Saturday, 2 August 2014

ജില്ലയില്‍ പരക്കെ മഴ; നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍.

തിരുവനന്തപുരം: ജില്ലയില്‍ വെള്ളിയാഴ്ച ശക്തമല്ലെങ്കിലും പരക്കെ മഴ പെയ്തു. എന്നാല്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. വട്ടപ്പാറ വില്ലേജ് ഓഫീസിന് മുകളിലൂടെ വന്‍മരം കടപുഴകി വീണു. മഴ കനത്തതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് വട്ടപ്പാറ വില്ലേജ് ഓഫീസിന് മുകളിലൂടെ മരം കടപുഴകി വീണത്. എന്നാല്‍ ആര്‍ക്കും പരിക്കില്ല. മരം വീണത് കാരണം വില്ലേജ് ഓഫീസിന് കേടുപാടുകളുണ്ടായി.

കമലേശ്വരം സ്‌കൂളില്‍ വെള്ളിയാഴ്ച വൈകിട്ട് മരം കടപുഴകി വീണു. ക്ലാസ്സുകള്‍ കഴിഞ്ഞതിന് ശേഷമായിരുന്നു സംഭവം. അതുകൊണ്ട് നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. അഗ്നിശമന സേനക്കാര്‍ എത്തി മരം പിന്നീട് മുറിച്ച് മാറ്റി.
ബാര്‍ട്ടണ്‍ഹില്‍ സ്‌കൂളിലും മരംവീണു. ഇവിടെയും ആളപായമുണ്ടായില്ല. പോങ്ങുംമൂട് അര്‍ച്ചന നഗറില്‍ ഓമനയുടെ വീട് മഴയത്ത് തകര്‍ന്നുവീണു. തിരുമല കുന്നപ്പുഴയില്‍ കനത്ത മഴയില്‍ വീടിന്റെ മതിലിടിഞ്ഞു. പലയിടങ്ങളിലും മരംവീണതിനാല്‍ വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്.
മഴ കാരണം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. കിഴക്കേക്കോട്ട, അട്ടകുളങ്ങര-മണക്കാട് ബൈപാസ്, സ്റ്റാച്യു, കിള്ളിപ്പാലം, പഴവങ്ങാടി, മാഞ്ഞാലിക്കുളം എന്നിവിടങ്ങളിലെ റോഡ് മഴവെള്ളത്തില്‍ മുങ്ങി. ഇതു കാരണം വാഹന ഗതാഗതവും കാല്‍നടയാത്രയും ദുഷ്‌കരമായി.
ജില്ലയിലെ പലപ്രദേശങ്ങളിലും വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ മഴ പെയ്തു. രാവിലത്തെ തോരാമഴയില്‍ നഗരത്തിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി.
കരിമഠം കോളനി, ജഗതി ബണ്ട് കോളനി, കണ്ണമ്മൂല പുത്തന്‍പാലം കോളനി എന്നിവിടങ്ങള്‍ മഴ ശക്തമായതോടെ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. മഴക്കാല പൂര്‍വ ശുചീകരണം ഈ പ്രദേശങ്ങളില്‍ നടക്കാത്തതുകാരണം പകര്‍ച്ചപ്പനിയുള്‍പ്പെടെയുള്ളവ പടരുകയാണ്.

No comments:

Post a Comment

Contact Form

Name

Email *

Message *