Sunday, 17 August 2014

ബാര്‍ വടംവലി യു.ഡി.എഫിലേക്ക്; പുതിയ പ്രശ്‌നങ്ങള്‍ തലപൊക്കുന്നു.


തിരുവനന്തപുരം: കത്തിക്കാളുന്ന ബാര്‍ ലൈസന്‍സ് പ്രശ്‌നം യു.ഡി.എഫിലെത്തിച്ച് തീര്‍ക്കാന്‍ തീവ്രശ്രമം. ഇതേസമയം, ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ പ്രശ്‌നങ്ങള്‍ തലപൊക്കിയിട്ടുമുണ്ട്. ഇതിനിടെ, തന്റെ നിലപാടില്‍ ഒരു മാറ്റവും വരുത്താനില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.


21ന് തിരുവനന്തപുരത്ത് യു.ഡി.എഫിലെ കക്ഷിനേതാക്കളുടെ യോഗമാണ് വിളിച്ചുകൂട്ടുന്നത്. ഇത് സമ്പൂര്‍ണ യു.ഡി.എഫ്. യോഗമായിരിക്കില്ലെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ വ്യക്തമാക്കിയിട്ടുണ്ട്.
യോഗത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടുമ്പോള്‍ പ്രശ്‌നം വീണ്ടും കുഴഞ്ഞുമറിയുമോയെന്ന ആശങ്കയിലാണ് കക്ഷിനേതാക്കളെ മാത്രം ക്ഷണിക്കുന്നത്.

മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ 418 ബാറുകള്‍ തുറക്കരുതെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ മുന്നണിയില്‍ സമവായം ഉണ്ടാക്കാനാകുമെന്നാണ് സര്‍ക്കാര്‍തലപ്പത്തെ പ്രമുഖര്‍ കരുതുന്നത്.

പക്ഷേ, ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കുന്നതിലേക്ക് കടക്കുമ്പോള്‍ ബാറുകളുടെ പദവി സംബന്ധിച്ച തീര്‍പ്പ് പുതിയ ഒരു വെല്ലുവിളിയായി കടന്നുവരികയാണ്. ബാറുകളുടെ നിലവാരം പരിശോധിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ഓരോ സ്റ്റാര്‍ വിഭാഗത്തിലുംപെട്ട ഹോട്ടലുകള്‍ ഉറപ്പാക്കേണ്ട സൗകര്യങ്ങള്‍ ചട്ടങ്ങളിലുണ്ട്. പക്ഷേ, അത് ഏത് സ്റ്റാറുവരെയാണെന്ന് നിശ്ചയിച്ചാലെ അതിനനുസരിച്ച് പരിശോധന നടത്താനാകൂ.

ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം ഉണ്ടാകേണ്ടിവരും. പൂട്ടിക്കിടക്കുന്ന ബാറുകളില്‍ കൂടുതലും രണ്ട്-മൂന്ന് സ്റ്റാര്‍ പദവിയുള്ളവയാണ്.
പക്ഷേ, അഞ്ച് സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് മാത്രം പുതുതായി ബാര്‍ ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നയം. ഇത് പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ബാധകമല്ല.
യു.ഡി.എഫ്. ചര്‍ച്ചകള്‍ കഴിഞ്ഞിട്ട് പരിശോധന തുടങ്ങിയാല്‍ അത് പൂര്‍ത്തിയാക്കാനാകില്ലെന്ന് എക്സൈസ് വകുപ്പിലെ ഉന്നതര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളെ അറിയിച്ചിട്ടുമുണ്ട്.

എന്നാല്‍, യു.ഡി.എഫ്. ചേരുന്നതിന് മുമ്പുള്ള പരിശോധനകള്‍ അംഗീകരിക്കാനാകില്ലെന്ന് ചില ഘടകകക്ഷി നേതാക്കള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്.
ഇതേസമയം, ഹൈക്കോടതി നിര്‍ദേശിച്ച സമയം പാലിക്കാനായി പ്രാഥമിക അനൗദ്യോഗിക പരിശോധനകള്‍ക്ക് ഉദ്യോഗസ്ഥര്‍ ഉടന്‍ തുടക്കമിടുമെന്നും സൂചനകളുണ്ട്.

ഇതിനിടെ, ഹൈക്കോടതി നിര്‍ദേശം പാലിക്കുന്നതിനുള്ള നടപടികള്‍ക്ക് പച്ചക്കൊടി നല്‍കാന്‍ മാത്രമായിട്ടായിരിക്കില്ല യു.ഡി.എഫ്. നേതൃയോഗമെന്നും വ്യക്തമാകുന്നുണ്ട്. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനപ്പുറം കര്‍ശന മദ്യവിരുദ്ധ തീരുമാനങ്ങളും മുന്നണിയോഗം പ്രഖ്യാപിച്ചേയ്ക്കും.
ഇതിനിടെ, തന്റേത് വ്യക്തിപരമായ നിലപാടാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ സുധീരനെ ചൊടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ ബോഡി യോഗത്തില്‍ ഒരാളൊഴിക എല്ലാവരും 418 ബാറുകള്‍ തുറക്കേണ്ടെന്ന നിലപാടിലായിരുന്നുവെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

മറിച്ചൊരു തീരുമാനം യു.ഡി.എഫ്. കൈക്കൊണ്ടാല്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിരുദ്ധമാകുമെന്ന സന്ദേശം നല്‍കാനാണ് സുധീരന്‍ ലക്ഷ്യമിടുന്നത്.

No comments:

Post a Comment

Contact Form

Name

Email *

Message *