Tuesday, 12 August 2014

ജപ്തിചെയ്ത വീട് തിരികെ നല്‍കി; അമ്മയ്ക്കും മക്കള്‍ക്കും തലചായ്ക്കാനിടമായി.

പൂവാര്‍: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബാങ്ക് ജപ്തിചെയ്ത വീട് തിരികെ നല്‍കി. ഇതോടെ അമ്മയ്ക്കും മൂന്ന് മക്കള്‍ക്കും തലചായ്ക്കാനിടമായി. പരണിയം വരിക്കപ്ലൂവ് തൃത്വപല്ലവിയില്‍ അനിതാ റോസ്ലറ്റ്, മക്കളായ ആല്‍ലറ്റ്, ആഷ്‌ലറ്റ്, ആന്‍സ്ലറ്റ് എന്നിവരാണ് 19 ദിവസങ്ങള്‍ക്കുശേഷം സ്വന്തം വീട്ടില്‍ കയറിയത്. കഴിഞ്ഞ 23 നാണ് ഇവര്‍ താമസിച്ചിരുന്ന വീടും സ്ഥലവും പ്രദേശത്തെ ഒരു ദേശസാല്‍കൃത ബാങ്ക് ജപ്തി ചെയ്തത്. തുടര്‍ന്ന് നിരാലംബരായ കുടുംബം ഷോര്‍ട്ട് സ്റ്റേ ഹോമിലായിരുന്നു താമസം.

അവിടെനിന്ന് ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് റീജണല്‍ ഓഫീസില്‍ നിന്ന് ബാങ്ക് മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച ഷോര്‍ട്ട് സ്റ്റേ ഹോം പ്രസിഡന്റ് പദ്മിനി വര്‍ക്കി, സെക്രട്ടറി ടി. രാധകുമാരി എന്നിവരോടൊപ്പം ഇവര്‍ ബാങ്കിലെത്തി. എന്നാല്‍ ബാങ്ക് വീണ്ടും സ്ഥലം വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ബാങ്ക് മാനേജരെ ഉപരോധിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് ഷോര്‍ട്ട് സ്റ്റേ ഹോം അധികൃതര്‍ ബാങ്കില്‍ 5000 രൂപ അടച്ചു. എന്നാല്‍ ബാങ്ക് അധികൃതര്‍ വീടിന്റെ താക്കോല്‍ അനിതാ റോസ്ലറ്റിന്റെ പിണങ്ങിക്കഴിയുന്ന ഭര്‍ത്താവിനേ നല്‍കൂ എന്ന നിലപാടെടുത്തു. വീണ്ടും പ്രതിഷേധം തുടര്‍ന്നപ്പോള്‍ പ്രാദേശിക രാഷ്ട്രീയനേതാക്കളെത്തി ബാങ്ക് കുടിശിക ഭര്‍ത്താവിന്റെ ശമ്പളത്തില്‍ നിന്ന് പിടിച്ചെടുക്കണമെന്ന വ്യവസ്ഥയില്‍ താക്കോല്‍ കൈമാറി. തുടര്‍ന്ന് ഷോര്‍ട്ട് സ്റ്റേ ഹോം അധികൃതരോടൊപ്പം കുടുംബം വീട്ടില്‍ പ്രവേശിച്ചു.
അനിതാ റോസ്ലറ്റിന്റെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ ഭര്‍ത്താവ് രണ്ടുലക്ഷം രൂപയ്ക്കാണ് വീടും 15 സെന്റ് വസ്തുവും ഈട് നല്‍കി വായ്പ എടുത്തത്. വായ്പാതുക ശമ്പളത്തില്‍ നിന്ന് പിടിക്കാനുള്ള നടപടികള്‍ തുടരുന്നതിടെയാണ് ബാങ്ക് അധികൃതര്‍ ഇവരെ പുറത്താക്കി വീട് ജപ്തി ചെയ്തത്.

No comments:

Post a Comment

Contact Form

Name

Email *

Message *