ആന്‍ഡ്രോയ്ഡിനോട് നോക്കിയ വിടവാങ്ങുന്ന കാര്യം മൈക്രോസോഫ്റ്റ് അടുത്തയിടെയാണ് പ്രഖ്യാപിച്ചത്. വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലോടുന്ന നോക്കിയ ലൂമിയ ഫോണുകള്‍ക്കാകും ഇനി ഊന്നല്‍ എന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, അതുകൊണ്ട് മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഫോണ്‍ തന്ത്രങ്ങള്‍ അവസാനിക്കുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട്, വെറും 25 ഡോളര്‍ (ഏതാണ്ട് 1500 രൂപ) വിലയുള്ള മൊബൈല്‍ ഫോണ്‍ മോഡല്‍ കമ്പനി അവതരിപ്പിച്ചു. പേര് : 'നോക്കിയ 130' ( Nokia 130 ).
ഒറ്റ സിം, ഇരട്ട സിം മോഡലുകളിലെത്തുന്ന നോക്കിയ 130, പ്രാഥമികമായി ആഫ്രിക്കന്‍, ഏഷ്യന്‍ മേഖലകളെ ലക്ഷ്യംവെച്ചാണ് പുറത്തിറക്കുന്നത്. നോക്കിയയുടെ ഹാന്റ്‌സെറ്റ് യൂണിറ്റ് മൈക്രോസോഫ്റ്റ് ഏറ്റെടുത്ത ശേഷം പുറത്തുവരുന്ന ഏറ്റവും വിലകുറഞ്ഞ ഫോണാണിത്.
മൊബൈലിലൂടെ ഇന്റര്‍നെറ്റും ഓണ്‍ലൈന്‍ സര്‍വീസുകളും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതല്ല നോക്കിയ 130. ഇതില്‍ ഇന്റര്‍നെറ്റ് കിട്ടില്ല. എന്നാല്‍ വീഡിയോ കാണാം, മ്യൂസിക് ആസ്വദിക്കാം. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 46 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്കും, 16 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും ഫോണില്‍ കഴിയുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.
32 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാവുന്ന ഫോണാണ് നോക്കിയ 130. മ്യൂസിക്കും വീഡിയോകളും എസ്ഡി കാര്‍ഡില്‍ ഫോണില്‍തന്നെ സൂക്ഷിക്കാം. വീഡിയോ കാണാന്‍ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ ഫോണാണ് ഇതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.
മാത്രമല്ല, എഫ്എം റേഡിയോ സൗകര്യവും ഉണ്ട്. ഫ് ളാഷ്‌ലൈറ്റ്, 1.8 എല്‍സിഡി ഡിസ്‌പ്ലേ എന്നിവയുമുണ്ട്.
വികസ്വര രാഷ്ട്രങ്ങളിലെ സാധാരണക്കാരായ മൊബൈല്‍ ഉപയോക്താക്കളെ മുന്നില്‍ കണ്ടാണ് ഫോണ്‍ രംഗത്തെത്തിക്കുന്നത്. 'ഇത്തരം കസ്റ്റമര്‍മാരിലേക്കെത്താന്‍ മൈക്രോസോഫ്റ്റിന് മറ്റേതെങ്കിലും പദ്ധതിയില്ല', മൈക്രോസോഫ്റ്റിലെ ജോ ഹാര്‍ലോ പറഞ്ഞു. ഇതുവഴി, മൈക്രോസോഫ്റ്റ് ഇക്കോസ്റ്റത്തില്‍ ഈ ഉപയോക്താക്കളെയും ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് ഹാര്‍ലോ ചൂണ്ടിക്കാട്ടി.
ആന്‍ഡ്രോയ്ഡിലോടുന്ന വിലകുറഞ്ഞ നോക്കിയ എക്‌സ് പരമ്പര അവസാനിപ്പിക്കുന്ന കാര്യം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ട് അധിക സമയമായിട്ടില്ല. അതിന് പകരമാണ് പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.
ചൈന, ഈജിപ്ത്, ഇന്ത്യ, ഇന്‍ഡൊനീഷ്യ, കെനിയ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നിവിടങ്ങളിലാകും ഫോണ്‍ ആദ്യം വില്‍പ്പനയ്‌ക്കെത്തുക. പക്ഷേ, നോക്കിയ 130 എന്ന് വില്‍പ്പനയ്‌ക്കെത്തുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല.
No comments:
Post a Comment