Saturday, 9 August 2014

എബോള മുന്‍കരുതല്‍: കേന്ദ്രസര്‍ക്കാര്‍ കണ്‍ട്രോള്‍റൂം തുറന്നു.

ന്യൂഡല്‍ഹി: മാരകമായ എബോള വൈറസ് പടരുന്നത് തടയുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ കണ്‍ട്രോള്‍റൂം തുറന്നു. സാധരണക്കാര്‍ക്ക് എബോള സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി ഹെല്‍പ് ലൈനും ആരോഗ്യ മന്ത്രാലയം തുടങ്ങിയിട്ടുണ്ട്.


ഹെല്‍പ് ലൈന്‍ ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങി. ആദ്യദിവസം 30 ഓളംപേര്‍ വിവരങ്ങള്‍ ആരാഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. 23063205, 23061469, 23061302 എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍. വൈറസ് ബാധ പ്രതിരോധിക്കാനുള്ള കൂട്ടായ ശ്രമത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിച്ചാണ് പലരും ഫോണില്‍ വിളിച്ചതെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. രോഗലക്ഷണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഹെല്‍പ് ലൈനിലൂടെ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ എബോള വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഇന്ത്യക്കാര്‍ എബോള വൈറസ് ബാധിച്ച വിദേശിക്കൊപ്പം മൊണ്‍റോവിയയില്‍നിന്ന് ലാഗോസിലേക്ക് വിമാനത്തില്‍ സഞ്ചരിച്ച വിവരം ലോകാരോഗ്യസംഘടന ഇന്ത്യയെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ മടങ്ങിയെത്തിയ ഈ യാത്രക്കാരെന്റെ ആരോഗ്യനില അധികൃതര്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

എബോള വൈറസ് ഇന്ത്യയിലെത്തുന്നത് തടയുന്നതിനുള്ള നടപടികള്‍ അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു. വിദേശകാര്യമന്ത്രാലയം നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എബോള ബാധിച്ച രാജ്യങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാരെ വിമാനത്താവളത്തില്‍വച്ചുതന്നെ കണ്ടെത്തുന്നുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാല് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗിനി, ലിബിയ, സിയേറ ലിയോണ്‍, നൈജീരിയ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശം. വൈറസ് ബാധയുടെ കേന്ദ്രം ഈ രാജ്യങ്ങളാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

No comments:

Post a Comment

Contact Form

Name

Email *

Message *