Saturday, 2 August 2014

പ്ലസ്ടു അനുവദിക്കല്‍: മാനദണ്ഡം എന്തെന്ന് ഹൈക്കോടതി.

കൊച്ചി: സംസ്ഥാനത്ത് പ്ലസ് ടു കോഴ്‌സുകള്‍ അനുവദിക്കാന്‍ എന്ത് മാനദണ്ഡമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഹൈക്കോടതി. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശയെ മറികടന്ന് കോഴ്‌സുകള്‍ അനുവദിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. എറണാകുളം തുറവൂര്‍ മാര്‍ അഗസ്റ്റിന്‍സ് സ്‌കൂളിലെ പ്ലസ്ടു പ്രവേശനം താത്കാലികമായി തടഞ്ഞു.


പുതിയ പ്ലസ്ടു ബാച്ച് അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാരോപിച്ച് അങ്കമാലി കിടങ്ങൂരിലെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്റെ ഉത്തരവ്. തങ്ങളുടെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കണമെന്ന് ഹയര്‍െസക്കന്‍ഡറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നുവെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി. ഇത് അവഗണിച്ച് തുറവൂര്‍ മാര്‍ അഗസ്റ്റിന്‍സ് സ്‌കൂളിന് പ്ലസ്ടു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസ് ആഗസ്ത് 11ന് പരിഗണിക്കുന്നതിനായി മാറ്റി. എന്തെങ്കിലും വ്യക്തമാക്കാനുണ്ടെങ്കില്‍ ഈ സമയത്തിനകം എതിര്‍കക്ഷികള്‍ സത്യവാങ്മൂലം നല്‍കണം. മാര്‍ അഗസ്റ്റിന്‍സ് സ്‌കൂളിനു പുതിയ പ്ലസ് ടു ബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണം. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കണം. സംസ്ഥാനത്ത് പ്ലസ് ടു സ്‌കൂളുകളും അധിക ബാച്ചും അനുവദിച്ചതിന്റെ സര്‍ക്കാര്‍ ഉത്തരവും അതിന്റെ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം തന്നെ സംസ്ഥാനസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പുതിയ സ്‌കൂള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജഞാപനമാണ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് മുഴുവന്‍ രേഖകളും ആവശ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാനസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ ഒന്നും രണ്ടും കക്ഷികളാണ്. മന്ത്രിസഭാ ഉപസമിതിയെ പ്രതിനിധീകരിച്ച് വിദ്യാഭ്യാസ മന്ത്രിയെയും കേസില്‍ മൂന്നാമതായി കക്ഷി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ മൂന്നാം കക്ഷിക്ക് നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി വിലയിരുത്തി.

അഡ്വക്കേറ്റ് ജനറലിന്റെയും ഹര്‍ജിക്കാരുടെയും എതിര്‍ഭാഗം സ്‌കൂളിന്റെയും വാദം കോടതി കേട്ടു. തുടര്‍ന്നാണ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ മാര്‍ അഗസ്റ്റിന്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനം തടഞ്ഞുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റേ അനുവദിച്ചാല്‍ പ്ലസ്ടു പ്രവേശനം തടസ്സപ്പെടുമെന്നു അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി വ്യക്തമാക്കിയെങ്കിലും സ്റ്റേ അനുവദിക്കുകയായിരുന്നു.

പുതിയ പ്ലസ് ടു ബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട് പത്തനംതിട്ട കുമ്പനാട് നോയല്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ നല്‍കിയ ഹര്‍ജിയിലും കോടതി വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ ഈ ഹര്‍ജിയില്‍ സ്റ്റേ അനുവദിച്ചില്ല.

No comments:

Post a Comment

Contact Form

Name

Email *

Message *