Saturday, 13 September 2014

ബാര്‍ പൂട്ടല്‍: മദ്യക്കമ്പനികളുടെ സെക്കന്‍ഡ്‌സ് കച്ചവടം നിലയ്ക്കും.

തിരുവനന്തപുരം: ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മദ്യക്കമ്പനികള്‍ക്ക് നഷ്ടമാകുന്നത് നികുതി വെട്ടിച്ച് മദ്യം വില്‍ക്കുന്നതിനുള്ള വേദി. മദ്യക്കച്ചവടത്തിന്റെ കുത്തകയായ ബിവറേജസ് കോര്‍പ്പറേഷനെ ഒഴിവാക്കി ചില ബാറുടമകളും മദ്യക്കമ്പനികളും കൂടി കാലങ്ങളായി നടത്തിവരുന്ന നികുതി വെട്ടിപ്പിന് തടയിടുന്നതാണ് പുതിയ മദ്യനയം. സെക്കന്‍!ഡ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന നികുതിവെട്ടിച്ചുള്ള മദ്യക്കച്ചവടത്തിന് പ്രധാനവേദി ബാറുകളാണ്.


സംസ്ഥാനത്തെ മദ്യവിപണിയുടെ 23 ശതമാനം മാത്രമാണ് ബാറുകള്‍ക്കുള്ളത്. ബാക്കി സിംഹഭാഗം കൈയാളുന്നത് സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ബിവറേജസ് കോര്‍പ്പറേഷനാണ്. എന്നാല്‍ ബാര്‍ ലൈസന്‍സ് റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതോടെ ബിവറേജസിന് മദ്യം നല്‍കില്ലെന്ന സമ്മര്‍ദ്ദതന്ത്രത്തിലേക്ക് മദ്യക്കമ്പനികള്‍ കടക്കുകയാണ്.

എക്‌സൈസ് ഡ്യൂട്ടി, വില്‍പനനികുതി, സെസ്, സര്‍ച്ചാര്‍ജ് തുടങ്ങി വിലയുടെ ഇരട്ടിയോളം നികുതി ഈടാക്കിയാണ് കെ.എസ്.ബി.സി മദ്യം വില്‍ക്കുന്നത്. സെസ് ഉള്‍പ്പെടെ 108 ശതമാനത്തോളം നികുതി മദ്യത്തിന് ചുമത്തുന്നുണ്ട്.

ഡിസ്റ്റിലറിയില്‍ നിന്ന് നികുതി വെട്ടിച്ച മദ്യം വില്‍ക്കാനുള്ള അവസരമൊരുക്കിയാല്‍ ലാഭം ഇരട്ടിയാകും. ബിവറേജസ് കോര്‍പ്പറേഷന്‍ വാങ്ങുന്ന മദ്യമാണ് നികുതി ചുമത്തിയശേഷം ബിവറേജസിന്റെ തന്നെ ഔട്ട്‌ലെറ്റുകളിലൂടെയും ബാറുകളിലൂടെയും വില്‍ക്കുന്നത്.

ബിവറേജസ് കോര്‍പ്പറേഷന് മദ്യം നല്‍കുന്നത് നഷ്ടമാണെന്ന് കണക്കുകള്‍ കാണിച്ച് സമര്‍ത്ഥിക്കുമ്പോഴും മദ്യക്കമ്പനികള്‍ ബിവറേജസുമായുള്ള കച്ചവടം തുടരുന്നു. നഷ്ടം സഹിച്ചാണെങ്കിലും ബിവറേജസിന് മദ്യം നല്‍കിയാല്‍ മാത്രമേ അതേ ബ്രാന്‍ഡ് മദ്യം ബാറില്‍ നികുതി വെട്ടിച്ച് വില്‍ക്കാന്‍ കഴിയൂ. ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കുന്നതില്‍ കൂടുതല്‍ തുക സെക്കന്‍ഡ്‌സ് കച്ചവടത്തിന് തയ്യാറാകുന്ന ബാര്‍ ഉടമകള്‍, മദ്യക്കമ്പനികള്‍ക്ക് നല്‍കും. നികുതി വെട്ടിക്കുന്ന ലാഭം ബാറുടമകള്‍ക്കും കിട്ടും.

ഡിസ്റ്റിലറികളില്‍ മദ്യനിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥരുണ്ടെങ്കിലും ഫലപ്രദമല്ല. ഒരു ഇന്‍സ്‌പെക്ടറും പ്രിവന്റീവ് ഓഫീസറും ഗാര്‍ഡും മാത്രമാണ് മദ്യനിര്‍മാണ യൂണിറ്റുകളിലുള്ളത്. ഡിസ്റ്റിലറികളില്‍ നിന്ന് ലോറികളില്‍ കയറ്റി അയക്കുന്ന മദ്യകെയ്‌സുകള്‍ കൃത്യമായി എണ്ണി തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. നികുതി അടയ്ക്കാത്ത മദ്യവും ഇതോടൊപ്പം പുറത്തിറങ്ങും.
വാഹനത്തിന് എക്‌സൈസ് പെര്‍മിറ്റ് നല്‍കുന്നുണ്ടെങ്കിലും വഴിയില്‍വെച്ചെങ്ങും പരിശോധിക്കാറില്ല. കണക്കില്‍പ്പെടാത്ത മദ്യം ലോറിയിലുണ്ടെങ്കിലും കണ്ടെത്താന്‍ കഴിയില്ല. ബിവറേജസിന്റെ സുരക്ഷാ മുദ്രണമായ ഹോളോഗ്രാം വ്യാജമായി നിര്‍മിക്കുന്നുണ്ട്. ഹോളോഗ്രാം നിര്‍മിക്കാന്‍ പൊതുമേഖലാ സ്ഥാപനത്തിന് നല്‍കിയ കരാര്‍ സ്വകാര്യസ്ഥാപനത്തിന് മറിച്ചുകൊടുത്തതോടെ ഈ സുരക്ഷാക്രമീകരണം നഷ്ടമായി. പുതിയ ഹോളോഗ്രാം തയാറാക്കണമെന്ന നിര്‍ദേശം ഇപ്പോഴും നടപ്പാക്കിയിട്ടില്ല.

No comments:

Post a Comment

Contact Form

Name

Email *

Message *