Saturday, 2 August 2014

ഗാന്ധി വിരുദ്ധ പരാമര്‍ശം: അരുന്ധതി റോയ് മാപ്പ് പറയണമെന്ന് ചെന്നിത്തല.

ന്യൂഡല്‍ഹി: ഗാന്ധിവിരുദ്ധ പരാമര്‍ശം നടത്തിയ അരുന്ധതി റോയ് മാപ്പുപറയുന്നതാണ് ഉചിതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രപിതാവിനെതിരെ നടത്തിയ പരാമര്‍ശം അപലപനീയമാണ്. അരുന്ധതി റോയ്‌ക്കെതിരെ കടന്നപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ പരാതി ഡി ജി പിയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ഉറപ്പൊന്നും കെ ബി ഗണേഷ് കുമാറിന് നല്‍കിയിട്ടില്ല. വിഷയം ചര്‍ച്ചചെയ്യാമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്.

ബ്ലാക്‌മെയില്‍ പെണ്‍വാണിഭക്കേസ് അന്വേഷണത്തില്‍ ഒരുതരത്തിലുള്ള ഇടപെടലും അനുവദിക്കില്ല. ഒരു തെളിവും നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല. നിയമം നിയമത്തിന്റെ വഴിക്കുതന്നെ നീങ്ങും. അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. എവിടെയൊക്കെപ്പോയി തെളിവെടുപ്പ് നടത്തണം ആരെയൊക്കെ ചോദ്യം ചെയ്യണം എന്നിവയെല്ലാം അന്വേഷണ ഉദ്യോഗസ്ഥരാണ് തീരുമാനിക്കുന്നത്. അക്കാര്യത്തിലൊന്നും ആരും ഇടപെടില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിശാപാര്‍ട്ടികളില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഒരുകാരണവശാലും അനുവദിക്കില്ല. അവയ്ക്ക് പിന്നിലുള്ള മാഫിയകളെ വേരോടെ പിഴുതെറിയും. സംസ്ഥാനത്ത് മയക്കുമരുന്നിന്റെ സ്വാധീനം ശക്തമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം നേരിടുന്നതിനുള്ള പോംവഴികള്‍ ആലോചിക്കാന്‍ പോലീസിന്റെയും എക്‌സൈസിന്റെയും സംയുക്തയോഗം ചൊവ്വാഴ്ച ചേരുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *