Friday, 15 August 2014

ആധാര്‍ നിര്‍ബന്ധം; എല്ലാ ആനുകൂല്യങ്ങളും ബാങ്കുവഴിയാക്കുന്നു.

കണ്ണൂര്‍: പ്രായപൂര്‍ത്തിയായവര്‍ക്ക് അക്കൗണ്ട് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം ബാങ്കുവഴിയാക്കുന്നു. ഇതിനായി അടുത്ത മാര്‍ച്ചാവുമ്പോഴേക്കും എല്ലാവര്‍ക്കും അക്കൗണ്ടുറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. സമ്പൂര്‍ണ വിതീയ സമാവേശം(എസ്.വി.എസ്.) എന്നാണ് പദ്ധതിക്കു നല്‍കിയ പേര്.


എല്ലാ കുടുംബത്തിലും ബാങ്ക് അക്കൗണ്ടുറപ്പാക്കാന്‍ സര്‍വേ നടത്തും. ഇല്ലാത്തവര്‍ക്ക് അക്കൗണ്ട് തുറക്കാനുള്ള നടപടി വീട്ടില്‍നിന്നുതന്നെ പൂര്‍ത്തിയാക്കും. കേരളത്തില്‍ കുടുംബശ്രീ, അക്ഷയ എന്നിവയ്ക്കാണ് അക്കൗണ്ട് തുറക്കുന്നതിനുള്ള അനുമതി നല്‍കിയത്. എല്ലാ അക്കൗണ്ടിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ സബ്‌സിഡി, പെന്‍ഷന്‍, മറ്റ് വിവിധ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം അക്കൗണ്ട് വഴിമാത്രം ഗുണഭോക്താക്കള്‍ക്കു നല്‍കിയാല്‍മതിയെന്നാണു തീരുമാനം.

പാചകവാതക സബ്‌സിഡി ബാങ്കുവഴിയാക്കാനുള്ള ശ്രമം ഏറെ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതോടെ രണ്ടാം യു.പി.എ. സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഈ നിബന്ധന ഒഴിവാക്കി. എന്നാല്‍, പാചകവാതക സബ്‌സിഡി ബാങ്കുവഴിയാക്കിയത് ഗുണകരമായ നീക്കമാണെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ആദ്യമുണ്ടായ പ്രശ്‌നങ്ങള്‍ സാങ്കേതികബുദ്ധിമുട്ടുമാത്രമാണെന്നും ഇപ്പോള്‍ ബാങ്കുവഴിയുള്ള സബ്‌സിഡിവിതരണം കുറ്റമറ്റതാണെന്നും ധനകാര്യമന്ത്രാലയം വിലയിരുത്തി. ഇതാണ് എല്ലാ ആനുകൂല്യങ്ങളും ബാങ്കുവഴിയാക്കാനുള്ള തീരുമാനത്തിനു പിന്നില്‍.

ബാങ്കിന്റെ സേവനം ലഭിക്കാത്ത മേഖലകളില്‍ ബിസിനസ് കറസ്‌പോണ്ടന്റുമാരെയോ ഏജന്റുമാരെയോ നിയമിക്കും. തപാല്‍വകുപ്പിലെ പോസ്റ്റ്മാനെവരെ ബിസിനസ് കറസ്‌പോണ്ടന്റായി നിയമിക്കാമെന്നാണ് കേന്ദ്രനിര്‍ദേശം. ഇവര്‍ക്ക് അക്കൗണ്ട് തുറക്കുന്നതിനും അയ്യായിരം രൂപവരെയുള്ള ഇടപാട് നടത്തുന്നതിനും കഴിയും. ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ക്ക് കൊണ്ടുനടക്കാവുന്ന എ.ടി.എം. മെഷീന്‍, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ നല്‍കും. ഇന്റര്‍നെറ്റ് സൗകര്യമുറപ്പാക്കാന്‍ ബി.എസ്.എന്‍.എല്ലിനോടാവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു കഴിയാത്ത ഉള്‍പ്രദേശങ്ങളില്‍ സാറ്റലൈറ്റ് സൗകര്യത്തോടെ ഇന്റര്‍നെറ്റ് ലഭ്യമാക്കും.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളടക്കമുള്ള സ്വയംസഹായസംഘങ്ങള്‍ക്ക് ഗ്രൂപ്പ് അക്കൗണ്ട് വഴി വായ്പകളനുവദിക്കും. ഇതിനൊക്കെപ്പുറമെ, അസംഘടിതമേഖലയിലുള്ളവര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍, എല്ലാ അക്കൗണ്ടുടമകള്‍ക്കും ഉപാധികളില്ലാതെ 5000 രൂപവരെ മുന്‍കൂര്‍ വായ്പ എന്നിവയുമുറപ്പാക്കും. സ്വന്തം പേരിലുള്ള അക്കൗണ്ട് എല്ലാവരും ഉപയോഗിക്കുന്നതുറപ്പാക്കാനാണ് വിവിധ പദ്ധതികളും ഇതിനൊപ്പം നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഗാരന്റിയിലാണ് എല്ലാ അക്കൗണ്ടുടമകള്‍ക്കും മൂന്നുശതമാനം പലിശനിരക്കില്‍ 5000 രൂപ മുന്‍കൂര്‍ വായ്പ നല്‍കുന്നത്. ഇതിനായി െക്രഡിറ്റ് ഗാരന്റി ഫണ്ട് രൂപവത്കരിക്കുന്നുണ്ട്. നബാര്‍ഡിനാണിതിന്റെ ചുമതല. പണം തിരിച്ചടച്ചില്ലെങ്കില്‍ ഗാരന്റി ഫണ്ടില്‍നിന്ന് ബാങ്കുകള്‍ക്ക് പണം നല്‍കും.

സംസ്ഥാനത്ത് ധനകാര്യവകുപ്പ് സെക്രട്ടറിക്കാണ് പദ്ധതിനടത്തിപ്പിന്റെ ചുമതല. റിസര്‍വ് ബാങ്ക്, ഇന്‍ഷുറന്‍സ്, ബാങ്ക്, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളടങ്ങുന്ന സമിതി ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും കളക്ടര്‍ക്കാണു ചുമതല. പദ്ധതിപ്രഖ്യാപനത്തിനു മുമ്പുതന്നെ എല്ലാ ജില്ലകളിലും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

No comments:

Post a Comment

Contact Form

Name

Email *

Message *