Friday, 22 August 2014

ബാര്‍ പ്രശ്‌നം: തീരുമാനമായെങ്കിലും ചേരിപ്പോര് തുടരുന്നു.

തിരുവനന്തപുരം : ബാര്‍പ്രശ്‌നത്തില്‍ തീരുമാനമെടുത്തെങ്കിലും കോണ്‍ഗ്രസ്സിലും മുന്നണിയിലും അതിന്റെ പേരിലുള്ള തമ്മിലടി അവസാനിക്കുന്നില്ല. ബാര്‍ തര്‍ക്കത്തിന് പരിഹാരമായെങ്കിലും തീരുമാനത്തിലേക്കെത്തിയ വഴികളെക്കുറിച്ചും ഈ നിലപാടിന്റെ ക്രെഡിറ്റിനെക്കുറിച്ചുമാണ് തര്‍ക്കം തുടരുന്നത്. മുഖ്യമന്ത്രിയെ ഘടകകക്ഷികളും കെ.പി.സി.സി പ്രസിഡന്റും ഒറ്റപ്പെടുത്തിയെന്നാണ് ആക്ഷേപം.


കെ.പി.സി.സി പ്രസിഡന്റിനെതിരെ വൈസ് പ്രസിഡന്റ് എം.എം. ഹസ്സന്‍ തന്നെ രംഗത്തെത്തി. ആദ്യം മാതൃഭൂമി ന്യൂസ് അഭിമുഖത്തില്‍ സുധീരനെതിരെ തുറന്നടിച്ച ഹസ്സന്‍ തൊട്ടുപിന്നാലെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ട്രഷറര്‍ കരകുളം കൃഷ്ണപിള്ള എന്നിവരെയുംകൂട്ടി ഇന്ദിരാഭവനില്‍ തന്നെ പത്രസമ്മേളനവും നടത്തി.

തീരുമാനത്തിന്റെ പ്രധാന ക്രെഡിറ്റ് മുഖ്യമന്ത്രിക്കുതന്നെയാണെന്ന് പറഞ്ഞ ഹസ്സന്‍, സുധീരന്‍ സര്‍ക്കാരിനെ വെട്ടിലാക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചു. കെ.പി.സി.സി പ്രസിഡന്റിന്റെ വാക്കുകള്‍ സര്‍ക്കാരിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. പ്രതിപക്ഷംപോലും പറയാത്ത രീതിയിലാണ് പ്രസിഡന്റ് സര്‍ക്കാരിനെതിരെ പറഞ്ഞത്. ഈ നിലപാട് സര്‍ക്കാരിനെ വെട്ടിലാക്കി. ആദര്‍ശപരമായ നിലപാടുകള്‍ കടുപ്പിച്ച് ചില തീരുമാനങ്ങളുടെ ക്രെഡിറ്റ് തനിക്കുതന്നെയിരിക്കട്ടെയെന്ന് ചിലര്‍ വിചാരിച്ചിട്ടുണ്ടാകാം. ചാനല്‍ അഭിമുഖത്തില്‍ ഹസ്സന്‍ പറഞ്ഞു.

ഘടകകക്ഷികള്‍ക്കെതിരെയും ഹസ്സന്റെ വിമര്‍ശം നീണ്ടു. പരസ്യമായി ഒരഭിപ്രായവും രഹസ്യമായി മറ്റൊന്നും പറഞ്ഞ ഘടകകക്ഷികള്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന്റെ പാപഭാരം മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കി. മുസ്ലിം ലീഗിന്റെ മുഖപത്രത്തില്‍ മുഖ്യമന്ത്രിയെ ഒറ്റുകാരനായി ചിത്രീകരിച്ചു. സുധീരന്റെയും ഘടകകക്ഷികളുടെയും ഈ നിലപാടുകളാണ് സമ്പൂര്‍ണ മദ്യനിരോധനമെന്ന നിലപാടിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ചത്. അദ്ദേഹം പറഞ്ഞു.

പിന്നീട് നടത്തിയ പത്രസമ്മേളനത്തില്‍ കടുത്ത രീതിയിലല്ലെങ്കിലും അദ്ദേഹം വിമര്‍ശം തുടര്‍ന്നു. 418 ബാറില്‍ കുറച്ചെണ്ണത്തിന് മാത്രം അനുമതി നിഷേധിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്, നിയമപരവും പ്രായോഗികവുമായ നിലപാടായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ബാറുകാരുടെ ആളാക്കി ചിത്രീകരിക്കാനാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും മുന്നണിയില്‍ നിന്നും ശ്രമമുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആരുവിചാരിച്ചാലും തന്നെ ബാറുകാരുടെ ആളാക്കി ചിത്രീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. എന്നാല്‍ ഈ പ്രതികരണങ്ങള്‍ക്ക് അതേരീതിയില്‍ സുധീരന്‍ മറുപടി പറഞ്ഞില്ല. എന്തുകൊണ്ടാണ് തന്നെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നതെന്ന് അറിയില്ലെന്ന് പറഞ്ഞ സുധീരന്‍, മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചു. എ ഗ്രൂപ്പിന്റെ തീരുമാനപ്രകാരമായിരുന്നു ഹസ്സന്റെ പ്രതികരണം എന്നറിയുന്നു.

ഘടകകക്ഷികളുടെ നിലപാട് മാറ്റവും മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി. പ്ലസ്ടു പ്രശ്‌നത്തില്‍ എല്ലാറ്റിനും ഉത്തരവാദി താനാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ബാര്‍ കാര്യത്തില്‍ ലീഗ് ഒറ്റപ്പെടുത്തിയെന്നാണ് എ ഗ്രൂപ്പിന്റെ പരാതി.

നിലവാരമുള്ളവയ്ക്ക് ലൈസന്‍സ് നല്‍കണമെന്ന് ആദ്യം പറഞ്ഞ കെ.എം.മാണി പിന്നീട് തകിടം മറിഞ്ഞു. മുഖ്യമന്ത്രിയെ ബാറുകാരുടെ ആളാക്കി ചിത്രീകരിക്കാന്‍ ഘടകകക്ഷികളും ശ്രമിച്ചെന്ന കുറ്റപ്പെടുത്തലിന്റെ അടിസ്ഥാനമിതാണ്.

നിര്‍ണായകമായ ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് ഹൈക്കമാന്‍ഡിന്റെ അനുമതിയും മുഖ്യമന്ത്രി തേടിയിരുന്നു. ഡല്‍ഹിയിലുണ്ടായിരുന്ന വി.ഡി. സതീശന്‍ ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ച് അനുമതി നേടിയിരുന്നു.

No comments:

Post a Comment

Contact Form

Name

Email *

Message *