2000 ലിറ്റര്‍ മണ്ണെണ്ണ വാഹനപരിശോധനയ്ക്കിടയില്‍ എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു. ഒരു പിക്ക് അപ്പ് വാഹനത്തില്‍ 43 കന്നാസുകളിലാണ് മണ്ണെണ്ണ ഒളിപ്പിച്ചിരുന്നത്. വാഹനമോടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത വാഹനവും മണ്ണെണ്ണയു പൂവാര്‍ പോലീസിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ശോഭനകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ്. മോഹന്‍രാജ്, പ്രിവന്റീവ് ഓഫീസര്‍ കെ. ജയചന്ദ്രന്‍, രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ചാനല്‍ റിപ്പോര്‍ട്ടറെ മര്‍ദ്ദിച്ചസംഭവം; ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒന്നാംപ്രതി.

കിളിമാനൂര്‍: കിളിമാനൂര്‍ മുളയ്ക്കലത്ത്കാവില്‍ ചാനല്‍ റിപ്പോര്‍ട്ടറെയും ക്വാറി വിരുദ്ധ പ്രവര്‍ത്തകരെയും ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തില്‍ കിളിമാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിന്‍സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. കെ.ജി.പ്രിന്‍സ് ഒളിവിലാണെന്നും കിളിമാനൂര്‍ എസ്.ഐ. ടി.വിജയകുമാര്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ ഹൈന്ദവ സംഘടനാ നേതാക്കള്‍ക്ക് കേരളത്തില്‍നിന്ന് ഭീഷണിക്കത്ത്.

ചെന്നൈ: തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണി, ബി.ജെ.പി., വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളുടെ പത്തോളം നേതാക്കളെ വധിക്കുമെന്ന മുന്നറിയിപ്പുമായി കേരളത്തില്‍ നിന്ന് ഭീഷണിക്കത്ത്. പാലക്കാട്ടുനിന്നുമുള്ള കത്താണ് ഹിന്ദുമുന്നണിയുടെ ചിന്താദിരിപ്പേട്ടയുടെ സിറ്റി ഓഫീസില്‍ ലഭിച്ചത്. റംസാന്‍ദിനത്തില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള 10 നേതാക്കളെ വധിക്കുമെന്നാണ് കത്തില്‍ ഭീഷണി മുഴക്കിയതെന്ന് ഹിന്ദുമുന്നണി സിറ്റി സെക്രട്ടറി എസ്.എസ്. മുരുകേശന്‍ പറഞ്ഞു.
പാലക്കാട്ടുനിന്ന് പോസ്റ്റ് ചെയ്ത തമിഴില്‍ എഴുതിയ കത്തില്‍ പേരു വെളിപ്പെടുത്തിയിട്ടില്ല. നേതാക്കളുടെ പേര് വ്യക്തമായി പറഞ്ഞിട്ടില്ല. തമിഴ്‌നാടിന്റെ വിവിധജില്ലകളില്‍ താമസിക്കുന്ന നേതാക്കളുടെ പേരിന്റെ അവസാനത്തെ അക്ഷരമാണ് കത്തില്‍ സൂചനയായി എഴുതിയിരിക്കുന്നത്.
ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ചിന്താദിരിപ്പേട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് സംസ്ഥാനത്തെ ബി.ജെ.പി., ഹിന്ദുമുന്നണി, വി.എച്ച്.പി. ഓഫീസുകള്‍ക്ക് സുരക്ഷ ശക്തിപ്പെടുത്തി.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തിരുവള്ളൂര്‍, കന്യാകുമാരി എന്നിവിടങ്ങളിലെ രണ്ട് ഹിന്ദുമുന്നണിനേതാക്കളെ അജ്ഞാത സംഘം വെട്ടിക്കൊന്നിരുന്നു. തിരുവള്ളൂര്‍ ജില്ലാ ഹിന്ദുമുന്നണിസെക്രട്ടറി സുരേഷ് കുമാറിന്റെ കൊലയില്‍ പുതുതായി രൂപം കൊണ്ട മുസ്ലിംസംഘടനയുടെ പങ്ക് വ്യക്തമായതായി പോലീസ് വെളിപ്പെടുത്തിയിരുന്നു.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി., ഹിന്ദുമുന്നണി എന്നീ സംഘടനകളുടെ എട്ട് നേതാക്കളെ വധിച്ചിരുന്നു. സംഭവത്തില്‍ അല്‍-ഉമ തീവ്രവാദികളായ 'പോലീസ'് ഫക്രൂദ്ദീന്‍, പന്ന ഇസ്മയില്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റുചെയ്തിരുന്നു. മുഖ്യ കുറ്റവാളിയായ അബൂബക്കര്‍ സിദ്ദിഖിനെ ഇതുവരെ അറസ്റ്റുചെയ്തിരുന്നില്ല.

