Sunday, 17 August 2014

അമിതവേഗക്കാര്‍ സൂക്ഷിക്കുക; ക്യാമറക്കണ്ണുകള്‍ പിന്നിലുണ്ട്‌.

ആറ്റിങ്ങല്‍: ദേശീയപാതയുള്‍പ്പെടെയുള്ള റോഡുകളില്‍ അപകടമരണങ്ങള്‍ക്കിടയാക്കുന്നത് അമിതവേഗമെന്ന് പോലീസ്. വാഹനങ്ങളില്‍ ചീറിപ്പായുന്നവരെ പിടികൂടി കര്‍ശനമായ ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കാനുള്ള നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്. ക്യാമറാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടാണ് പോലീസ് ഇതിനായിറങ്ങുന്നത്. ഇരുചക്രവാഹനങ്ങളിലെ സാഹസികയാത്രകള്‍ അപകടനിരക്ക് കൂട്ടിയതായി പോലീസ് ചൂണ്ടിക്കാട്ടുന്നു.


ബൈക്കും ടെമ്പോവാനും കൂട്ടിയിടിച്ച് കഴിഞ്ഞദിവസം രാത്രി ആലംകോടിനു സമീപം കൊച്ചുവിളയില്‍ മൂന്നുപേര്‍ മരിച്ചു. വക്കം കായല്‍വാരം സി.വി. ഹൗസില്‍ അല്‍നദീഷ് (23), വക്കം കായല്‍വാരം അന്നവിളവീട്ടില്‍ രാജ്കുമാര്‍ (23), തിരുനെല്‍വേലി സ്വദേശി ബാലസുബ്രഹ്മണ്യം (30) എന്നിവരാണ് മരിച്ചത്. അല്‍നദീഷും രാജ്കുമാറും ബൈക്ക് യാത്രക്കാരായിരുന്നു. ബാലസുബ്രഹ്മണ്യം ടെമ്പോവാനിലെ യാത്രക്കാരനായിരുന്നു. ബൈക്ക് ടെമ്പോവാനിലിടിച്ചതിനെത്തുടര്‍ന്ന് വാന്‍ റോഡില്‍ മറിഞ്ഞു. ഇതാണ് ബാലസുബ്രഹ്മണ്യത്തിന്റെ ജീവനെടുത്തത്. ജൂലായ് 20 ന് രാത്രി ആറ്റിങ്ങല്‍-വെഞ്ഞാറമൂട് റോഡില്‍ പൂവണത്തിന്‍മൂട് ജങ്ഷനുസമീപം ബൈക്ക് സ്വകാര്യ ബസിലിടിച്ച് ബൈക്ക് യാത്രക്കാരായ ആലംകോട് സ്വദേശി ശ്രീജിത്ത് (27), മേലാറ്റിങ്ങല്‍ സ്വദേശി സുനില്‍കുമാര്‍ (39) എന്നിവര്‍ മരിച്ചു. ബൈക്കപകടങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് പോലീസ് ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയത്.

100 സി.സി.ക്ക് മുകളിലുള്ള ബൈക്കുകളുമായി റോഡിലിറങ്ങുന്ന ചെറുപ്പക്കാര്‍ പലപ്പോഴും ഭീകരാന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് ഡിവൈ.എസ്.പി. ആര്‍. പ്രതാപന്‍നായര്‍ പറയുന്നു. അപകടകരമായ ചില അഭ്യാസങ്ങളും ഇവര്‍ കാണിക്കുന്നുണ്ട്. രാത്രിയില്‍ ബൈക്ക് വേഗത്തിലോടിക്കും. പിന്നിലിരിക്കുന്നയാള്‍ ബൈക്കിന്റെ മിഡില്‍ സ്റ്റാന്റ് ചവിട്ടിതാഴ്ത്തും. സ്റ്റാന്റ് റോഡിലുരസുമ്പോള്‍ ബൈക്കിന്റെ ഇരുവശത്തുനിന്നും തീപ്പൊരി ചിതറും. ഇത്തരം അഭ്യാസം കാണിക്കുന്നവര്‍ നിരത്തുകളില്‍ ഇപ്പോള്‍ ധാരാളമുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്.

അതിവേഗത്തില്‍ ബൈക്ക് ഓടിക്കുന്നവരെ ഇപ്പോള്‍ പോലീസ് പിന്തുടരാറില്ലെന്ന് ഡിവൈ.എസ്.പി. പറയുന്നു പോലീസ് പിന്തുടര്‍ന്നാല്‍ ഇത്തരക്കാര്‍ വേഗം കൂട്ടുന്നത് അപകടത്തിനിടയാക്കും.അതുകൊണ്ടാണ് ക്യാമറക്കണ്ണുകളിലൂടെ ഇവരെ കുടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുള്ളത്. വാഹനത്തിന്റെ ആര്‍.സി. ഉടമസ്ഥനാവും ഇതില്‍ കുടുങ്ങുക.

റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ കൂടാതെ ക്യാമറകളുമായി േപാലീസുകാര്‍ റോഡിലുണ്ടാവും. മരണപ്പാച്ചില്‍ ഇതില്‍ റെക്കോഡ് ചെയ്തശേഷമാവും നടപടി തുടങ്ങുക. അതിവേഗം പായുന്ന വാഹനങ്ങളെക്കുറിച്ച് നാട്ടുകാര്‍ വിവരം നല്‍കിയാല്‍ ആ വാഹനങ്ങള്‍ കണ്ടെത്തി അവയുടെ യാത്ര ചിത്രീകരിച്ച് നടപടിയെടുക്കാനും പോലീസ് ഒരുങ്ങുന്നുണ്ട്. ഇരുചക്രവാഹനത്തിന്റെ അതിവേഗം അപകടത്തിനിടയാക്കിയാല്‍ ഓടിക്കുന്നയാളെ പ്രതിയാക്കി കേസെടുക്കും.

ഇരുചക്രവാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന രീതികളില്‍നിന്ന് മാറ്റം വരുത്തി ഉപയോഗിക്കുന്നവരെ കര്‍ശനമായി പിടികൂടും. ബോധവത്കരണപരിപാടികളിലൂടെ അപകടം കുറയ്കാനുള്ള ശ്രമം നടത്തുമെന്ന് പോലീസ് പറഞ്ഞു.

ഇതിന് രക്ഷിതാക്കളുടെ പൂര്‍ണസഹകരണം വേണമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടികള്‍ക്ക് ബൈക്ക് വാങ്ങിനല്‍കുമ്പോള്‍ അവരുടെ ആവശ്യങ്ങളും നന്നായി മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂട്ടായ പരിശ്രമത്തിലൂടെ അപകടം കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

No comments:

Post a Comment

Contact Form

Name

Email *

Message *