Thursday, 14 August 2014

തിരുവനന്തപുരം-നിസാമുദ്ദീന്‍,തിരുവനന്തപുരം-ബാംഗ്ലൂര്‍ വണ്ടികളുടെ സമയക്രമമായി.

നിസാമുദ്ദീന്‍ വണ്ടി- ബുധന്‍, ശനി
ബാഗ്ലൂര്‍ വണ്ടി-ഞായര്‍, വ്യാഴം
കാസര്‍കോട്- ബൈന്ദൂര്‍ പാസഞ്ചര്‍ രാവിലെ 6.40ന്


 മുംബൈ: യു.പി.എ. സര്‍ക്കാറിന്റെ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം-നിസാമുദ്ദീന്‍, തിരുവനന്തപുരം-ബാഗ്ലൂര്‍ തീവണ്ടികളുടെ സമയക്രമമായി. എന്‍.ഡി.എ. ബജറ്റില്‍ പ്രഖ്യാപിച്ച ബാംഗ്ലൂര്‍-മംഗലാപുരം, കാസര്‍കോട്-ബൈന്ദൂര്‍ പാസഞ്ചറിന്റെയും സമയം തീരുമാനിച്ചു. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന റെയില്‍വേ ടൈം ടേബിള്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മുന്‍ റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഇടക്കാല ബജറ്റിലാണ് തിരുവനന്തപുരം-നിസാമുദ്ദീന്‍ വണ്ടികള്‍ പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി ശനിയാഴ്ചയും ആലപ്പുഴ വഴി ബുധനാഴ്ചയുമായി നിസാമുദ്ദീനിലേക്ക് ആഴ്ചയില്‍ രണ്ട് വണ്ടികള്‍ ഓടും. തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച പുലര്‍ച്ചെ 12.30ന് പുറപ്പെടുന്ന വണ്ടി (നമ്പര്‍-22653) തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് നിസാമുദ്ദീനില്‍ എത്തും. അന്ന് തന്നെ കാലത്ത് 10.05ന് നിസാമുദ്ദീനില്‍ നിന്ന് തിരിക്കുന്ന വണ്ടി( 22654) ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരത്തെത്തും. ഈ രണ്ട് സര്‍വീസുകളും കോട്ടയം വഴിയായിരിക്കും ഓടുക.
ബുധനാഴ്ച രാത്രി ഒരു മണിക്കാണ് ആലപ്പുഴ വഴിയുള്ള വണ്ടി (22655) തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. ഇത് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് നിസാമുദ്ദീന്‍ സ്റ്റേഷനിലെത്തും. വെള്ളിയാഴ്ച കാലത്ത് 10.05ന് നിസാമുദ്ദീനില്‍ നിന്ന് തിരിക്കുന്ന വണ്ടി( 22656) ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഈ വണ്ടിയില്‍ എത്ര കോച്ചുകളുണ്ടാവുമെന്നോ എന്നു മുതല്‍ ഓടിത്തുടങ്ങുമെന്നോ തീരുമാനിച്ചിട്ടില്ല. പുതിയ റേക്ക് കിട്ടുന്നതിനുസരിച്ചാവും വണ്ടി ഓടുക എന്നാണ് റെയില്‍വേ ഉന്നതോദ്യോഗസ്ഥര്‍ പറയുന്നത്.
ഇടക്കാല ബജറ്റില്‍ തന്നെ പ്രഖ്യാപിക്കപ്പെട്ട തിരുവനന്തപുരം-ബാംഗ്ലൂര്‍ വണ്ടി ഞായര്‍, വ്യാഴം ദിവസങ്ങളില്‍ ഓടിക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. പ്രീമിയം സൂപ്പര്‍ഫാസ്റ്റ് വണ്ടികളായിരിക്കും ഇവ. ബാംഗ്ലൂരില്‍ നിന്ന് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 7.15ന് ആയിരിക്കും ഈ വണ്ടി( നമ്പര്‍-22657) പുറപ്പെടുക. തൊട്ടടുത്ത ദിവസം കാലത്ത് 8.20-ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്ത് നിന്ന് ഞായര്‍, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് ഏഴിന് പുറപ്പെടുന്ന വണ്ടി (22658) പിറ്റേന്ന് കാലത്ത് 8.10ന് ബാംഗ്ലൂരില്‍ എത്തും.
എന്‍.ഡി.എ സര്‍ക്കാര്‍ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച ബാംഗ്ലൂര്‍-മംഗലാപുരം വണ്ടി (നമ്പര്‍-16575) ബാംഗ്ലൂരില്‍ നിന്ന് കാലത്ത് 8.30ന് പുറപ്പെടും. രാത്രി 9.15ന് മംഗലാപുരത്തെത്തും. മംഗലാപുരത്തു നിന്ന് കാലത്ത് 6.30-ന് തിരിക്കുന്ന വണ്ടി (16576) വൈകീട്ട് 7.15ന് ബാംഗ്ലൂരില്‍ തിരിച്ചെത്തും. എല്ലാ ദിവസവുമുള്ള ഈ വണ്ടി ഹാസന്‍ വഴിയായിരിക്കും ഓടുക.
ഇത്തവണത്തെ റെയില്‍വേ ബജറ്റില്‍ കേരളത്തിന്റെതെന്നു പറയാവുന്ന ഏക വണ്ടി കാസര്‍കോട്-ബൈന്ദൂര്‍ പാസഞ്ചറിന്റെയും സമയക്രമമായി. കാസര്‍കോട് നിന്ന് കാലത്ത് 6.40ന് തിരിക്കുന്ന വണ്ടി 11.30ന് ബൈന്ദൂരില്‍ എത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 1.30ന് തിരിച്ച് വൈകീട്ട് 6.10ന് കാസര്‍കോട് എത്തും. ഈ വണ്ടിയുടെ നമ്പര്‍ പിന്നീട് തീരുമാനിക്കും.

No comments:

Post a Comment

Contact Form

Name

Email *

Message *