ദേശീയപാതകളില്‍ ടോള്‍ നിര്‍ത്തി പുതിയ നികുതിക്ക് കേന്ദ്രനീക്കം.

ന്യൂഡല്‍ഹി: ദേശീയപാതയില്‍ സ്വകാര്യ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നതു നിര്‍ത്തി പുതിയ നികുതി സമ്പ്രദായം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമമാരംഭിച്ചു.

സ്വകാര്യ വാഹനങ്ങളില്‍ നിന്നുള്ള ടോള്‍ പിരിവിലൂടെ ഖജനാവിന് വേണ്ടത്ര വരുമാനമുണ്ടാക്കാന്‍ കഴിയുന്നില്ലെന്ന വിദഗ്ധ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഇത്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് ഒറ്റത്തവണയായി രണ്ടു ശതമാനം നികുതി ഈടാക്കാനാണ് ശ്രമം നടക്കുന്നത്. ഇത് സംബന്ധിച്ച് ദേശീയപാതാ അതോറിറ്റി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്കു ശുപാര്‍ശ സമര്‍പ്പിച്ചു.

ലോക്കപ്പില്‍ ആവശ്യമായ വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

തിരുവനന്തപുരം: ഒരാളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടുമ്പോള്‍ സാധാരണ ധരിക്കാറുള്ള വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന കേരള പോലീസ് ആക്ടിലെ വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി.
പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നഗ്നരായോ അടിവസ്ത്രം മാത്രം ധരിപ്പിച്ചോ ആളുകളെ നിര്‍ത്തിയാല്‍ ഉത്തരവാദികളായ പോലീസുകാരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് കമ്മീഷന്‍ നേരത്തെ സര്‍ക്കാരിന് നല്‍കിയ ഉത്തരവ് പുനഃപരിശോധിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ജെ.ബി.കോശി തീരുമാനിച്ചു.

സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം.

തിരുവനന്തപുരം: പുതിയ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പ്രതികരിച്ച പെണ്‍കുട്ടികളെ വടിവാളും മറ്റ് മാരകായുധങ്ങളുമായെത്തിയ ഇരുപതംഗസംഘം പൊതുസ്ഥലത്ത് വെച്ച് മര്‍ദിച്ചവശരാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് കനകക്കുന്നില്‍ പൊതുജനത്തിന് മുന്നിലായിരുന്നു മര്‍ദനം. ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരാണ് അക്രമം നടത്തിയതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു.

മൂന്നാര്‍: വിധി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി.

കൊച്ചി: മൂന്നാറില്‍ ഒഴിപ്പിച്ച ഭൂമി വിട്ടുകൊടുക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റിവ്യൂ ഹര്‍ജിയോ അപ്പീലോ എന്നിവയിലൊന്നിന്റെ സാധുത ആരായും. വിധി പ്രതികൂലമായ സാഹചര്യത്തില്‍ തുടര്‍ നടപടി ചര്‍ച്ച ചെയ്യുന്നതിന് കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭം: ജയചന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കൊച്ചി: ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ആലപ്പുഴ പറവൂര്‍ സ്വദേശി ജയചന്ദ്രനെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും മൂന്ന് ദിവസത്തേക്കാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ കസ്റ്റഡിയില്‍ ജയചന്ദ്രനെ വിട്ടുകൊടുത്തത്.

മുന്‍ എം എല്‍ എമാര്‍ നേരിട്ടെത്തിയാല്‍ മാത്രം ഹോസ്റ്റലില്‍ മുറി.

തിരുവനന്തപുരം: എം എല്‍ എ ഹോസ്റ്റലില്‍ മുന്‍ എം എല്‍ എമാര്‍ക്ക് മുറി അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് തീരുമാനമെടുത്തത്.

Tuesday, 29 July 2014

മൂന്നാര്‍ കയ്യേറ്റം: യോഗം ഇന്ന്; തിരുവഞ്ചൂര്‍ പങ്കെടുക്കും.

തിരുവനന്തപുരം: മൂന്നാര്‍ കയേറ്റവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ആലോചിക്കുന്നതിനുള്ള ഉന്നതതല യോഗം ഇന്ന് വൈകീട്ട് നാലിന് കൊച്ചിയില്‍ നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കെടുക്കും.

യോഗത്തില്‍ പങ്കെടുക്കുന്നതിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചതിനെതുടര്‍ന്നാണ് തിരുവഞ്ചൂര്‍ തീരുമാനം അറിയിച്ചത്. യോഗത്തിലേയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ലാത്തതിനാല്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. വാര്‍ത്തകളിലൂടെയാണ് യോഗത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതെതുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ടാണ് മന്ത്രിയെ ക്ഷണിച്ചത്.

യോഗത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുക്കും.

മാവോയിസ്റ്റ് ബന്ധം: സ്വിസ് പൗരന്‍ കസ്റ്റഡിയില്‍.

തൃശ്ശൂര്‍: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്വിസ് പൗരന്‍ ജോനാഥന്‍ ബോണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാവോവാദി നേതാവായ തളിക്കുളം വേളേക്കാട്ട് സിനോജിന്റെ അനുസ്മരണചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ബോണ്ടിനെ വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തത്. തൃപ്രയാറിലെ എസ്എന്‍ഡിപി യോഗം ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജോനാഥന്‍ പ്രസംഗിക്കുകയുംചെയ്തിരുന്നു.

ജയചന്ദ്രന്‍ എംഎല്‍എ ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകനെന്ന് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയില്‍ കേസിലെ പ്രതി ജയചന്ദ്രന് എംഎല്‍എമാരുമായി അടുത്തബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി എംഎല്‍എ ഹോസ്റ്റലില്‍ ഇയാള്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. ചില എംഎല്‍എമാരുടെ സഹായിയായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വിവരംലഭിച്ചിട്ടുണ്ട്.

Monday, 28 July 2014

അരുവിപ്പുറത്തിന്റെ പൈതൃകം നിലനിര്‍ത്തണം.

നെയ്യാറ്റിന്‍കര: ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിന്റെയും അനുബന്ധമായ സ്ഥലങ്ങളുടെയും പൈതൃകം സംരക്ഷിക്കണമെന്ന് അരുവിപ്പുറം പൈതൃക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
അരുവിപ്പുറം മഠത്തിലെ കെട്ടിടങ്ങള്‍, ശങ്കരന്‍കുഴി, പ്ലാവ്, വിഗ്രഹം കൊണ്ടുവന്ന പാത, ഗുരുദേവന്‍നട്ട വൃക്ഷം, കൊടിതൂക്കിമലയിലെ ഗുഹ, തീര്‍ഥക്കിണര്‍, ഭൈരവന്‍ശാന്തി സമാധി എന്നിവ പൈതൃകമേഖലയായി പ്രഖ്യാപിക്കുകയും പൗരാണികത്തനിമയില്‍ സംരക്ഷിക്കുകയും വേണമെന്ന് സമിതി ആവശ്യപ്പെട്ടു.

നെയ്യാറ്റിന്‍കര സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ നിറയുന്നു.

നെയ്യാറ്റിന്‍കര: സിവില്‍ സ്റ്റേഷന്റെ പുറകുഭാഗത്ത് ഡി വൈ.എസ്.പി. ഓഫീസിലേക്കുള്ള പാതയ്ക്കരികില്‍ വാഹനങ്ങള്‍ നിറയുന്നു. ആര്‍. ടി. അധികൃതര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പിടികൂടിയ വാഹനങ്ങളാണ് മാസങ്ങളായി സ്റ്റേഷന്‍ പരിസരത്ത് വഴിമുടക്കുന്നത്. തുരുമ്പെടുത്തു തുടങ്ങിയ വാഹനങ്ങളെ മറ്റൊരിടത്തേക്ക് മാറ്റാന്‍ നടപടി ഉണ്ടാകുന്നില്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജവാനെ പോലീസ് അറസ്റ്റ് ചെയ്തു.

നെയ്യാറ്റിന്‍കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജവാനെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിപ്പുറം ചാണിക്കുഴി ആര്‍. ജെ. നിവാസില്‍ അനില്‍ജോയി (20) ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

വ്യാജപരാതി: സ്ത്രീധനനിരോധന നിയമത്തില്‍ ഭേദഗതി വരുന്നു.

