Friday, 22 August 2014

മഴക്കെടുതി തീരുന്നില്ല; പലയിടത്തും ഉരുള്‍പ്പൊട്ടല്‍.

കോഴിക്കോട് : സംസ്ഥാനത്ത് വെള്ളിയാഴ്ച്ച തുടങ്ങിയ കനത്ത മഴ തുടരുകയാണ്. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. കോഴിക്കോട് മിഠായി തെരുവില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു. കെ.ടി.ഡി.സി ഹോട്ടലിന് തൊട്ടരികിലെ മരമാണ് കടപുഴകി വീണത്. നഗരത്തില്‍ പലയിടങ്ങളിലും വെള്ളം കയറിയതും ഗതാഗതകുരുക്കിന് കാരണമായി.


തിരുവനന്തപുരത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം കല്ലാര്‍, പൊന്‍മുടി എന്നീ മലയോരമേഖലകള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ആദിവാസി മേഖലകളും ഒറ്റപ്പെട്ടു. നിരവധി റോഡുകളും തകര്‍ന്നിട്ടുണ്ട്. 1992ലുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം ഇത്രയും വലിയ മഴ ആദ്യമാണെന്ന് പ്രദേശ വാസികള്‍ പറയുന്നു.

കൊല്ലം ജില്ലയില്‍ ശുരനാട് പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകി. കുന്നത്തൂരില്‍ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ എത് സാഹചര്യവും നേരിടാന്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴയെത്തുടര്‍ന്ന് കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച്ച അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലെ അടിവാരം, ഈങ്ങാപ്പുഴ എന്നിവിടങ്ങളില്‍ വെള്ളം കയറി. താമരശ്ശേരി ചുരത്തില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. തൊട്ടില്‍പ്പാലത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്ത നിവാരണ സേനയെത്തി. താമരശ്ശേരിയില്‍ ഇന്നലെയുണ്ടായ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ചുരത്തിലൂടെയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. സമീപകാലത്തുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്.

പത്തനംതിട്ട ജില്ലയില്‍ കൊടുമുടി, ചിറ്റാര്‍ എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ കനത്ത കൃഷിനാശത്തിന് കാരണമായി. കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ കനത്ത മഴ തുടരുമെന്നും മീന്‍പിടുത്തക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

No comments:

Post a Comment

Contact Form

Name

Email *

Message *