Sunday, 17 August 2014

ന്യൂനപക്ഷപ്രീണനമെന്ന പ്രതീതി തിരിച്ചടിക്ക് കാരണമായി-ആന്റണി സമിതി.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന പ്രതീതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള നാലംഗസമിതിയുടെ റിപ്പോര്‍ട്ട്.

മതനിരപേക്ഷതയും വര്‍ഗീയതയും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിച്ച പ്രചാരണം പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്‌തെന്നും കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി സര്‍ക്കാറുകള്‍ക്കെതിരെയും മുഖ്യമന്ത്രിമാര്‍ക്കെതിരെയുമുള്ള ഭരണവിരുദ്ധ വികാരവും തോല്‍വിക്കുള്ള മറ്റു കാരണങ്ങളായി. ആന്റണിക്ക് പുറമെ, മുകുള്‍ വാസ്‌നിക്, ആര്‍.സി.ഖുണ്ഡ്യ അവിനാശ് പാണ്ടെ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.


കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന പ്രതീതി ബി.ജെ.പിക്ക് സഹായമായി. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത ഒരേപോലെ രാജ്യത്തിന് അപകടകരമാണെന്നകാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സംവരണം വേണമെന്ന ചില നേതാക്കളുടെ പ്രസ്താവന ഭൂരിപക്ഷ വിഭാഗത്തിലെ ഗണ്യമായ വിഭാഗത്തില്‍ അതൃപ്തി സൃഷ്ടിച്ചു. അതേസമയം കോണ്‍ഗ്രസ്സിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ന്യൂനപക്ഷത്തിനും സംശയമുണ്ടായിരുന്നു. യു.പി.എ. സര്‍ക്കാര്‍ മുന്നോട്ടുവെച്ച പദ്ധതികളും അവയുടെ നടത്തിപ്പും തമ്മിലുള്ള അന്തരമാണ് ഇതിന് കാരണം-റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ജനറല്‍ സെക്രട്ടറിമാരില്‍ പലരും ചുമതലയുള്ള സംസ്ഥാനങ്ങളിലേക്ക് തിരിഞ്ഞുനോക്കിയില്ല. ചില മുഖ്യമന്ത്രിമാരേയും പി.സി.സി. അധ്യക്ഷന്‍മാരേയും തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പെങ്കിലും മാറ്റിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഗുണമായേനേയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.പി.എ.സര്‍ക്കാറിന്റെ നേട്ടങ്ങള്‍ സംബന്ധിച്ച് ശരിയായ പ്രചാരണം നടത്താന്‍ കഴിയാതിരുന്നതും യു.പി.എ. സര്‍ക്കാറിനെതിരെ മാധ്യമങ്ങളുടെ സമീപനവും തിരച്ചടിക്കുള്ള മറ്റ് കാരണങ്ങളായി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഡോ.മന്‍മോഹന്‍സിങ് എന്നിവരെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നില്ല.

അതിനിടെ എ.കെ.ആന്റണി സമിതി റിപ്പോര്‍ട്ട് പാര്‍ട്ടിക്കുള്ളില്‍ പരസ്യപ്പെടുത്തണമെന്നും ഇതേക്കുറിച്ച് വിവിധതലത്തില്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

No comments:

Post a Comment

Contact Form

Name

Email *

Message *