Sunday, 17 August 2014

മഴയും ഉരുള്‍പൊട്ടലും ഉത്തരാഖണ്ഡില്‍ 27 മരണം.

ഡെറാഡൂണ്‍: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഉത്തരാഖണ്ഡില്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 27 ആയി.
തോരാമഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ശനിയാഴ്ച ഡെറാഡൂണ്‍ ജില്ലയിലെ രജ്പുര്‍ മേഖലയില്‍ ഉരുള്‍പൊട്ടി കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ഇതോടെ ജൂണ്‍മുതല്‍ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 57 ആയി.


വെള്ളിയാഴ്ചത്തെ കനത്തമഴയില്‍ പുരി ജില്ലയില്‍ 14 പേര്‍ മരിച്ചിരുന്നു. യാമേക്ഷര്‍ ലാന്‍സ്ഡൗണ്‍ മേഖലകളിലാണ് മറ്റ് മരണങ്ങള്‍. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

അഞ്ഞൂറോളം വീടുകള്‍ മഴയില്‍ തകര്‍ന്നു. ദുരന്തബാധിതമേഖലകളില്‍ ജില്ലാഭരണകുടങ്ങളുടെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രജ്പുര്‍ മേഖലയില്‍നിന്നും തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ വീട്ടമ്മയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നിയമപ്രകാരമുള്ള സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് മസ്സൂറി-ഡെറാഡൂണ്‍ റോഡിലുടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴ ശക്തമാണെങ്കിലും ചാര്‍ദാം തീര്‍ഥാടനം തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. ഇവിടേക്കുള്ള റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തില്‍ ഇവ ശരിയാക്കാനുള്ള പ്രവൃത്തി നടന്നു വരികയാണ്.

No comments:

Post a Comment

Contact Form

Name

Email *

Message *