Friday, 22 August 2014

ഇപ്പോഴുള്ള 312 ബാറുകളും ഉടന്‍ പൂട്ടും.

തിരുവനന്തപുരം: പൂട്ടിയ 418 ബാറുകള്‍ക്കുപുറമെ പ്രവര്‍ത്തിച്ചുവരുന്ന 312 ബാറുകളും ഉടന്‍ പൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ ബാറുകള്‍ പൂട്ടാന്‍ മാര്‍ച്ച് 31 വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴിച്ചുള്ള എല്ലാ ബാറുകളും പൂട്ടാന്‍ നിര്‍ദേശിക്കുന്ന യു.ഡി.എഫിന്റെ പുതിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.


പുതിയ മദ്യനയം നടപ്പാക്കുന്നത് സംബന്ധിച്ച് താനും മന്ത്രി കെ. ബാബുവും നികുതി, എക്‌സൈസ്, നിയമം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി നടപടി തുടങ്ങിക്കഴിഞ്ഞു. മന്ത്രിസഭയുടെ അടുത്തയോഗം ചേരുന്ന 27ന് പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ അബ്കാരി നയത്തിന് വിധേയമായാണ് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയിരിക്കുന്നത്. ആ സാഹചര്യത്തില്‍ അവര്‍ അടച്ച ലൈസന്‍സ് ഫീസിന്റെ ശേഷിച്ച തുക മടക്കി നല്‍കി ലൈസന്‍സ് റദ്ദാക്കാമെന്നാണ് നിയമോപദേശം. ഏതാണ്ട് 45 കോടി രൂപ ഈ വിധത്തില്‍ മടക്കിനല്‍കേണ്ടിവരും.

പൂട്ടുന്ന ബാറുകളില്‍ വില്പനയ്ക്കായി ശേഖരിച്ചിരിക്കുന്ന മദ്യം വിലനല്‍കി സര്‍ക്കാര്‍ തിരിച്ചെടുക്കും. ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാറുകളുടെ നിലവാര പരിശോധന 26വരെ തുടരും. സര്‍ക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച് കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓരോവര്‍ഷവും ബിവറേജസ് കോര്‍പ്പറേഷന്റെ 10 ശതമാനം വില്പനകേന്ദ്രങ്ങള്‍ പൂട്ടുമെന്നാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. മൊത്തം 338 വിപണനകേന്ദ്രങ്ങളുള്ള കോര്‍പ്പറേഷന്റെ 34 വിപണനകേന്ദ്രങ്ങളും മൊത്തം 44 വിപണന കേന്ദ്രങ്ങളുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ അഞ്ച് വിപണനകേന്ദ്രങ്ങളും ഓരോവര്‍ഷവും പൂട്ടും. ഇതനുസരിച്ച് അടുത്ത ഗാന്ധിജയന്തിദിനത്തില്‍ മൊത്തം 39 മദ്യവിപണന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കും. അടുത്ത ഒക്ടോബര്‍ രണ്ടിന് ശേഷമുള്ള എല്ലാ ഞായറാഴ്ചകളിലും മദ്യവില്പന നിര്‍ത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബാര്‍ ഹോട്ടലുകളെപ്പോലെ മദ്യവില്പനയ്ക്ക് ലൈസന്‍സുള്ള ക്ലബ്ബുകളുടെ കാര്യത്തില്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കും. പുതിയ മദ്യനയം ചര്‍ച്ചചെയ്യുന്ന അടുത്ത മന്ത്രിസഭായോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

മിലിട്ടറി കാന്റീനുകളിലെ മദ്യവില്പന സംബന്ധിച്ച ചോദ്യത്തിന് അത് നമ്മുടെ അധികാരപരിധിയില്‍പ്പെടുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ. ബാബുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Contact Form

Name

Email *

Message *