ന്യൂഡല്‍ഹി: വ്യാജപരാതി നല്‍കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കി സ്ത്രീധനനിരോധന നിയമത്തില്‍ ഭേദഗതിവരുത്തുന്നു. സ്ത്രീധന നിരോധനനിയമം ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭേദഗതി പരിഗണിക്കുന്നത്. നിലവിലുള്ള വ്യവസ്ഥകളില്‍ മാറ്റംവരുത്തുന്നതിനുപുറമെ, 'സ്ത്രീധനം' എന്താണെന്ന് കൂടുതല്‍ വ്യക്തമാക്കാനുമാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മുന്‍മന്ത്രിമാരെയും മുന്‍എം.പിമാരെയും ഒഴിപ്പിച്ചുതുടങ്ങി.

ന്യൂഡല്‍ഹി: സര്‍ക്കാര്‍വസതികളില്‍ കഴിയുന്ന മുന്‍മന്ത്രിമാരെയും മുന്‍ എം.പിമാരെയും കേന്ദ്രസര്‍ക്കാര്‍ ഒഴിപ്പിച്ചുതുടങ്ങി. 20 മുന്‍മന്ത്രിമാര്‍ക്കും 120 മുന്‍ എം.പിമാര്‍ക്കുമാണ് വീടൊഴിയാനുള്ള നോട്ടീസ് നല്‍കിത്തുടങ്ങിയത്.
നഗരവികസനമന്ത്രി വെങ്കയ്യനായിഡുവിന്റെ അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന് ഈ മാസം 25 മുതല്‍ നടപടിയാരംഭിച്ചതായി നഗരവികസനമന്ത്രാലയം അറിയിച്ചു.

ആഡംബര നൗകയില്‍ നിശാപാര്‍ട്ടിക്കിടെ റെയ്ഡ്: മദ്യവും കഞ്ചാവും പിടിച്ചെടുത്തു.

കൊച്ചി: ആഡംബര ബോട്ടിനുള്ളില്‍ രാത്രിയില്‍ ഡാന്‍സ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ മദ്യവും കഞ്ചാവും പിടിച്ചെടുത്തു. കൊച്ചി മറൈന്‍ഡ്രൈവ് മഴവില്‍പ്പാലത്തിനു സമീപത്തെ ബോട്ടുജെട്ടിയില്‍ യാത്ര പുറപ്പെടാനായി കിടന്നിരുന്ന 'ക്രീക്ക് ക്രൂയിസ്' ബോട്ടിലായിരുന്നു മിന്നല്‍ പരിശോധന. പാര്‍ട്ടിക്കിടെ ഉപയോഗിക്കാനായി കരുതിയിരുന്ന 256 ബോട്ടില്‍ ബിയര്‍, 10 കുപ്പി വിദേശമദ്യം എന്നിവയും പത്ത് ഗ്രാമോളം കഞ്ചാവുമാണ് പോലീസ് പിടിച്ചെടുത്തത്. ചെറിയ പൊതികളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. സംഭവവുമായി ബന്ധപ്പെട്ട് ബോട്ടിന്റെ ലൈസന്‍സികളായ ഷിജിന്‍, ഷനോജ്, ഡാന്‍സ് പാര്‍ട്ടിയുടെ സംഘാടകരായ പ്രശാന്ത്, എലിസബത്ത് എന്നിവരെ
കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി അതേ നിലവറകളില്‍ തിരിച്ചുെവയ്ക്കും.

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി പരിശോധനയ്ക്കുശേഷം അവ കണ്ടെത്തിയ അതേ നിലവറയില്‍ തന്നെ തിരിച്ചു െവയ്ക്കാനുള്ള നടപടികളായി. നിധി ശേഖരം ശാസ്ത്രീയമായി അടച്ച് ഭദ്രമാക്കിയാകും പെട്ടികളില്‍ സൂക്ഷിക്കുക. ശേഖരത്തിന്റെ ഭൂരിഭാഗവും കണ്ടെത്തിയ ശ്രീ ഭണ്ഡാര നിലവറ(എ)യിലെ അമൂല്യ വസ്തുക്കളാണ് ആദ്യം തിരിച്ചുെവയ്ക്കുന്നത്. എ നിലവറ അന്താരാഷ്ട്ര സുരക്ഷാ നിലവാരത്തിനനുസരിച്ച് ശക്തിപ്പെടുത്തിക്കഴിഞ്ഞു. കണക്കെടുപ്പ് തുടങ്ങി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവ തിരിച്ച് നിലവറയിലേക്ക് മാറ്റുന്നത്.

Contact Form

Name

Email *

Message *