Thursday, 14 August 2014

വേണാട് ചിട്ടിത്തട്ടിപ്പ്: പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

വെള്ളനാട്: നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ വേണാട് ചിട്ടിഫണ്ട് ഉടമയെയും ബന്ധുക്കളെയും ആര്യനാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
ഉറിയാക്കോട് ആര്‍.എസ്. ആന്‍ഡ് സണ്‍സ് വേണാട് ചിട്ടിഫണ്ട് മാനേജിങ് ഡയറക്ടര്‍ അനു (30), ചെയര്‍മാന്‍ രവീന്ദ്രന്‍ (60), രവീന്ദ്രന്റെ ഭാര്യ സരള (52) എന്നിവരെയാണ് ആര്യനാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി വെള്ളനാട്ടെ മുഖ്യഓഫീസിലും വീട്ടിലുമായി തെളിവെടുപ്പ് നടത്തിയത്.
പോണ്ടിച്ചേരിയില്‍ നിന്ന് പോലീസ് പിടിയിലായ പ്രതികളെ കഴിഞ്ഞ 9ന് നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ആര്യനാട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പ്രതികളെ തെളിവെടുപ്പ് നടത്തുന്നതിനായി മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ആര്യനാട് സ്റ്റേഷനിലെത്തിയ പ്രതികളെ ചിട്ടിക്കമ്പനിയുടെ മുഖ്യഓഫീസ് പ്രവര്‍ത്തിച്ചിരുന്ന വെള്ളനാട്ടാണ് തെളിവെടുപ്പിനായി ആദ്യം എത്തിച്ചത്. തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന ഉറിയാക്കോട്ടെ ആഡംബരവീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. പ്രതികളെത്തുന്ന വിവരം അറിഞ്ഞ് തട്ടിപ്പിനിരയായവര്‍ രണ്ടിടത്തും തടിച്ചുകൂടിയിരുന്നു. പണമിടപാട് സംബന്ധിച്ച നിരവധി രേഖകളും പോലീസ് വീട്ടില്‍നിന്ന് കണ്ടെടുത്തു.
നാല് ജില്ലകളിലായി 26ല്‍പ്പരം ശാഖകളിലൂടെ ചിട്ടി ഇടപാട് നടത്തി നൂറുകണക്കിന് പേരില്‍ നിന്ന് 15 കോടിയിലേറെ രൂപ തട്ടിയെടുത്താണ് ഇവര്‍ മുങ്ങിയത്. തെളിവെടുപ്പ് വ്യാഴാഴ്ചയും തുടരും.

No comments:

Post a Comment

Contact Form

Name

Email *

Message *